പുസ്തക പരിചയം (ബോണ്‍സായ് – കവിതാ സമാഹാരം)

പുസ്തക പരിചയം (ബോണ്‍സായ് – കവിതാ സമാഹാരം)

പി.ടി.നിസാര്‍

            അനുഗ്രഹീത സാഹിത്യകാരനാണ് ശ്രീധരന്‍ കൊയിലാണ്ടി. കൂടെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനും, ആദരണീയനായ ഗുരുനാഥനും. ഈ മഹത് വ്യക്തിത്വത്തിന്റെ തൂലികയില്‍ നിന്നടര്‍ന്നുവീണ കാവ്യ സമാഹാരമാണ് ‘ബോണ്‍സായ്’. 29 കവിതകളടങ്ങിയ സമാഹാരമാണ് ബോണ്‍സായ്. പ്രഥമ കവിതയായ ‘ഇതു നിനക്കായ്’ എന്ന കവിത, കരള്‍ കൊത്തിപ്പറിക്കുന്ന ഒരു പ്രണയ കവിതയാണ്.
‘നിഴലും, നിലാവും പുണര്‍ന്നു നില്‍ക്കും
നിശയുടെ ഏകാന്ത യാമങ്ങളില്‍
കവിതയായെന്നില്‍ നിറഞ്ഞതാണീ
പ്രണയാര്‍ദ്ര ഭാവനാ സൗഗന്ധികം’
എന്ന വരികള്‍ കമിതാക്കളുടെ പ്രണയത്തിന്റെ ഇഴുകിചേരല്‍ കവി ഭംഗിയായി രേഖപ്പെടുത്തുന്നു. ബോണ്‍സായ് എന്ന കവിത വലിയ മാനങ്ങളുള്ളതാണ്. ഇതില്‍ തന്റെ വളര്‍ച്ചയെ ബന്ധിച്ച കവികളെ സ്മരിക്കുകയും, അതില്ലായിരുന്നുവെങ്കില്‍ കാവ്യലോകത്ത് താനൊരു വന്‍മരമായി വളരുമെന്നും കവി സ്വപ്‌നം കാണുന്നു. ബോണ്‍സായ് ചെടിയെ കമ്പിച്ചുരുളുകളില്‍ കുനിച്ച് നിര്‍ത്തിയവര്‍, തന്നോടുള്ള സ്‌നേഹംകൊണ്ടാണെന്ന് ബോണ്‍സായ് ചെടി വിശ്വസിക്കുന്നതുപോലെ, അതല്ല കുനിച്ചു നിര്‍ത്തിയവരുടെ സ്വാര്‍ത്ഥയായിരുന്നു എന്ന് കവി പറയുന്നു. ഇതോടെ ബോണ്‍സായിയുടെ വളര്‍ച്ച മുരടിച്ചതായും കവി സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്.
‘കാട്’ എന്ന കുറുങ്കവിത ഏറെ ചിന്തിപ്പിക്കുന്നതാണ്. കാടും മേടും വെട്ടിനിരപ്പാക്കി, ഫ്‌ളാറ്റും റോഡും വന്നു നിറഞ്ഞപ്പോള്‍ കാടുകള്‍ നമ്മുടെയുള്ളില്‍ കുടിയേറി, ക്രൂര ഗുണങ്ങളുമവിടേക്കെത്തി.
‘ഇറാന്‍’ എന്ന കവിത യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ്.
‘പശ്ചിമേഷ്യയില്‍ തീ പടര്‍ന്നിടുന്നു
ചെഞ്ചുടുചോര എങ്ങും ഒഴുകുന്നു
എന്നിതെല്ലാം ഒടുങ്ങുന്ന നാള്‍വരും
എന്നിനി സമാധാനം പുലര്‍ന്നിടും’
ഇതില്‍ സമാധാനത്തിനായി കവി ആശിക്കുകയാണ്.
 ‘വിഷു’ എന്ന കവിതയില്‍ നമ്മുടെ കാര്‍ഷിക സംസ്‌കൃതി നാശമടയുന്നത് കവിയെ വേദനിപ്പിക്കുന്നു. മാവേലി, വിപ്ലവ കവി, ഇന്ത്യന്‍ സോഷ്യലിസം എന്നീ കവിതകളും ശ്രദ്ധേയമായി. മണ്ണാങ്കട്ടയും, കരിയിലയും, വേടനോട് പക്ഷിക്ക് പറയാനുള്ളത് എന്ന കവിതയും ഏറെ ചിന്താര്‍ഹമാണ് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
Share

Leave a Reply

Your email address will not be published. Required fields are marked *