അതിവേഗ റെയില്‍ പാത സര്‍ക്കാര്‍ പിന്തുണയ്ക്കണം: ഇ.ശ്രീധരന്‍

അതിവേഗ റെയില്‍ പാത സര്‍ക്കാര്‍ പിന്തുണയ്ക്കണം: ഇ.ശ്രീധരന്‍

കോഴിക്കോട്: കേരളത്തിന് ഏറ്റവും അനുയോജ്യമായ അതിവേഗ റെയില്‍ പാത പദ്ധതി മുന്നോട്ട്‌വച്ചിട്ടും, സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന് അതിവേഗ റെയില്‍ പ്രൊജക്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി നേരില്‍ രണ്ട് പ്രാവശ്യം ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷമേ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയുള്ളൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അനങ്ങാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ഇറങ്ങിപുറപ്പെടേണ്ടി വന്നത്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊതു പരിപാടികളില്‍ കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുമെന്നദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്കായി ഏറ്റവും കുറഞ്ഞ ഭൂമി മാത്രം ഏറ്റെടുത്താല്‍ മതി. പാരിസ്ഥിതിക ആഘാത വിഷയങ്ങളില്ല. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരംവരെയാണ് പ്രഥമ പാത വിഭാവനം ചെയ്തിട്ടുള്ളത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വേഗത. മൂന്നര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനാവും. ടിക്കറ്റ് ചാര്‍ജ് 700 രൂപയാണ്. 60,000 കോടി രൂപയാണ് പ്രൊജക്ട് തുക. പ്രൊജക്ട് അഞ്ച്് വര്‍ഷമാണെങ്കിലും നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവും. പ്രൊജക്ടിന്റെ രണ്ടാംഘട്ടമായി കണ്ണൂര്‍ – കാസര്‍കോഡ് പാതയും, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി പാതയും, തൃശൂര്‍ – പാലക്കാട് പാതയും നിര്‍മ്മിക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി പ്രൊജക്ടിന്റെ 60% ചിലവും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ബാക്കി വരുന്ന 24,000 കോടി രൂപ ക്രൗഡ് ഫണ്ടിലൂടെ കണ്ടെത്താനാവും.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയും, നഗര വല്‍ക്കരണവും ഉള്ള കേരളത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നദ്ദേഹം വ്യക്തമാക്കി. വി.എസ് സര്‍ക്കാരിന്റെ കാലം മുതല്‍ അതിവേഗ റെയില്‍പാത സംബന്ധിച്ച പഠനങ്ങളും ചര്‍ച്ചയും നടക്കുകയാണ്. പദ്ധതി സര്‍ക്കാരിന് പണചിലവില്ലാതെ നടപ്പാക്കാനാവും. നടത്തിപ്പ് വൈകുന്തോറും നിര്‍മ്മാണ ചിലവ് കൂടും. 23 സ്‌റ്റേഷനുകളാണ് ഉണ്ടാവുക. പ്‌ളാറ്റ്‌ഫോമും, ട്രെയിനും ഒരേ ഉയരത്തിലായതിനാല്‍ വീല്‍ചെയര്‍ ഉള്‍പ്പെടെ കയറ്റിയിറക്കാനാവും. എലവേറ്റഡ് പാതയായിരിക്കും. ഓരോ 30 മീറ്ററിലും പില്ലറുണ്ടാവും. 20 മീറ്റര്‍ വീതി മതി. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സ്ഥലം ഉടമക്ക് തന്നെ വിട്ടു നല്‍കും. കോഴിക്കോട് മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെ രണ്ട് ടണലോടെ പാത നിര്‍മ്മിക്കാനാവും. വയനാടിന്റെ ഭൂപ്രകൃതിക്ക് ഒരു കോട്ടവുമുണ്ടാക്കാതെ നിര്‍മ്മിക്കാനാവും. വയനാടിന്റെ പുരോഗതിക്ക് ഈ പാത വലിയ മുതല്‍ക്കൂട്ടാവും. കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി 73 കിലോമീറ്റര്‍ 35 മിനുട്ട്‌കൊണ്ട് എത്താനാവും. അതിവേഗ പാതയ്ക്കായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പോലുള്ള സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ എല്ലാ പ്രദേശത്തുള്ളവര്‍ക്കും പാത പ്രയോജനപ്പെടും. മലപ്പുറം പോലുള്ള ജനസാന്ദ്രതയേറിയ ജില്ലയില്‍പോലും ജനങ്ങള്‍ പാതക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങില്‍ ചേംബര്‍ പ്രസിഡണ്ട് എം.വാലിദ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചേംബര്‍ സെക്രട്ടറി എം.അബ്ദുറഹിമാന്‍, മുന്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ മേനോന്‍, എന്‍ഐടി സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ഇക്കോണമി ആന്റ് പബ്ലിക് പോളിസി ചെയര്‍മാന്‍ കെ.സതീഷ് നമ്പൂതിരിപ്പാട്, പാലക്കാട് ഡിവിഷന്‍ മുന്‍ ട്രാഫിക് കണ്‍ട്രോളര്‍ വിവേക് ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

അതിവേഗ റെയില്‍ പാത സര്‍ക്കാര്‍ പിന്തുണയ്ക്കണം: ഇ.ശ്രീധരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *