മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പോരാട്ടം തുടരും: സത്യന് മൊകേരി
കോഴിക്കോട്: രാജ്യത്തെ കര്‍ഷകരെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് സത്യന് മൊകേരി പറഞ്ഞു. ഡല്‍ഹി കര്‍ഷക പ്രക്ഷോഭ ഓര്മ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 148 കോടി ജനങ്ങളില്‍ 61 ശതമാനം(85കോടി) ജനങ്ങള്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരാണ്. അവരുടെ മേഖല തകര്‍ക്കാന്‍ മോദി ശ്രമിച്ചപ്പോഴാണ് ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കര്‍ഷകപ്രക്ഷോഭത്തിലേക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. 700ലധികം കര്‍ഷകരാണ് സമരമുഖത്ത് മരിച്ച് വീണത്.
റോഡുകളടച്ചും ലാത്തിചാര്‍ജ് ഉള്‍പ്പെടെയുള്ള മര്ദനമുറകളഴിച്ചുവിട്ടും സമര വാഹനങ്ങള്‍ തകര്‍ത്തും കള്ളക്കേസെടുത്തുംകേന്ദ്ര സര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ നോക്കി. എന്നാല്‍ അവസാനം മോദിക്ക് കര്‍ഷകരുടെ മുമ്പില്‍ മോദി മുട്ടുമടക്കേണ്ടി വന്നു.
മാപ്പ് പറയേണ്ടിവന്നു. യുവസമൂഹം രംഗം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്തപ്പോള്‍ സമരിത്തിനിറങ്ങി. അവര്‍ക്കുമുമ്പിലും മോദിക്ക് മുട്ടുമടക്കേണ്ടിവന്നു.ഇന്ത്യന്‍ കമ്പോളം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മോദി തുറന്നു കൊടുക്കുകയാണ്. മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തിരിക്കുകയാണ.് അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഫിക്കിയുടെ യോഗത്തിലെ മോദിയുടെ പ്രസംഗം. കോര്‍പ്പറേറ്റുകള്‍, കര്‍ഷകന്റെ ഭൂമി തട്ടിയെടുക്കാന്‍ അവസരം നല്കിയാല് വീണ്ടും ശക്തമായ സമരം ആരംഭിക്കും. കര്‍ഷകര്‍ക്ക് എതിരായ ഇറക്കുമതി നയം തിരുത്തണം.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പുവരുത്തണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ എം.എല്‍.എ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു. കെ.പി അനില്‍കുമാര്‍, സിപി അബ്ദുറഹ്മാന്, പി വിശ്വന് മാസ്റ്റര്‍, തൂണേരി ശങ്കരന്, കെ സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
