എഴുപതിന്റെ നിറവില്‍ മഴവില്ലഴകുമായി സ്വന്തം കേരളം (എഡിറ്റോറിയല്‍)

എഴുപതിന്റെ നിറവില്‍ മഴവില്ലഴകുമായി സ്വന്തം കേരളം (എഡിറ്റോറിയല്‍)

അമ്മതന്‍ അമ്മിഞ്ഞ പാലുപോല്‍ പരിശുദ്ധമായ മലയാള ഭാഷയുടെ ഔന്നത്യത്തില്‍ ഒരു ജനതയുടെ ആവിഷ്‌ക്കാരമാണ് കേരളം. ഐക്യ കേരളത്തിന് ഇന്ന് എഴുപതാവുകയാണ്. എഴുപതിന്റെ നിറവില്‍ മഴവില്ലഴകുമായി പൊന്ന് കേരളം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മൂന്നര കോടി മലയാളികള്‍ക്ക് ഹൃത്തടങ്ങളില്‍ ആനന്ദത്തിന്റെ താളമേളം. തീര്‍ച്ചയായും ഓരോ മലയാളിയുടേയും അഭിമാനമാണ് കേരളം. കേരളത്തിന്റെ യശസ്സുയര്‍ത്തിയവരാണ് മലയാളികള്‍. മാതൃഭാഷയുടെ മഹത്വം നെഞ്ചേറ്റി ജനസംഖ്യയിലെ 95% പേരും കൈകോര്‍ക്കുന്ന ഭാഷയാണ് മലയാളം. അക്ഷരങ്ങളെ കോര്‍ത്തിണക്കി ശുദ്ധമലയാളം മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോള്‍ അതില്‍പരം ആനന്ദം ഇനിയെന്തുവേണം.
തുഞ്ചത്തെഴുത്തച്ഛനും മഹാകവികളായ കുമാരനാശാനും വള്ളത്തോളും ഉള്ളൂരുമുള്‍പ്പെടെയുള്ള സാഹിത്യ ആചാര്യന്മാര്‍ ശിലയിട്ടു പാകി മഹത്തായ സാഹിത്യ പാരമ്പര്യത്തില്‍ നിന്നും ശ്രീനാരായണ ഗുരുവും, വക്കം മൗലവിയും, ചട്ടമ്പി സ്വാമികളും, അയ്യന്‍കാളിയും, ക്രിസ്ത്യന്‍ നവോത്ഥാന നായകന്മാരും, ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആവേശം പൂണ്ട്, നെഹ്‌റൂവിയന്‍ രാഷ്ട്രീയ ധാരയില്‍ ആവേശം കൊണ്ട ദേശീയ സ്വാതന്ത്ര്യ സമര പോരാളികളും, അതിന് അധഃസ്ഥിത വര്‍ഗ്ഗത്തിന്റെയും, പിന്നോക്കകാരന്റെയും, പാടത്തും, പറമ്പിലും പണിയെടുത്ത്, പശിയടക്കാന്‍ മാര്‍ഗ്ഗമില്ലാതെ, തമ്പ്രാന്റെ പീഢനമേറ്റ്വാങ്ങുകയും, മാറ് മറയ്ക്കാന്‍പോലുമാകാത്ത ദുഃസ്ഥിതിക്കെതിരെ പടനയിച്ച്, കേരളത്തിലെ സാധാരണക്കാരായ മനുഷ്യനെ പോരാളിയാക്കി മാറ്റി സാമൂഹിക മാറ്റത്തിന്റെ  കാഹളമൂതിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സൃഷ്ടിച്ചെടുത്തതാണ് നാമിന്നു കാണുന്ന ഐക്യ കേരളം. 1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരാണ് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയത്. അതാണ് ഇന്നത്തെ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാന ശിലയായത്. പിന്നീട് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം, തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം ഇതെല്ലാം കേരളത്തിലെ കുഗ്രാമങ്ങളില്‍പോലും അക്ഷര വിപ്ലവവും, താഴെ തട്ടിലുള്ള ജനാധിപത്യ പിപ്ലവവും അരങ്ങേറാനിടയാക്കി.
അധ്വാനിക്കുന്നവന് ന്യായമായ വരുമാനം, വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും മുന്തിയ പരിഗണന ലഭിച്ച ഒരു ജനത വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറി. രാജ്യത്തെ ഏത് സംസ്ഥാനങ്ങളെടുത്ത് നോക്കിയാലും കേരളം അവര്‍ക്കിടയില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത് ഈ ബലിഷ്ഠമായ അടിത്തറയുടെ മുകളിലാണ്.
രാഷ്ട്രീയ രംഗത്ത് അര്‍ത്ഥമറിഞ്ഞ് പ്രവര്‍ത്തിച്ച മഹാന്മാര്‍ നമുക്ക് വഴികാട്ടികളായി നിന്നു. എഴുപത് വര്‍ഷം കഴിഞ്ഞ് നാം വീണ്ടും, വീണ്ടും നാടിനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് ചിന്തിക്കേണ്ട സമയമാണിത്. മലയാളികള്‍ ഒരമ്മപെറ്റ മക്കളെ പോലെ ഏകോദര സഹോദരന്മാരെപോലെ കഴിയുന്നവരാണ്. രാജ്യത്തെ പലയിടങ്ങളിലും വര്‍ഗ്ഗീയതയും, വംശീയതയും തുടര്‍ക്കഥയാവുമ്പോള്‍ അത്തരം ശക്തികള്‍ക്കെതിരെ വാതില്‍കൊട്ടിയടച്ചവരാണ് മലയാളികള്‍. ജാതിയും മതവും പറഞ്ഞ് വര്‍ഗ്ഗീയ വിഷം വമിപ്പിച്ച്, രാഷ്ട്രീയ അധികാരം കൈക്കലാക്കി നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ ശക്തികള്‍ക്കെതിരെ കേരളം നെടുങ്കോട്ട തീര്‍ക്കണം.
കേരം തിങ്ങും കേരള നാടെന്നത് വാക്കുകളില്‍ ഒതുങ്ങരുത്. മഹത്തായ നമ്മുടെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കണം. മാലിന്യ സംസ്‌കാരത്തില്‍ ഒരു വീഴ്ചയുമരുത്. വിദ്യാഭ്യാസ മേഖലയില്‍ കച്ചവടം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും, നവീകരിക്കാനും സമൂഹം ജാഗ്രത പുലര്‍ത്തണം. ആരോഗ്യമേഖലയില്‍ കേരളം പുകള്‍പെറ്റതാണ്. അവിടെയും പൊതുജനാരോഗ്യ മേഖലയുടെ നിലനില്‍പ്പില്‍ വിട്ടുവീഴ്ച പാടില്ല. കാലത്തിനനുസരിച്ച് സാങ്കേതിക മേഖലയിലുള്ള വളര്‍ച്ചയും നാട് കൈവരിക്കണം. പ്രവാസി മലയാളികളുടെ നിക്ഷേപം ഉല്‍പ്പാദന മേഖലകളില്‍ വിനിയോഗിക്കപ്പെടണം.
സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളവും, പെന്‍ഷനുമായി ചിലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്ക് മൂക്ക് കയറിടണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മൂല്ല്യബോധത്തോടെ നാടിനെ നയിക്കണം. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനം, ആരോഗ്യകരമായിരിക്കണം. അക്രമവും, കൊലപാതകവും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. നാടിന്റെ ശക്തി യുവതയാണ്. കേരളീയ യുവത അഭിമാനകരമാണ്. നമ്മുടെ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മൂല്ല്യബോധത്തോടെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും, അതിനെല്ലാം സമൂഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഇനിയും നേട്ടങ്ങളുടെ പട്ടികയില്‍ ഒത്തിരി കോളങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതെല്ലാം നേടിയെടുക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ ഒരുമനസായി പ്രവര്‍ത്തിക്കണം. ലോകംകണ്ട വി.കെ.കൃഷ്ണ മേനോനെപോലുള്ള മഹാപ്രതിഭകളെ സംഭവന ചെയ്ത നാടാണ് കേരളം. രാജ്യത്തിന്റെ ഭരണ ചക്രത്തില്‍ കൈയ്യൊപ്പു ചാര്‍ത്തിയ ഭരണാധികാരികളെ സംഭാവന ചെയ്ത നാട് കൂടിയാണ് കേരളം. സംഗീതം, ചിത്രകല, അഭിനയം, ഫുട്‌ബോള്‍ മറ്റ് ഗെയിംസുകള്‍, മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം സൃഷ്ടിച്ച മണ്ണാണ് കേരളം. ഈ പ്രബുദ്ധമായ കാലത്തിന്റെ തുടര്‍ച്ച കൂടുതല്‍ മേന്മയുള്ളതാവട്ടെ. എഴുപതാം പിറന്നാളെത്തിയ കേരളം നമുക്കെല്ലാം എന്നെന്നും ആവേശോജ്വലമായ പ്രതീകമായി പരിലസിക്കട്ടെ.

എഴുപതിന്റെ നിറവില്‍ മഴവില്ലഴകുമായി സ്വന്തം കേരളം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *