തളിപ്പറമ്പ്: കേരള ബാങ്കില്‍ നിന്ന് വീട് നിര്‍മ്മാണത്തിനായി വായ്പയെടുക്കുകയും, തിരിച്ചടക്കാനാവാതെ വന്നപ്പോള്‍ ബാങ്ക് ജപ്തി ചെയ്യുകയും ചെയ്ത വീട്, തിരിച്ച് പിടിച്ച് നല്കി എം.എ.യൂസഫലി. അശ്വതിയുടെ കദന കഥ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ യൂസഫലി, ലോണ്‍ കുടിശ്ശിഖയായ 22 ക്ഷം രൂപ തിരിച്ചടച്ചാണ് ആ കുടുംബത്തിന്റെ കണ്ണീരൊപ്പിയത്. 4 മാസം മുന്‍പ് വീട് ജപ്തി ചെയ്തതിന് ശേഷം അതേ വീടിന്റെ വര്ക്ക്ഏരിയയിലായിരുന്നു അശ്വതിയും കുടുംബവും കഴിഞ്ഞിരുന്നത്. അശ്വതി മുന്‍ സംസ്ഥാന ത്രോബോള്‍ താരമാണ്. ഭര്‍ത്താവിന്റെ അസുഖ ബാധിതരായ മാതാപിതാക്കള്‍, പിഞ്ചുകുട്ടികള്‍ എന്നിവരോടൊപ്പം ജീവിത വഴിത്താരയില്‍ പകച്ചു നിന്നപ്പോഴാണ് സാന്ത്വനം പകര്‍ന്ന് എം.എ.യൂസഫലി എത്തിയത്. അദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒട്ടനവധി നല്ല അനുഭവങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രവാസി ജീവിതത്തില്‍ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും സത്യസന്ധതയും മുറുകെപിടിച്ച് മുന്നേറിയ കര്‍മ്മയോഗിയാണ് എം.എ.യൂസഫലി. അദ്ദേഹം മലയാളികള്‍ക്കിന്ന് അഭിമാനമാണ്. കേരളത്തിലെ പട്ടണങ്ങള്‍ക്ക് വികസന ചിറകുകളേകി നിരവധി ഷോപ്പിംങ് മാളുകളാണ് അദ്ദേഹം പടുത്തുയര്‍ത്തിയിട്ടുള്ളത്. ചിലത് നിര്‍മ്മാണത്തിലിരിക്കുകയാണ്. എം.എ.യൂസഫലി മലയാളിയുടെ ആഗോള ബ്രാന്റാണ്. പതിനായിരക്കണക്കിന് പേര്‍ക്കാണ് അദ്ദേഹം തൊഴില്‍ നല്‍കിയത്. വാക്കുകള്‍ക്കും, വിവരണങ്ങള്ക്കുമതീതമാണ് ആ മനുഷ്യ സ്നേഹിയുടെ സാമൂഹിക ഇടപെടല്‍.
