ട്രംപിനേറ്റ തിരിച്ചടി ലോക സമാധാനത്തിന് കരുത്ത് പകരും (എഡിറ്റോറിയല്‍)

ട്രംപിനേറ്റ തിരിച്ചടി ലോക സമാധാനത്തിന് കരുത്ത് പകരും (എഡിറ്റോറിയല്‍)

              രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ ലോക സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. വിദേശ നയത്തിലടക്കം ട്രംപ് കൈകൊണ്ട നടപടി തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് അമേരിക്ക. യുഎസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ, ഡെമോക്രാറ്റിക് പാര്‍ട്ടി മലര്‍ത്തിയടിച്ചിരിക്കുകയാണ്. ജനപ്രതിനിധി സഭയിലും, സെനറ്റിലും ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണ് ലഭിച്ചത്. യുഎസ് കോണ്‍ഗ്രസ്സില്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റിലും 100 അംഗ സെനറ്റിലെ 35 സീറ്റിലുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അതുപോലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ മികച്ച മുന്നേറ്റം നടത്തി. ട്രംപിന്റെ നയതന്ത്രത്തിനേറ്റ തിരിച്ചടിയാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനുമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധം അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയാണീ ഫലം.
നെതന്യാഹുവിന്റെ പ്രേരണയാലാണ് ട്രംപ് ഇറാനുമായി യുദ്ധത്തിനിറങ്ങിയത് എന്ന് അഭിപ്രായമുണ്ട്. ഇറാനെ കീഴ്‌പ്പെടുത്താന്‍ എളുപ്പമാവില്ലെന്ന ഉപദേശം തള്ളിക്കൊണ്ടാണ് ട്രംപ് യുദ്ധത്തിനിറങ്ങിയത്. യുഎസിന്റെ ആക്രമണത്തിന് പ്രത്യാക്രമണമായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളേക്ക് നടത്തിയ ആക്രമണം പശ്ചിമേഷ്യ യുദ്ധക്കളമായി മാറുന്നതിന് വഴിയൊരുങ്ങി. ഹൂതികള്‍ സൗദിയിലേക്കടക്കം നടത്തുന്ന ആക്രമണം ഇതിന്റെ തുടര്‍ച്ചയാണ്. യുദ്ധത്തിലൂടെ വലിയ സാമ്പത്തിക നഷ്ടവും, ആള്‍ നഷ്ടവുമുണ്ടായിട്ടുണ്ടെന്നും അമേരിക്കന്‍ ജനത വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിലൊന്നായി ഇറാനുമായുള്ള യുദ്ധമാണെന്ന് വിലയിരുത്തിയ ട്രംപിന് ആ വിഷയത്തില്‍ എത്ര മുന്നോട്ട് പോകാന്‍ സാധിക്കും. യുദ്ധം തുടരുമെന്ന് അദ്ദേഹം പറയുമ്പോഴും, യുദ്ധമവസാനിപ്പിക്കാനുള്ള സാധ്യതയും തെളിഞ്ഞ് വരും. ഇസ്രയേലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിനേറ്റ തിരിച്ചടിയും സൂചിപ്പിക്കുന്നത് യുദ്ധവും, അക്രമവും ഈ രാജ്യങ്ങളിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. വിഭാഗീയതയെ അമേരിക്കന്‍ ജനത അംഗീകരിക്കുന്നില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പ്രസിഡണ്ടിന്റെ അധികാരമുപയോഗിച്ച് ട്രംപ് കനത്ത നടപടികളിലേക്ക് പോകുമ്പോള്‍ സഭകളില്‍ നിന്ന് എതിര്‍പ്പ് ഉയരുമെന്നുറപ്പാണ്. ഇതിനെ വീറ്റോ നടപടികളിലൂടെ ട്രംപ് മറികടന്നാലും, ജനഹിതമറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രസിഡണ്ട് പദവിയില്‍ ബാക്കിയുള്ള രണ്ട് വര്‍ഷക്കാലം എതിര്‍പ്പുകളെ നേരിടേണ്ടിവരും.
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയേയും ബാധിക്കുന്ന ഒന്നാണ്. ട്രംപ് ചുമത്തിയ അധിക തീരുവ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെ ഇടയില്‍ ഇപ്പോഴും മഞ്ഞുരുകിയിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ പലരും വിജയിച്ചു കയറിയിട്ടുണ്ട്. ഇന്ത്യയും, അമേരിക്കയും തമ്മില്‍ വലിയ ബന്ധങ്ങളാണുള്ളത്. ഇത് ഉഭയകക്ഷി വിഷയങ്ങളില്‍ അനുകൂലമാവുമെന്ന് പ്രതീക്ഷിക്കാം. യുദ്ധംമൂലം ആഗോള തലത്തില്‍ രൂപപ്പെട്ടുവരുന്ന മാന്ദ്യത്തിന് അമേരിക്കയിലെയും, ഇസ്രയേലിലെയും തിരഞ്ഞെടുപ്പ് ഫലം ഫലംകാണുമെന്ന് പ്രത്യാശിക്കാം.

ട്രംപിനേറ്റ തിരിച്ചടി ലോക സമാധാനത്തിന് കരുത്ത് പകരും (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *