സഹകരണ മേഖലയില്‍ പ്രവാസികളുടെ പങ്കാളിത്തം

സഹകരണ മേഖലയില്‍ പ്രവാസികളുടെ പങ്കാളിത്തം

പ്രശാന്ത് അരൂര്‍

കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെയും വികസനത്തിന്റെയും കാര്യത്തിലും
വിദേശ നാണയം നേടി തരുന്നതിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍

 

പ്രവാസി നിക്ഷേപത്തിന്റെ ഭൂരിഭാഗവും ദേശസാല്‍കൃത ബാങ്കുകളില്‍ ആണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് ഇത്തരം നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകള്‍ കേരളത്തില്‍ ചെലവഴിക്കുന്നില്ല എന്നത് ദുഃഖകരമാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഉറവിടം പ്രവാസി വ്യവസായികളാണ്. കേരള വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നത്. കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഒരു പരിധിവരെ പരിഹാരം ആയത് പ്രവാസി ജീവിതമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരു ഘട്ടത്തില്‍ കേരളത്തിലെ മലയാളികള്‍ കൂടുതലും ബര്‍മ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് കച്ചവട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ചും സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച മലയാളികള്‍ക്ക് വളരെ സഹായകരമായി. ജോലി തേടി വിദേശത്ത് എത്തിയ പ്രവാസികള്‍ തുടങ്ങിയ സംരംഭങ്ങളില്‍ ഒട്ടനവധി മലയാളികള്‍ ഇന്നും ജോലി നോക്കുന്നുണ്ട്. എന്നാല്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് വരുന്ന തുക ഭൂരിഭാഗവും നിക്ഷേപിക്കപ്പെടുന്നത് ദേശസാല്‍കൃത ബാങ്കുകളിലാണ്. കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്ന സഹകരണ മേഖലയില്‍ ഇത്തരം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികള്‍ സഹകരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അനുമതിക്ക് തയ്യാറായാല്‍ അത്തരം തുക കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളം പ്രളയം, കോവിഡ്, ഓഖി എന്നീ ദുരന്തങ്ങളെ അതിജീവിച്ചപ്പോള്‍ അത്തരം ദുരന്തങ്ങളെ അതിജീവിക്കാന്‍ സഹായകരമായത് കേരളത്തിലെ സഹകരണ പ്രസ്ഥാനമാണ്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ എന്‍ആര്‍ഐ നിക്ഷേപം ആരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും അതുവഴി കേരളത്തിന്റെ സമഗ്ര വികസനത്തിനും ഉപകാരപ്രദമാവുകയുള്ളൂ. കേരളത്തിലെ മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് പ്രശംസ അര്‍ഹിക്കുന്നതാണ്. കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ മേഖലയിലെ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദവും നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങളുമാണ്. ദേശസാല്‍കൃത ബാങ്കുകള്‍ കേരളത്തില്‍ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കാന്‍ വിമുഖത കാണിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നും ശേഖരിക്കുന്ന നിക്ഷേപങ്ങള്‍ മുഴുവന്‍ മറ്റു സംസ്ഥാനങ്ങളില്‍ ചിലവഴിക്കാനാണ് ദേശസാല്‍കൃത ബാങ്കുകള്‍ തയ്യാറാവുന്നത്. നിക്ഷേപങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ അതുവഴി കേരളത്തിന്റെ സമസ്ത മേഖലയിലും വികസനത്തിന്റെ പൊന്‍വെളിച്ചം തീര്‍ക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിദാന്തമായ ഇടപെടലിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഒരു പരിഹാരം ഉണ്ടാക്കുന്നത് പ്രവാസികള്‍ക്കും അതുവഴി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും ഗുണപ്രദമായിരിക്കും. പ്രവാസി നിക്ഷേപ സംരഭകരെ ആകര്‍ഷിച്ച് സഹകരണ പ്രസ്ഥാനവുമായി യോജിപ്പിച്ച് സംയുകത സംരഭങ്ങള്‍ ആരംഭിക്കാനും പ്രവാസികള്‍ക്കായി റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടുകൂടി ഒരു പ്രവാസി സഹകരണ ബാങ്ക് ആരംഭിക്കന്‍ സര്‍ക്കാന്‍ മുന്‍കൈ എടുക്കണം. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന ഘട്ടത്തിലും നിരവധി സഹകരണ അശുപത്രികള്‍ ആരംഭിക്കുന്നഘട്ടങ്ങളിലും വന്‍തോതില്‍ ഷെയര്‍ ഇനത്തില്‍ മുടക്കാന്‍ പ്രവാസികള്‍ തയ്യാറായിട്ടുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനം അതിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാണ.് ഇടക്കാലത്ത് ചില കള്ളനാണയങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ പ്രശസ്തിക്ക് കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. നോട്ടു നിരോധനം ഇന്ത്യയിലെ വാണിജ്യ ബാങ്കുകളെപോലും ബാധിച്ചപ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം ആ പ്രതിസന്ധികളെ അതിജീവിച്ചു എന്നത് രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പാണ് സൂചിപ്പിക്കുന്നത. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ന്യൂ ജനറേഷന്‍ ബാങ്കുകളും വിദേശ ബാങ്കുകളും തകര്‍ന്നടിഞ്ഞപ്പോഴും അത്തരം പ്രതിസന്ധികളെയും അതിജീവിക്കാന്‍ സാധിച്ചത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനാണ്. കേരളത്തിന്റെ ജനകീയ ഇടപെടലുകളിലൂടെ ജനങ്ങളുടെ പ്രതീക്ഷയായ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് മലയാളികളുടെ കര്‍ത്തവ്യമാണ.് അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ നിന്നും വിദേശത്ത് ജീവിതം ഉറപ്പിച്ച പ്രവാസികള്‍ സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായി മുന്‍കൈയെടുക്കണം.അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്.

 

 

സഹകരണ മേഖലയില്‍ പ്രവാസികളുടെ പങ്കാളിത്തം

 

Share

Leave a Reply

Your email address will not be published. Required fields are marked *