ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25% വരെ നികുതി ചുമത്താനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോകുകയാണ്. ഇക്കാര്യത്തില്‍ അമേരിക്കയോട് ശക്തമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് അഭിപ്രായമുയരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ നികുതിനയം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാണ്. നികുതി നയവും, യുദ്ധനയവുമെല്ലാം ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ത്യ-റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്ക, റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നതും കാണുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് അമേരിക്കയുടെ ഇരട്ടതാപ്പാണ്. ഇന്ത്യക്കെതിരായ നികുതി നടപടികള്‍, ഇന്ത്യന്‍ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. യു എസ് പ്രസിഡണ്ട് ട്രംപും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും 2025 ഫെബ്രുവരിയിലാണ് വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ചര്‍ച്ച ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. അമേരിക്ക നിര്‍ദ്ദേശിച്ച പലകാര്യങ്ങളിലും ഇന്ത്യ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. എന്നാല്‍ പലവിധ നികുതികള്‍ അടിച്ചേല്‍പ്പിച്ച് അമേരിക്ക ഇന്ത്യയെ ശ്വാസംമുട്ടിക്കുകയാണ്. നിര്‍ബന്ധിത തൊഴിലിന്റെ പേരിലുള്ള 10% നികുതി, യു.എസ് സുപ്രീംകോടതി എടുത്തുക്കളഞ്ഞപ്പോള്‍ ചുമത്തിയ 10% തീരുവ ഇതിനുദാഹരണങ്ങളാണ്. യു എസിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യക്ക് തീരുവ കുറയ്ക്കണമെന്ന ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ഇപ്പോള്‍ 25% വരെ തീരുവ ചുമത്താനുള്ള നടപടികള്‍ തുടരുകയാണ്.
അമേരിക്കന്‍ ആഭ്യന്തര വിപണിക്ക് ആവശ്യമുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് യു എസ് മാര്‍ക്കറ്റിലേക്കെത്തുമ്പോള്‍ ഇത് യു എസ് വ്യാപാര രംഗത്തിന് തിരിച്ചടിയാവുന്നുവെന്നതാണ് അധിക തീരുവ ചുമത്തുന്നതിന് അമേരിക്ക പറയുന്ന വാദഗതി. അമേരിക്കയുമായി വലിയ വിട്ടുവീഴ്ചകള്‍ വ്യാപാര രംഗത്ത് അനുവര്‍ത്തിച്ചിട്ടും, ദ്രോഹ നടപടികളാണ് അമേരിക്ക കൈക്കൊള്ളുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ യുക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
