വോട്ട്‌കൊള്ളക്കെതിരെയുള്ള പോരാട്ടം തുടരട്ടെ

വോട്ട്‌കൊള്ളക്കെതിരെയുള്ള പോരാട്ടം തുടരട്ടെ

പി.ടി.നിസാര്‍

രാജ്യത്തെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ച് മുന്നോട്ട്‌പോകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും, സാംസ്‌കാരിക നായകന്മാരും, വിദ്യാര്‍ത്ഥികളും, യുവജനങ്ങളും, അഭിഭാഷകരുമുള്‍പ്പെടെ ആബാലവൃന്ദം ജനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് പറയുമ്പോഴും, ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാതായതും തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയടക്കം പിന്തുണയോടെയാണ് നരേന്ദ്രമോദി അധികാരത്തില്‍ തുടരുന്നത്. കഴിഞ്ഞ്തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ 13 കോടി പേര്‍ക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടത് എന്നാണ് ഉന്നയിക്കപ്പെടുന്നത്. രാജ്യം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും തമ്മിലുള്ള വോട്ടിംഗ് അനുപാതം കേവലം രണ്ട് ശതമാനമാണ്. അതുകൊണ്ടാണ് രണ്ടാം മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് ഗ്യാനേഷ്‌കുമാറാണെന്നാണ് പ്രതിപക്ഷ ആരോപണം. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പിശകുകളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം കാര്യങ്ങളെല്ലാം കോടതിയുടെ അന്തിമ വിധിക്ക് കാത്തിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ളതാണെന്നാണ് പ്രധാന ആരോപണം. ഭരണഘടനയെ ദുര്‍ബലപ്പെടുത്തി, ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും പ്രതിപക്ഷം പറയുന്നുണ്ട്. ഇന്ത്യയെ ആര് വിചാരിച്ചാലും ഒരു മത രാഷ്ട്രമാക്കാന്‍ സാധിക്കില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാ്. ഇന്ത്യന്‍ ജനതയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും, പരസ്പര സഹവര്‍ത്തിത്വത്തിലുമാണ്. അതാണ് രാഷ്ട്ര പിതാവായ ഗാന്ധിജി രാജ്യത്തെ പഠിപ്പിച്ചത്.
രണ്ടാം മോദി സര്‍ക്കാരിന് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് ഒന്നാം മോദി സര്‍ക്കാര്‍ നടത്തിയ കാര്യങ്ങള്‍ രാജ്യത്തെ വലിയ ഒരു വിഭാഗത്തെ വേദനിപ്പിച്ചു എന്നതാണ്. രാജ്യത്തെ മഹാഭൂരിപക്ഷവും മതേതര ചിന്താഗതി പുലര്‍ത്തുന്നവരാണ്. ആരാധനാലയങ്ങള്‍ ചൂണ്ടിക്കാട്ടി, മത ധ്രുവീകരണം നടത്തി വോട്ട് നേടുകയും, തിരഞ്ഞെടുപ്പുകളില്‍ ക്രിത്രിമം നടത്തിയും, പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ചും, വിലക്കെടുത്തും രാഷ്ട്ര ഭരണം കൈപ്പിടിയിലൊതുക്കാമമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യാമോഹിക്കരുത്. അതിനെതിരെ ദേശാഭിമാനികള്‍ ചെറുത്ത് നില്‍ക്കുകതന്നെ ചെയ്യും.
ഗ്യാനേഷ്‌കുമാറിനെ ബിജെപി  സര്‍ക്കാര്‍ സംരക്ഷിക്കുന്ന ഓരോ നിമിഷവും, അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ യശ്ശസ്സാണ് തകരുന്നത്. അതുകൊണ്ട് ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടം വിജയം കാണട്ടെ.

വോട്ട്‌കൊള്ളക്കെതിരെയുള്ള പോരാട്ടം തുടരട്ടെ

Share

Leave a Reply

Your email address will not be published. Required fields are marked *