ഇന്ത്യയുടെ ഭാവിക്കായി മതേതര, ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉയര്‍ന്നുവരണം: ഐ.എന്‍.എല്‍ ദേശീയ സെമിനാര്‍

ഇന്ത്യയുടെ ഭാവിക്കായി മതേതര, ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉയര്‍ന്നുവരണം: ഐ.എന്‍.എല്‍ ദേശീയ സെമിനാര്‍

രാജ്യം ഇന്ന് നിര്‍ണായകമായ ഒരു ദിശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാന നഗരിയിലും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും ഭാവിയില്‍ എത്രത്തോളം സുരക്ഷിതമായിരിക്കും എന്ന ഗൗരവകരമായ ആശങ്കയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഈ ആശങ്ക അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീയുവാക്കളിലും ശക്തമായി നിലനില്‍ക്കുന്നു.

ഈ നിര്‍ണായക സാഹചര്യത്തിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) ദേശീയ കമ്മിറ്റി ‘
‘Future India’ ‘ എന്ന തലക്കെട്ടില്‍ ഡല്‍ഹിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ, സോഷ്യലിസ്റ്റ്, മതേതര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും വിവിധ സാമൂഹിക സംഘടനകളുടെ നേതാക്കളും പങ്കെടുത്ത സെമിനാര്‍, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ രാഷ്ട്രീയ സംവാദത്തിന് വേദിയായി.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുന്‍ കേന്ദ്രമന്ത്രിമാരായ മണിശങ്കര്‍ അയ്യര്‍, സി.എം. ഇബ്രാഹിം തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും വിവിധ സാമൂഹിക, രാഷ്ട്രീയ, ന്യൂനപക്ഷ സംഘടനകളുടെ നേതാക്കളുടെ പങ്കാളിത്തവും സെമിനാറിന് വലിയ പ്രാധാന്യം നല്‍കി.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ വളര്‍ന്നുവരുന്ന യുവതലമുറയിലാണ്. മതസ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ ജനാധിപത്യപരവും പുരോഗമനപരവുമായ ചിന്തകള്‍ യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ആ യുവതലമുറയുടെ ആശങ്കകളും പ്രതീക്ഷകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘ഫ്യൂച്ചര്‍ ഇന്ത്യ’ എന്ന വിഷയത്തെ സെമിനാര്‍ അഭിസംബോധന ചെയ്തത്.

രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഏതാനും കോര്‍പ്പറേറ്റ് ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമാകുന്ന അപകടകരമായ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും ഭരണസംവിധാനങ്ങളും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി മാറുന്ന പ്രവണത ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വലിയ വെല്ലുവിളിയാണ്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും നേരിടുന്ന യുവതലമുറയുടെ ഭാവിയും വരാനിരിക്കുന്ന തലമുറകളുടെ ജീവിതസുരക്ഷയും മുന്‍നിര്‍ത്തി ഈ പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇതിനായി പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, മതന്യൂനപക്ഷങ്ങള്‍, സോഷ്യലിസ്റ്റുകള്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, മതേതര ജനാധിപത്യ വിശ്വാസികള്‍ എന്നിവരെല്ലാം ഒന്നിച്ചുനില്‍ക്കുന്ന വിശാലമായ ഐക്യനിര രാജ്യത്ത് രൂപപ്പെടണം. അതിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആശയമാണ് സെമിനാറില്‍ ശക്തമായി ഉയര്‍ന്നുവന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രിപദം ജ്യോതി ബസുവിനെ തേടിയെത്തിയ ചരിത്രപരമായ സന്ദര്‍ഭം ഇടതുപക്ഷം സ്വീകരിക്കാതിരുന്നത് വലിയ രാഷ്ട്രീയ നഷ്ടമായിരുന്നുവെന്നും അന്ന് ജ്യോതി ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം മറ്റൊരു ദിശയിലേക്ക് നീങ്ങുമായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ലഭിക്കുന്ന രാഷ്ട്രീയ അവസരങ്ങള്‍ രാജ്യത്തിന്റെ വിശാലമായ ജനാധിപത്യ താല്‍പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ഇടതുപക്ഷ നേതൃത്വം തയ്യാറാകണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനവും ഏറെ പ്രസക്തമാണ്.

രാജ്യത്തെ രക്ഷിക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനും പിന്നാക്ക, ദളിത്, ന്യൂനപക്ഷ, ഇടതുപക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിന് മാത്രമേ കഴിയൂ എന്ന സന്ദേശമാണ് സെമിനാറില്‍ ഉയര്‍ന്നുവന്നത്.

ഐ.എന്‍.എല്‍ മുന്നോട്ടുവയ്ക്കുന്നതും ഈ വിശാലമായ ഐക്യരാഷ്ട്രീയത്തിന്റെ ആശയമാണ്. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് പകരം ചേര്‍ത്തുനിര്‍ത്തലിന്റെയും സാഹോദര്യത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും പുരോഗമന, സോഷ്യലിസ്റ്റ്, ഇടതുപക്ഷ, മതേതര ശക്തികളെയും ഒരേ വേദിയില്‍ അണിനിരത്തി പുതിയൊരു ജനാധിപത്യ മുന്നേറ്റത്തിന് നേതൃത്വം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

‘എൗൗേൃല കിറശമ’ സെമിനാറിലൂടെ ഈ വലിയ രാഷ്ട്രീയ സന്ദേശം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റിക്ക് ഏറെ അഭിമാനിക്കാം. ഇത് കേവലം ഒരു സെമിനാറിന്റെ വിജയമല്ല; ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ ഭാവിക്കായി പുതിയ ഐക്യരാഷ്ട്രീയത്തിന് തുടക്കം കുറിക്കാനുള്ള ആഹ്വാനം കൂടിയാണ്.

ഭിന്നിപ്പിന്റെ രാഷ്ട്രീയമല്ല, ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി. അതാണ് പ്യൂച്ചര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷയും സന്ദേശവും.

 

 

ഇന്ത്യയുടെ ഭാവിക്കായി മതേതര, ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉയര്‍ന്നുവരണം: ഐ.എന്‍.എല്‍ ദേശീയ സെമിനാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *