എ.കെ. അഗസ്തി
പശ്ചിമഘട്ട ESA കരട് വിജ്ഞാപനം: മലയോര ജനതയുടെ
ആശങ്കകളും ശാസ്ത്രീയമായ പരിഹാരവും.
രാവിലെ അഞ്ചിന് എഴുന്നേറ്റ് റബര്‍ വെട്ടാന്‍ പോകുന്ന മലയോര കര്ഷകന് ‘ESA’ എന്ന ചുരുക്കെഴുത്തിന്റെ പൂര്‍ണരൂപം അറിയണമെന്നില്ല. എന്നാല്‍ തനിക്ക് ഒരു വീട് പണിയാന്‍ കഴിയുമോ, തന്റെ കൃഷിയിടം അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറാന്‍ കഴിയുമോ, തന്റെ ഗ്രാമം സര്‍ക്കാര്‍ മാപ്പിലെ ഒരു വരയിലൂടെ അനിശ്ചിതത്വത്തിലാകുമോ എന്നീ ആശങ്കള്‍ അവനറിയാം. നിയമത്തിലെ ഒരു വരി ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് അവന് അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ESA)യെക്കുറിച്ചുള്ള ചര്‍ച്ച പരിസ്ഥിതിയെക്കുറിച്ചുള്ളത് മാത്രമല്ല; അത് നീതിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള ചര്‍ച്ച കൂടിയാകുന്നത്.
പശ്ചിമഘട്ടം കേരളത്തിന്റെ ശ്വാസകോശമാണ്. നമ്മുടെ നദികളുടെ ജന്മസ്ഥലം, മഴയുടെ അടിത്തറ, ജൈവവൈവിധ്യത്തിന്റെ കലവറ, കാലാവസ്ഥയുടെ കാവല്ക്കാരന്. അതിനെ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരുംതലമുറകളോടുള്ള നമ്മുടെ കടമ കൂടിയാണ്.
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ ഭൂമിയുടെ ഖലീഫ(Surah Al-Baqarah – 2:30) പരിപാലകന് ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ നാശം വിതയ്ക്കരുതെന്നും പ്രകൃതിയുടെ സന്തുലനം തകര്‍ക്കരുതെന്നും അത് പഠിപ്പിക്കുന്നു. അതിനാല്‍ വനസംരക്ഷണം ഒരു പരിസ്ഥിതി നയം മാത്രമല്ല; ഒരു ധാര്‍മിക ബാധ്യത കൂടിയാണ്. എന്നാല്‍ അതേ ഖുര്‍ആന്‍ നീതിയെയും മനുഷ്യന്റെ അന്തസ്സിനെയും ഉയര്‍ത്തിപ്പിടിക്കുന്നു. അതിനാല്‍ പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍ പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യനെയും സംരക്ഷിക്കണം. പരിസ്ഥിതിയെ കാക്കുക എന്നത് മനുഷ്യനെ ശിക്ഷിക്കുക എന്നതല്ല.
ഇന്ത്യന്‍ ഭരണഘടനയും ഇതേ സന്തുലിത സമീപനമാണ് സ്വീകരിക്കുന്നത്. അനുച്ഛേദം 48A പരിസ്ഥിതിയും വനങ്ങളും സംരക്ഷിക്കാന്‍ രാഷ്ട്രത്തോട് ആവശ്യപ്പെടുന്നു. അനുച്ഛേദം 51A(g) പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്ന് പറയുന്നു. എന്നാല്‍ അതോടൊപ്പം അനുച്ഛേദം 21 ഓരോ മനുഷ്യനും അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു. അതിനാല്‍ പരിസ്ഥിതിയും മനുഷ്യനും തമ്മില്‍ തിരഞ്ഞെടുക്കുകയല്ല ഭരണകൂടത്തിന്റെ കടമ; രണ്ടിനെയും ഒരുപോലെ സംരക്ഷിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് 2026 ജൂലൈ 27-ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പശ്ചിമഘട്ട ESA സംബന്ധിച്ച പുതിയ കരട് വിജ്ഞാപനത്തെ വിലയിരുത്തേണ്ടത്. വിജ്ഞാപനത്തില്‍ ജനവാസം ഒഴിപ്പിക്കില്ലെന്നും കൃഷിക്കും പ്ലാന്റേഷന് പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയമത്തിലെ ഏതാനും ഉറപ്പുകള്‍ മാത്രം മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആശങ്കകള്‍ അകറ്റാന്‍ പര്യാപ്തമല്ല. അതിര്‍ത്തി നിര്‍ണയമാണ് അവരുടെ ഭാവി നിര്‍ണയിക്കുന്നത്.
കരട് വിജ്ഞാപനപ്രകാരം കേരളത്തില്‍ 131 വില്ലേജുകളാണ് ESAയുടെ ഭാഗമായി പട്ടികപ്പെടുത്തിയിരിക്കുന്നത്. ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ മേഖലയിലെ 9,107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്, എന്നാല്‍ 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയുമാണ് ഉള്‍പ്പെടുന്നത്. ഈ കണക്കുകള്‍ തന്നെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വനസംരക്ഷണമാണ് ESAയുടെ ലക്ഷ്യമെങ്കില്‍, വനമല്ലാത്ത ജനവാസ-കാര്‍ഷിക മേഖലകള്‍ എന്തുകൊണ്ടാണ് ESAയുടെ പരിധിയില്‍ തുടരേണ്ടത്?
ഈ ചോദ്യത്തിനുള്ള ശാസ്ത്രീയമായ മറുപടി കേരളം നേരത്തേ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. 2024 മേയ് 12ന് കേരള സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് KML (Keyhole Markup Language അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ ഭൂപട നിര്‍ദേശം സമര്‍പ്പിച്ചു. ഓരോ സര്‍വേ നമ്പറും സ്ഥല പരിശോധനയിലൂടെ പരിശോധിച്ച് വനം, ജനവാസം, കൃഷിയിടം, തോട്ടം, പൊതുസ്ഥാപനങ്ങള്‍ എന്നിവ വ്യക്തമായി വേര്‍തിരിച്ച ജിയോസ്പെഷ്യല്‍ രേഖയാണത്. ഉപഗ്രഹചിത്രങ്ങളെ മാത്രം ആശ്രയിക്കാതെ യഥാര്‍ഥ ഭൂവിനിയോഗമാണ് ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനം. അതിനാല്‍ അത് ഒരു രാഷ്ട്രീയ രേഖയല്ല; ശാസ്ത്രീയവും ഭരണപരവുമായ രേഖയാണ്.
വനേതര പ്രദേശങ്ങള്‍ ESAയില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നവര്‍ പരിസ്ഥിതി സംരക്ഷണത്തിന് എതിരാണെന്ന വാദം വസ്തുതാപരമല്ല. യഥാര്‍ഥ ചോദ്യം ESA വേണമോ എന്നതല്ല; ESAയുടെ അതിര്‍ത്തി ശാസ്ത്രീയമാണോ എന്നതാണ്.
ഈ 886.7 ചതുരശ്ര കിലോമീറ്റര്‍ ഒരു ശൂന്യഭൂമിയല്ല. തലമുറകളായി മനുഷ്യര്‍ താമസിക്കുന്ന പ്രദേശങ്ങളും, കൃഷിയിടങ്ങളും, തോട്ടവിള മേഖലകളും, വിദ്യാലയങ്ങളും, ആശുപത്രികളും, ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടിയാണ്.ഇവയും വനവും ഒരേ മാനദണ്ഡത്തില്‍ കാണുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യും.
അതേസമയം, കേരളത്തിന്റെ ആവശ്യം വനേതര മേഖല ഒഴിവാക്കുക എന്നതില്‍ മാത്രം ഒതുങ്ങരുത്. നിലവിലെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാതെ പോയിട്ടും പശ്ചിമഘട്ടത്തിന്റെ തുടര്‍ച്ചയായ വനമേഖലയുടെ ഭാഗമായ വനഭൂമികള്‍ ESAയില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടണം. ഇതാണ് ഈ ചര്‍ച്ചയുടെ ഏറ്റവും നിര്‍ണായകമായ വശം.
ഉദാഹരണത്തിന്, കോഴിക്കോട് ജില്ലയിലെ കാവിലുംപാറയും ചെമ്പനോടയും ESA പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കിടയിലെ മരുതോങ്കര വില്ലേജിലെ പശ്ചിമഘട്ട വനഭാഗം ESAയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.അതു പോലെ കക്കയം ഡാമും മലബാര്‍ വന്യ ജീവി സങ്കേതവും ഉള്‍പ്പെടുന്ന കൂരാച്ചുണ്ട് വില്ലേജും ഈ വിജ്ഞാപനത്തിന് പുറത്താണ്. ഇത് അന്തിമ പരിശോധനയില്‍ ശരിവരുത്തേണ്ട വിഷയമാണ്. അത്തരം സാഹചര്യമാണെങ്കില്‍ അത് തീര്‍ച്ചയായും തിരുത്തപ്പെടണം. കാരണം ESAയുടെ ലക്ഷ്യം വില്ലേജുകളെ സംരക്ഷിക്കലല്ല; പശ്ചിമഘട്ട വനത്തിന്റെ പരിസ്ഥിതി തുടര്‍ച്ച (Forest Connectivity) സംരക്ഷിക്കലാണ്.
അതിനാല്‍ അന്തിമ വിജ്ഞാപനത്തിന്റെ മാനദണ്ഡം വില്ലേജ് അതിര്‍ത്തിയല്ല; വനത്തിന്റെ അതിര്ത്തിയായിരിക്കണം. ജനവാസം അനാവശ്യമായി അകത്താകരുത്; യഥാര്‍ഥ പശ്ചിമഘട്ട വനമേഖല അബദ്ധത്തില്‍ പുറത്താകുകയും അരുത്.
ഇന്ത്യന്‍ സുപ്രീംകോടതി പരിസ്ഥിതി സംബന്ധിച്ച നിരവധി വിധികളില്‍ വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഭരണഘടനാപരമായ വഴി എന്ന് Vellore Citizens Welfare Forum v. Union of India കേസിലൂടെ സുസ്ഥിര വികസനം(Sustainable development )മുന്‍കരുതല്‍ തത്വം (the precautionary principle )പരിസ്ഥിതി നീതി (Environmental Justice )എന്നിവ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമായി. അതിന്റെ സാരം വ്യക്തമാണ്: പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ മനുഷ്യന്റെ നിയമപരമായ അവകാശങ്ങളെ അനാവശ്യമായി ഹനിക്കാനാവില്ല; അതുപോലെ വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കാനും പാടില്ല.ഈ തത്വം ESAയുടെ അന്തിമ വിജ്ഞാപനത്തിലും പ്രതിഫലിക്കണം.കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചരിത്രപരമായ ഒരു തീരുമാനത്തിന്റെ മുന്നിലാണ്. അത് പരിസ്ഥിതിയുടെയും മലയോര ജനതയുടെയും ഇടയില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യമല്ല. രണ്ടിനെയും ഒരുമിച്ച് സംരക്ഷിക്കാനുള്ള അവസരമാണ്.
അതിനായി നാല് കാര്യങ്ങള്‍ അനിവാര്യമാണ്.
ഒന്നാമത്, പശ്ചിമഘട്ട വനമേഖലകള്‍ക്ക് ശക്തമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കണം.
രണ്ടാമത്, കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ KML അടിസ്ഥാനത്തിലുള്ള ഭൗതിക പരിശോധനയുടെ അടിസ്ഥാനത്തില്‍ ESAയില്‍ നിന്ന് ഒഴിവാക്കണം.
മൂന്നാമത്, കേരള സര്‍ക്കാര്‍ 2024 മേയ് 12-ന് സമര്‍പ്പിച്ച KML നിര്‍ദേശത്തെ അന്തിമ അതിര്‍ത്തി നിര്‍ണയത്തിന്റെ അടിസ്ഥാനരേഖയായി അംഗീകരിക്കണം.
നാലാമത്, നിലവില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള യഥാര്‍ഥ പശ്ചിമഘട്ട വനഭൂമികളെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ESAയില്‍ ഉള്‍പ്പെടുത്തുകയും അതിന്റെ വിസ്തൃതി കുറയ്ക്കാതിരിക്കുകയും ചെയ്യണം.ഇതാണ് യഥാര്‍ഥ പരിസ്ഥിതി നീതി.
കാരണം മലയോര ജനത കാടിന്റെ ശത്രുക്കളല്ല. അവര്‍ കാടിന്റെ ഏറ്റവും അടുത്ത അയല്‍ക്കാരും കാവല്‍ക്കാരുമാണ്. അവരുടെ കൈകളിലൂടെയാണ് ഈ വനങ്ങള്‍ തലമുറകളായി സംരക്ഷിക്കപ്പെട്ടത്.കൂടാതെ മലയാരങ്ങളില് വിവിധ പദ്ധതികള്‍ക്കായി പ്രവാസികള്‍ വാങ്ങി കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിയും ESA ഭീഷണിയുടെ നിഴലിലാണ്.മണലാരണ്യത്തില്‍ ആയുസ് ചെലവഴിച്ച് പ്രവാസികള്‍ നെയ്തെടുത്ത സ്വപ്നങ്ങള്‍ സര്‍ക്കാര്‍ നയത്തിന്റെ പേരില്‍ തല്ലിക്കെടുത്തരുത്.അവരെ ആശങ്കയുടെ നിഴലില്‍ നിര്‍ത്തുന്ന ഒരു നയം ഒരിക്കലും വിജയിക്കില്ല.
പശ്ചിമഘട്ടം സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് മാത്രം സംരക്ഷിക്കപ്പെടില്ല; ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് സംരക്ഷിക്കപ്പെടുക. ആ വിശ്വാസം ഉണ്ടാകണമെങ്കില്‍ ഒരു അടിസ്ഥാനതത്വം അംഗീകരിക്കണം:
വനം ഉള്ളിടത്ത് ESA വേണം; ജനവാസമുള്ളിടത്ത് നീതി വേണം.അതാണ് ശാസ്ത്രം.അതാണ് ഭരണഘടന.അതാണ് പരിസ്ഥിതി നീതി.അതാണ് മലയോര ജനതയുടെ ന്യായമായ ആവശ്യം.
ESAയുടെ അതിര്‍ത്തി വരയ്ക്കേണ്ടത് മനുഷ്യന്റെ വീടിന്റെ മുറ്റത്തല്ല; വനത്തിന്റെ അതിര്‍ത്തിയിലാണ്. ജനവാസം പുറത്തും, പശ്ചിമഘട്ട വനം അകത്തും- ഈ തത്വമാണ് അന്തിമ വിജ്ഞാപനത്തിന്റെ അടിത്തറയാകേണ്ടത്. അതാണ് പ്രകൃതിയോടുള്ള ഉത്തരവാദിത്തവും ജനങ്ങളോടുള്ള നീതിയും ഒരുമിച്ച് പാലിക്കുന്ന ഏക മാര്‍ഗം.

