സിപിഎം പോളിറ്റ്ബ്യൂറോ അംഗവും, മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ.മുഹമ്മദ് റിയാസ്, വീണ, എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.എന്‍.ശശിധരന് കര്‍ത്ത, പി.സുരേഷ് കുമാര്‍ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്, റിയാസിന്റെ സുഹൃത്തുക്കളായ ചിലര്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നേരിടണമെന്നും, പിണറായി വിജയന് കൈക്കൂലി വാങ്ങിയെന്നും ചൂണ്ടിക്കാട്ടി ഇഡി, ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഈ സംഭവം രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമാണുണ്ടാക്കിയിരിക്കുന്നത്. തന്റെ കൈകള്‍ ശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പിണറായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം അന്വേഷണം നേരിടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. വീണയ്ക്കെതിരായ ഇഡി നടപടികള്‍ അവര്‍ നിയമപരമായി നേരിടട്ടെ എന്നായിരുന്നു സിപിഎം നിലപാടെങ്കില്‍, പിണറായിയും, റിയാസും അന്വേഷണത്തെ നേരിടേണ്ടി വരുമ്പോള്‍ സിപിഎംനിത് രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുകയല്ലാതെ മറ്റു വഴികളില്ല. ഇഡിയുടെ അന്വേഷണത്തിന് ശേഷം നല്കിയ കത്തായതിനാല്‍ ഗൗരവമായി കാണുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണവും വന്നിട്ടുണ്ട്. സ്വാഭാവികമായും ഇത് സംസ്ഥാന വിജിലന്‍സിനെ ഏല്‍പ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ ബാധ്യതപ്പെട്ടവരാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ. ഇക്കാര്യം കേരളമാകെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ സത്യമെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. പരിപൂര്‍ണ്ണമായും സത്യസന്ധമായ ഒരന്വേഷണമാണ് ഇക്കാര്യത്തിലുണ്ടാവേണ്ടത്.
ഈ അന്വേഷണങ്ങളുടെ കൂടെ ശശിധരന് കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയവരുടെ പേരുകള്‍ കൂടി പുറത്ത് വന്നിട്ടുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടത്തണം. കുറ്റക്കാരുണ്ടെങ്കില്‍ അവരെയും ശിക്ഷിക്കാന്‍ നടപടികളുണ്ടാവണം.
കേരളത്തിലെ പൊതുരംഗത്തെ സംബന്ധിച്ച് അവമതിപ്പുണ്ടാക്കുന്ന ഒന്നാണ് ഇത്തരം കേസുകള്‍. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പോലും പൊതു പ്രവര്‍ത്തകരുടെ പേരില്‍ ഉയര്‍ന്നുവരാന്‍ പാടില്ലാത്തതാണ്. ഇത്തരം കേസുകള്‍ രാഷ്ട്രീയ പ്രതികാരമാണ് എന്നൊക്കെ വാദിക്കാമെങ്കിലും, ആഴത്തില്‍ പരിശോധിക്കുമ്പോള്‍ നാണക്കേടുണ്ടാക്കുന്നതാണ്. പൊതു പ്രവര്‍ത്തകര്‍ സംശുദ്ധരായിരിക്കണം. അതിന് മാതൃകയായ മഹാന്മാര് നടന്നു നീങ്ങിയ ചരിത്രമാണ് കേരള രാഷ്ട്രീയത്തിനുള്ളത്.പുതു തലമുറ ഇത്തരം വാര്‍ത്തകളെ എങ്ങനെ സമീപിക്കും എന്നും നാം ആലോചിക്കണം. കറുത്തപാടുകള്‍ ലവലേശം പറ്റാത്ത ശുഭവസ്ത്രധാരികളായ പൊതു പ്രവര്‍ത്തകരാണ് നാടിനാവശ്യം. കര്‍ത്തായുടെ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍, അതിന് പ്രത്യുപകാരം കര്‍ത്ത പ്രതീക്ഷിക്കുമെന്നത് സ്വാഭാവികമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ന് സംസ്ഥാന മന്ത്രി സഭയിലുള്ളവരെല്ലാം ഇങ്ങനെ പണം വാങ്ങിയിട്ടുണ്ട് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ഇതെല്ലാം നാടിന് നാണക്കേടാണ്. അഴിമതിയാണ് നമ്മുടെ നാടിന്റെ ശാപം. അഴിമതിയില്ലെങ്കില്‍ നമ്മള് ഒരുപാട് മുന്നേറിയേനെ. അഴിമതിയെക്കെതിരായി ശബ്ദിക്കുന്ന ഒരു സമൂഹവും, സംശുദ്ധരായ പൊതു പ്രവര്‍ത്തകരുമാണ് നാടിനാവശ്യം.
