പരിഷ്‌കൃത സമൂഹം ഏറ്റവുമധികം വെറുക്കുന്ന ഒന്നാണ് യുദ്ധം. ഒന്നും,രണ്ടും ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് ലോക ജനത. ഇന്നും അതിന്റെയെല്ലാം വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ലോക ചരിത്രത്തില്‍ മായാതെ കിടക്കുന്നുണ്ട്. കോളനി വല്‍ക്കരണത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ഇത്തരം യുദ്ധങ്ങള്‍ മാനവരാശിക്കുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ്.
മനുഷ്യ ചരിത്രത്തില്‍ ഫ്യൂഡലിസത്തിന്റെയും. മുതലാളിത്തത്തിന്റെയും കാലത്താണ് യുദ്ധങ്ങള്‍ ഉല്‍ഭവിക്കപ്പെട്ടത്. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധം പിന്നീട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളായി ചരിത്രം വഴിമാറി. അവിടെയെല്ലാം ബലികഴിക്കപ്പെട്ടത് നിരപരാധികളുടെ ജീവിതമായിരുന്നു. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത കുട്ടികള്‍, വീട്ടമ്മമാര്‍, നിപരാധികള്‍ ഉള്‍പ്പെടെ ജനലക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടത്. ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തിന് ശേഷം ഏകാധിപതികളായ ഭരണാധികാരികളുടെ യുദ്ധവെറിക്ക് വിലങ്ങ് വീണെങ്കിലും, അത് പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് വര്‍ത്തമാനകാലത്തെ ട്രംപിന്റെയും നെതന്യാഹുവിന്റെയും നടപടികള്‍. ട്രംപിന്റെയും നെതന്യാഹുവിന്റെയും കൂട്ടുകെട്ടാണ് ഗാസയിലും, ഇറാനിലും മനുഷ്യക്കുരുതിയ്ക്കിടയാക്കിയത്. ഗാസയില്‍ ആയിരക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. ആ പ്രദേശം നശിപ്പിക്കുന്നതാണ്പിന്നീട് നടന്നത്. ഇതെല്ലാം നടക്കുമ്പോള്‍ അറബ് രാജ്യങ്ങളില്‍ (ഖത്തര്‍ ഒഴികെ) എല്ലാവരും കാഴ്ചക്കാരായി നോക്കി നിന്നു. ഗാസയിലെ കുരുതിക്ക് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു നേരെ തിരിഞ്ഞത് ഇറാനിലേക്കാണ്. യുദ്ധവെറിയന്മാരായ ഈ ഭരണാധികാരികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാന്‍ ലോകത്ത് ഇന്നൊരു കമ്യൂണിസ്റ്റ് റഷ്യ ഇല്ലാത്തതിന്റെ ദുരന്തമാണ് ലോകം പേറുന്നത്. മുതലാളിത്തത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും അപ്പോസ്തലന്മാരായ അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഒരു മറു ചേരിയായിരുന്നു റഷ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ലോകം. കമ്യൂണിസത്തിന്റെ ചരമ ഗീതം തകര്‍ക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ മൂക്കിന് താഴെ ചെറുത്ത് നില്‍പ്പിന്റെ അടയാളമായ ക്യൂബ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ലോകത്ത് പ്രതിരോധത്തിന്റെ ശക്തികള്‍ തകര്‍ന്നിട്ടില്ലെന്ന് സമാധാന വിശ്വാസികള്‍ക്കാശ്വസിക്കാം. കമ്യൂണിസ്റ്റ് ചൈനയും, വിയറ്റ്‌നാമും, ഉള്‍പ്പെടെയുള്ള രാജ്യങ്ങളുംപ്രതീക്ഷയുടെ കിരണങ്ങളാണ്. സമീപകാലത്ത്, ലോകത്തെ പല രാജ്യങ്ങളിലും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ ലോകത്തെ വലിയ വിഭാഗം ജനങ്ങളും സമാധാനം കാംക്ഷിക്കുന്നു എന്ന് തെളിയിക്കപ്പെടുകയാണ്. മതവും, വംശീയതയും, കൊളോണിയല്‍ മോഹങ്ങളുമെല്ലാം യുദ്ധങ്ങളുടെ അടിസ്ഥാനമാണ്. അതുകൊണ്ട്തന്നെ അമേരിക്കയിലെയും, ഇസ്രയേലിലെയും ജനങ്ങള്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു എന്നതിന് ദൃഷ്ടാന്തമാണീ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇന്ത്യയിലും വോട്ടവകാശത്തിനും, വോട്ട് മോഷണത്തിനും, ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പോരില്‍ തമ്മില്‍ തല്ലിക്കുന്നതിനെതിരെയും ജനങ്ങള്‍ തെരുവിലാണ്
. സമാധാനപൂര്‍ണ്ണമായ ഒരു ലോകക്രമത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കട്ടെ. സമാധാന സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ ഒരു ലോക ക്രമം പുലരട്ടെ എന്നാശിക്കാം.
