‘ഒടുവിലത്തെ ആകാശവും കഴിഞ്ഞ്’ പുസ്തക ചര്‍ച്ച നടത്തി

‘ഒടുവിലത്തെ ആകാശവും കഴിഞ്ഞ്’ പുസ്തക ചര്‍ച്ച നടത്തി

കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി പ്രഭാഷണ പരമ്പരയോടനുബന്ധിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ രചിച്ച ‘ഒടുവിലത്തെ ആകാശവും കഴിഞ്ഞ്’ (നിരൂപണ ഗ്രന്ഥം) പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ചടങ്ങില്‍ വില്‍സണ്‍ സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. പുസ്തകത്തെ അധികരിച്ച് പ്രൊഫ.ബിന്ദു ആമാട്ട്, ശാന്തി വിജയന്‍, മധുസൂദനന്‍.വി, ബൈജു ലൈല രാജ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥ കര്‍ത്താവ് രാഹുല്‍ രാധാകൃഷ്ണന്‍ രചനാനുഭവം പങ്കുവെച്ചു. ഹരീന്ദ്രനാഥ്.എ.എസ് മോഡറേറ്ററായിരുന്നു. മോഹനന്‍ പുതിയോട്ടില്‍, ശ്രീമതി മഞ്ജു എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ.എന്‍.എം.സണ്ണി സ്വാഗതവും, റോയ് കാരാത്ര നന്ദിയും പറഞ്ഞു.

നോവലുകളിലെ ചരിത്ര വിശകലനമാണ് ഈ പുസ്തകം വിശകലനം ചെയ്യുന്നതെന്ന് ബിജു ആമാട്ട് പറഞ്ഞു. ചരിത്രത്തില്‍ കാണാതെ പോകുന്നവ നോവലുകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജനതയുടെ പാലായനം ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പാലായനത്തിലൂടെ ഭാഷ നഷ്ടപ്പെടുന്നവരുടെ വ്യഥ കൂടി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയില്‍ നടന്ന ആന്തരിക കുടിയേറ്റം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മൈഗ്രേഷന്‍ ഇന്‍ ഇന്ത്യ എന്നത് ചര്‍ച്ച ചെയ്യപ്പെടുന്ന നോവലുകള്‍ നമുക്കുണ്ട്. സുനില്‍ ഗംഗോപാധ്യായയുടെ ഈസ്റ്റ് വെസ്റ്റ്, ഗോപാലകൃഷ്ണ പൈയുടെ സ്വപ്‌ന സാരത എന്ന നോവല്‍ ഇത്തരം ഗണത്തില്‍ പെടുന്നവയാണ്. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് മതപരിവര്‍ത്തനം ഭയന്ന് സാരസ്വത ബ്രാഹ്‌മണര്‍ (കൊങ്കിണികള്‍) നടത്തിയ പാലായനം ഇതിലെ ഇതിവൃത്തമാണ്. ബര്‍മ്മയിലേക്കുള്ള കുടിയേറ്റം പ്രതിപാദിക്കുന്ന ദേവേന്ദ്രനാഥ് ആചാര്യയുടെ ജങ്കം (നോവല്‍) ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ നിന്ന് ആളുകളെ ബര്‍മ്മയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ബ്രിട്ടനും, ജപ്പാനും തമ്മിലുണ്ടായ യുദ്ധം അവിടെയത്തിയ ഇന്ത്യക്കാരുടെ മാനസിക സംഘര്‍ഷം, അവര്‍ക്ക് തിരിച്ച് ആസാമിലേക്ക് വരാനുള്ള ത്വര ഇതെല്ലാം നോവലിന്റെ പ്രമേയങ്ങളാണ്. അതുകൊണ്ടാണ് പാതയവസാനിച്ചിട്ടും അവസാനിക്കാത്ത യാത്രയാണ് പാലയാനമെന്ന് ഗ്രന്ഥകാരന്‍ രാഹുല്‍ രാധാകൃഷ്ണന്‍ നിരീക്ഷിക്കുന്നത്. മലേഷ്യയിലേക്കുള്ള തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്ന് നടന്ന കുടിയേറ്റം പി.സിങ്കാരം എഴുതിയ കടലിടുക്ക് അപ്പാള്‍ എന്ന നോവല്‍ പ്രമേയമാക്കുന്നുണ്ട്. മനുഷ്യര്‍ക്കിടയില്‍ മതവും, ജാതിയുമുണ്ടാക്കുന്ന സ്പര്‍ദ്ദ പല നോവലുകളിലും കാണാമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. പാലായനത്തില്‍ ഭാഷ നഷ്ടപ്പെടുമ്പോള്‍ സ്വത്വത്തിന് എന്ത് സംഭവിക്കുന്നുവെന്നും, പാലായനം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മയാണ് ഭൂപടമെന്നും ശാന്തി വിജയന്‍ പറഞ്ഞു. രണ്ട് ലോകങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്നവരുടെ ആത്മ സംഘര്‍ഷങ്ങള്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

ഒരു മനുഷ്യനെ ഒരു രാജ്യത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെങ്കിലും, ഓര്‍മ്മകളെയും, അനുഭവങ്ങളെയും ഇല്ലാതാക്കാന്‍ കഴിയാതിരിക്കുകയും അത് സാഹിത്യ രൂപമായി രൂപാന്തരം പ്രാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടല്‍വഴി ചരക്ക് മാത്രമല്ല മനുഷ്യരും, മതങ്ങളും, സംസ്‌കാരവും, ഭാഷയും കടത്തിവിടുന്നുണ്ട്. കുടിയേറ്റത്തിന്റെ ചരിത്രം കരയുടേത് മാത്രമല്ല, കടലിന്റേത് കൂടിയാണ്. പാലായനം മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതല്‍ ആരംഭിച്ചതാണ്. യൂറോപ്പില്‍ നിന്നാണെങ്കില്‍ എക്‌സ്പാര്‍ട്ട്‌സ് എന്നും മറ്റിടങ്ങളില്‍ നിന്നാണെങ്കില്‍ മൈഗ്രന്റ് എന്നും വിളിക്കുന്നു. വംശം എന്നത് പ്രകൃതിയുടെ നിര്‍മ്മിതിയല്ല. അത് കൊളോണിയല്‍ നിര്‍മ്മിതിയാണ്. രാഹുല്‍ രാധാകൃഷ്ണന്റെ പുസ്തകം മലയാളത്തിലിരുന്ന് ലോക സാഹിത്യത്തെ വായിക്കുന്നതാണെന്നവര്‍ പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും നമ്മള്‍ നിര്‍ഭയമായി പ്രഭാതത്തിലേക്കുണരുന്നവരാണെന്നും മധുസൂദനന്‍.വി പറഞ്ഞു. മലയാളിക്ക് പാലായനം അറിവ് മാത്രമാണ്. ആധുനിക രാഷ്ട്രങ്ങളുടെ സൃഷ്ടിയാണ് മനുഷ്യരുടെ പാലായനങ്ങള്‍. ചരിത്രം ചതിച്ചു വീഴ്ത്തിയവരുടെ ചരിത്രമാണ് പാലായനം ചെയ്യപ്പെടുന്നവരുടേത്.എന്നാല്‍ എവിടെ യുദ്ധമുണ്ടായാലും ഒരു കറുത്ത പെട്ടി നമ്മെ തിരഞ്ഞ് വരാറുണ്ട്. രാഹുല്‍ രാധാകൃഷ്ണന്റെ പുസ്തകം ഒരു പുതിയ നിരൂപണ ശൈലിയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

‘ഒടുവിലത്തെ ആകാശവും കഴിഞ്ഞ്’
പുസ്തക ചര്‍ച്ച നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *