ബിഗ് സല്യൂട്ട് റോണോ

ബിഗ് സല്യൂട്ട് റോണോ

                ലോക ഫുട്‌ബോള്‍ ഇതിഹാസം, രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച വാര്‍ത്തയാണ് ഇന്നലെ ലോകം ശ്രവിച്ചത്. ആരാധകരെ വിഷമത്തിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു അത്. റോണോ പന്ത് തട്ടുമ്പോള്‍, പന്തുമായി എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുമ്പോള്‍, ഗോള്‍ പോസ്റ്റ് കുലുക്കുമ്പോള്‍ എല്ലാം ത്രസിച്ചിരുന്ന ആരാധകരുടെ ഹൃദയ താളങ്ങള്‍ക്കാണ് നൊമ്പരമുണ്ടാക്കുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും ഫുട്‌ബോള്‍ കളത്തില്‍ നിറഞ്ഞാടുമെന്ന ക്രിസ്റ്റിയാനോയുടെ പ്രഖ്യാപനത്തില്‍ നമുക്കാനന്ദം കണ്ടെത്താം. ലോകത്തെ ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശമുണര്‍ത്തി, ആരാധകരെ സൃഷ്ടിച്ച മഹാ മാന്ത്രികനാണ് ക്രിസ്റ്റ്യാനോ. യൂറോപ്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസമില്ലാതിരുന്ന പോര്‍ച്ചുഗലിന് വേണ്ടി 2003ല്‍ 18-ാം വയസ്സിലാണ് റോണോ ബൂട്ടണിയുന്നത്. നീണ്ട 23 വര്‍ഷം ദേശീയ ടീമിനുവേണ്ടി പടക്കളത്തിലിറങ്ങി, ടീമിനെ നയിക്കുകയും ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഫുട്‌ബോളിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്താണ് പോര്‍ച്ചുഗലിന്റെ 7-ാം നമ്പര്‍ ജഴ്‌സി താരം അഴിച്ചു മാറുന്നത്. ടീമിനു വേണ്ടി കളിച്ച 234 മത്സരങ്ങളില്‍ 146 ഗോളുകളാണ് ആ മാന്ത്രികനില്‍ നിന്ന് പിറന്നത്. പല ഗോളുകളും അതീവ സുന്ദരമായിരുന്നു. ഒരു ഫുട്‌ബോള്‍ പ്രേമിക്ക് ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ്വ ഗോളുകള്‍ ആ കാലുകളില്‍ നിന്ന് പിറന്നുവീണു. അതെല്ലാം കണ്ട് ഫുട്‌ബോള്‍ ഗാലറികളും, ലോകമെമ്പാടുമുള്ള ആരാധകരുടെയും മനം നിറഞ്ഞു. പോര്‍ച്ചുഗല്‍ എന്ന രാജ്യത്തിനായി, തന്റെ  കരിയര്‍ സമര്‍പ്പിച്ച താരം പോര്‍ച്ചുഗലിനായി നേടാവുന്ന നേട്ടങ്ങളെല്ലാം കൊയ്‌തെടുത്ത് സമ്മാനിച്ചു.
5 ബലോന്‍ ദ ഓര്‍ പുരസ്‌ക്കാരങ്ങള്‍, 6 ലോക കപ്പുകളില്‍ ഗോള്‍ നേടുന്ന ഏക താരം, ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍, എറ്റവുമധികം ഗോളുകള്‍ ഇങ്ങനെ പകരം വെക്കാനില്ലാത്ത നേട്ടമാണ് ഈ ഫുട്‌ബോള്‍ രാജകുമാരന്‍ രാജ്യത്തിനായി സമ്മാനിച്ചത്.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിനോട് പടവെട്ടിയാണ് റോണോ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. ഫുട്‌ബോളിനെ പ്രണയിച്ചയാളായിരുന്നു റോണോ. തന്റെ കര്‍മ്മ പഥത്തില്‍ ആണ്ടിറങ്ങിയ അദ്ദേഹം അവിടെ നിന്നും മുത്തുകളും രത്‌നങ്ങളും വാരിയെടുത്ത് പോര്‍ച്ചുഗലിന് സമ്മാനിച്ചു.
ലോകമെങ്ങും ആരാധകര്‍ ഈ കളിക്കാരനെ സ്‌നേഹിച്ചു. നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ സാഹസികനായ ഈ ഫുട്‌ബോള്‍ താരം ഇങ്ങ് നമ്മുടെ കേരളത്തിലും ആരാധകരെ പുളകിതരാക്കി. കഴിഞ്ഞ ലോക കപ്പില്‍, റൊണാള്‍ഡോയുടെ കട്ടൗട്ടുകള്‍ തലയുയര്‍ത്തി നില്‍ക്കാത്ത കേരളീയ ഗ്രാമങ്ങളില്ല. യുവാക്കളും, കുട്ടികളും റോണോയില്‍ തങ്ങളുടെ വിജയ നായകനെ കണ്ടു. റോണോയുടെ ചിത്രമടങ്ങിയ ജഴ്‌സികള്‍ നമ്മുടെ യുവതലമുറ വാരിപുണര്‍ന്നു. റോണോ എന്ന ഇതിഹാസത്തിന്റെ ജീവിത കഥ അത്രമേല്‍ ആവേശമായിരുന്നു. ഫുട്‌ബോള്‍ കളത്തില്‍ പന്ത് ലക്ഷ്യം തെറ്റാതെ ഗോള്‍ വലയിലാക്കിയ അനിതര സാധാരണമായ പ്രതിഭയായിരുന്നു അദ്ദേഹം. തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് റോണോയുടെ വിരമിക്കല്‍ പ്രഖ്യാപനം. ദേശീയ ടീം നേതൃത്വവുമായി ഉണ്ടായ ഉരസലുകള്‍ വാര്‍ത്തയായിരുന്നു. ആ മഹാ പ്രതിഭയുടെ പാദ ചലനങ്ങള്‍ അടുത്ത ലോക കപ്പിലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ദേശീയ ടീമില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ ഒരുപക്ഷേ റോണോയുടെ മനസ്സ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.
 ലോക ഫുട്‌ബോളിലെ ഇതിഹാസമായ മെസ്സിയുടെ വിടവാങ്ങലും ലോകം വേദനയോടെയാണ് ശ്രവിച്ചത്. റോണോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും ഫുട്‌ബോള്‍ മൈതാനത്ത് ഇന്ദ്രജാലം തുടരുമെന്ന് ആരാധകര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രിയ റോണോ എങ്ങനെ നന്ദി പറയണമെന്നറിയില്ല, ചരിത്രമെഴുതിയ ജീവിതം, മാന്ത്രികത സൃഷ്ടിച്ച ഫുട്‌ബോള്‍ മൈതാനം ഒന്നും ഒരിക്കലും മറക്കില്ല. റോണോ, പ്രിയ സി ആര്‍ 7, ഒരായിരം സ്‌നേഹാഭിവാദ്യങ്ങള്‍.

ബിഗ് സല്യൂട്ട് റോണോ

Share

Leave a Reply

Your email address will not be published. Required fields are marked *