കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ മൂന്നിന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായി നവംബര്‍ 2ന് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണാസമരം നടത്താന്‍ ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയോഗം തീരുമാനിച്ചു. 2-ാം തിയതി കാലത്ത് 10 മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്‍പില്‍ നടക്കുന്ന സമരം കെപിസിസി ജന.സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്യും. റേഷന്‍ മേഖലയെ സംരക്ഷിക്കുക, ഡയരക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, AAY കാര്‍ഡുകള്‍ക്ക് റേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, WFP നിര്‍ദ്ദേശ പ്രകാരം ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ 13.5 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കുക, വിവേചനമില്ലാത്ത എല്ലാ കാര്‍ഡുകള്‍ക്കും നിശ്ചിത വിലയ്ക്ക് 10 കിലോ ഭക്ഷ്യ ധാന്യങ്ങളും, നിത്യോപയോഗ സാധനങ്ങളും, ഭക്ഷ്യ എണ്ണയും, മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ലഭ്യമാക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേതനവും, പെന്‍ഷനും, തൊഴില്‍ സുരക്ഷയും ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കുക, റേഷന്‍ വ്യാപാരി സെയില്‍സ്മാന്‍മാര്‍ക്ക് അംഗീകാരം നല്‍കി മിനിമം വേതനം നല്‍കുക, വെട്ടിക്കുറച്ച മണ്ണെണ്ണയും, പഞ്ചസാരയും പുനഃസ്ഥാപിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. നവംബര്‍ 2ന് താമരശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഹെഡ്ഡ് പോസ്‌റ്റോഫീസിന് മുന്‍പില്‍ സമരം നടക്കും. യോഗത്തില്‍ ഇ.ശ്രീജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി വി.മുഹമ്മദലി, ജില്ലാ സെക്രട്ടറി കെ.പി.അഷ്‌റഫ്, പി.പവിത്രന്‍, പി.അരവിന്ദാക്ഷന്‍, എം.പി.സുനില്‍കുമാര്‍, പുതുക്കോട് രവി കൊയിലാണ്ടി, കെ.പി.ബാബു, മോഹനന്‍ വടകര, ബല്‍രാജ്, ഷീബ റാണി, പി.എ.റഷീദ്, കെ.അജയന്‍, എം.മധുസൂദനന്‍, പി.രഘുത്തമ കുറുപ്പ് സംസാരിച്ചു.
