സര് സയ്യിദ് അഹമ്മദ് ഖാന് കാലം മറക്കാത്ത കര്മ്മയോഗി
ആറ്റക്കോയ പള്ളിക്കണ്ടി
ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തില് ഇതിഹാസം രചിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കര്ത്താവായിരുന്നു സര് സയ്യിദ് അഹമ്മദ് ഖാന്. ഇന്ത്യന് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അലക്കും പിടിയ മാറ്റിയ വിദ്യാഭ്യാസ വിപ്ലവകാരി. അലിഗഢ് യൂണിവേഴ്സിറ്റിയുടെ ശില്പിയും സ്ഥാപകനും. 1817 ഒക്ടോബര് 17 ഡല്ഹിയിലെ പ്രസിദ്ധ കുടുംബത്തിലാണ് അഹമ്മദ് ഖാന് ജനിച്ചത്. റസൂല് കരീം (സ) ന്റെ പൗത്രനായ ഹസ്രത്ത് ഹുസൈന് (റ) ന്റെ 36ാംമത്തെ കുടുംബ പരമ്പരയില് അദ്ദേഹം ഉള്പ്പെടുന്നുവെന്നും സര് സയ്യിദ് അഹമ്മദ് അഹമ്മദ്ഖാന്റെ ജീവചരിത്രകാരനായ കേണല് ഗ്രഹാം രേഖപ്പെടുത്തുന്നു.
ഷാജഹാന് ചക്രവര്ത്തിയുടെ ഭരണകാലത്താണ് അഹമ്മദ്ഖാന്റെ പൂര്വികന്മാര് ഇന്ത്യയില് എത്തിയത്. സര് സയ്യിദിന്റെ പിതാ മഹന് സയ്യിദ് ഹാദിയും, സയ്യിദ് ഹാദിയും മാതാമഹന് ഖാജാ ഫരീദും മുഗള് ചക്രവര്ത്തിമാരുടെ കീഴില് ഉന്നതമായ ഉദ്യോഗങ്ങള് വഹിച്ചിരുന്നു.
ഇരുപതാമത്തെ വയസ്സില് ഡല്ഹിയില് ഒരു ശിരസ്താര് ആയിക്കൊണ്ടാണ് ഖാന്അഹമ്മദ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത.് പിന്നീട് അദ്ദേഹം ഫത്തേപൂര് സിക്രിയില് സബ് ജഡ്ജിയായും 1855ല് ബിജനോറില് അമീറായും നിയോഗിക്കപ്പെട്ടു.
ഈ അവസരത്തിലാണ് ഇന്ത്യ ചരിത്രത്തിന്റെ ഗതിയില് വഴിത്തിരിവ് കുറിച്ച് ശിപായി ലഹള പൊട്ടിപ്പുറപ്പെടുന്നത്. നാട്ടുകാരുടെ പ്രയാസങ്ങളില് പങ്കുചേര്ന്ന് അവര്ക്കുവേണ്ടി പ്രവര്ത്തിക്കാന് അദ്ദേഹം തീരുമാനിച്ചു.
വിദ്യാഭ്യാസ തല്പരന്
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലാണ് അഹമ്മദ് ഖാന് ശ്രദ്ധേകേന്ദ്രീകരിച്ചത് .അദ്ദേഹത്തിന്റെ വാക്കുകള് കേള്ക്കുക. മതം കഴിഞ്ഞാല് പ്രാധാന്യം വിദ്യാഭ്യാസമാണ്. ഒരേ അവസരത്തില് ആത്മീയവും മൗലികവുമായ പുരോഗതി കൈവരിക്കാന് തുടങ്ങുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നാം ആവിഷ്കരിക്കേണ്ടത്. സംസ്കാരവും നാഗരികതയും അഭിവൃദ്ധി പ്രാപിക്കുന്നതിന് സ്ത്രീകള്ക്ക് വിദ്യാഭ്യാസം നല്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന് മുസ്ലിംകളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കി സര് സയ്യിദ് മുറാദാബാദിലും ഗാന്ധിപൂരിലും വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചുകൊണ്ട് തന്റെ വിദ്യാഭ്യാസ പ്രവര്ത്തനത്തിന് തുടക്കമിട്ടു. 1873 ഡിസംബറില് അത്യാധുനിക സൗകര്യങ്ങളുടെ ഒരു ഹൈസ്കൂള് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തന്റെ വിദ്യാഭ്യാസ പ്രവര്ത്തനത്തിന്റെ ഭരണഘട്ടം ആരംഭിച്ചു.ഈ സ്ഥാപനമാണ് പിന്നീട് മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളേജായും പിന്നീട് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയായും പരിണമിച്ചത്. ഇന്ത്യയിലെ സര്വകലാശാലകളില് മുന്നിനിരയില് നില്ക്കുന്ന ഒരു വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമാണ് അലിഗഢ് സര്വകലാശാല.
സ്വതന്ത്ര ഭാരതം കെട്ടിപ്പടുക്കുന്നതില് നിരവധി നേതാക്കള്ക്കും പ്രതിഭാശാലികള്ക്കും ഈസ്ഥാപനം ജന്മം നല്കിയിട്ടുണ്ട്. കോളേജിന്റെ ആശയം മനസ്സിലുദിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ കോംബ്രിഡിജ് സര്വകലാശാല സന്ദര്ശിച്ച് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠനം നടത്തുകയാണ് ആദ്യമായി ചെയ്തത്. അതിനുശേഷം തന്റെ ജീവിതം പ്രസ്തുത സ്ഥാപനത്തിന്റെ നിര്മ്മാണത്തിനും വളര്ച്ചക്കും വേണ്ടിയാണ് അദ്ദേഹം ചിലവഴിച്ചത.് ഒരു പുതിയ ചിന്താ വിപ്ലവത്തിന്റെ നാദവുമായി എത്തിയ അദ്ദേഹത്തെ സ്വാഗതം ചെയ്യാന് നാടിന്റെ നാനാഭാഗങ്ങളില് ചെറുപ്പക്കാര് തടിച്ചു കൂടി. ലോക മുസ്ലിംകള്ക്ക് ആകമാനം അഭിമാനിക്കാവുന്ന ഒരു ഇസ്ലാമിക സൗധം അലിഗഡിന്റെ മണ്ണില് തലപൊക്കി.
ഒരു സാഹിത്യകാരന് എന്ന നിലക്കും സയ്യിദ് അഹമ്മദ് ഖാന് പ്രശസ്തനാണ.് ഉറുദു ഭാഷയില് അദ്ദേഹം പ്രസിദ്ധീകരിച്ച തഫ്സീബുല് അഖ്ലാസ് എന്ന മാസിക ഇന്ത്യയില് അക്കാലത്ത് നിലകൊണ്ട പ്രസിദ്ധീകരണങ്ങളുടെ മുന്നിരയിലായിരുന്നു. 1847ല് അദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥം പലതുകൊണ്ടും ശ്രദ്ധേയമാണ്. ഡല്ഹിയിലെ പഴയ കെട്ടിടങ്ങളുടെയും മണ്മറഞ്ഞ നേതാക്കളുടെയും ഒരു വിവരണം ആണ് ഇത്. പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിന്റെ വാക്കുകളില് ഇന്ത്യ കണ്ട അപൂര്വ പ്രതിഭാവിസ്മയമാണ് സയ്യിദ് അഹമ്മദ്. അദ്ദേഹത്തിന്റെ ജീവിതവും ദര്ശനവും സന്ദേശവും ഓരോ ഇന്ത്യക്കാരനും മാര്ഗദര്ശനങ്ങളാണ്. അദ്ദേഹം തലമുറക്ക് നല്കിയ പ്രകാശത്തിന്റെ ജ്വാല എന്നും നമ്മുടെ തലമുറക്ക് വഴികാട്ടും…
