കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയുടെ വാര്‍ത്ത പുറംലോകമറിഞ്ഞത്. ബാംഗ്ലൂരിനടുത്തുള്ള യെലഹങ്കയിലുള്ള സ്വീറ്റ് കോണ്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന, പാലക്കാട് സ്വദേശിയായ കിരണ്‍ കൊല്ലപ്പെട്ടത്. ഫാക്ടറി ഉടമയുടെ മകളെ പ്രണയിച്ചതിന്, ഉടമയായ ആനന്ദ് രാജാണ് കിരണിനെ മര്‍ദ്ദിച്ച് കൊന്നത്. ആനന്ദിരാജിന്റെ മകളുമായി കിരണ്‍ പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറാന് ആനന്ദ് രാജ് കിരണിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രകോപിതനായ ആനന്ദ് രാജ്, ഫാക്ടറി ഗോഡൗണില്‍ നിന്ന് ക്രിക്കറ്റ് ബാറ്റും, ഇരുമ്പ് പൈപ്പുമുപയോഗിച്ച് മര്‍ദ്ദിച്ചു. ഇതോടെയാണ് കിരണ്‍ മരണപ്പെടുന്നത്.
ദുരഭിമാന കൊല രാജ്യത്ത് പുതുവാര്ത്തയല്ല പരിഷ്കൃതമായ ഒരു സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ ഇഷ്ടം പോലും ഇപ്പോഴും അംഗീകരിക്കപ്പെടുന്നില്ല എന്നത് നാടിന്റെ ദുര്യോഗമാണ്. ദുരഭിമാന കൊലയ്ക്ക് കാരണമാകുന്ന പ്രധാന ഘടകം ജാതി,മതം, പണം എന്നിവയാണ്. ഇതെല്ലാം സ്നേഹിക്കുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്നതിന് തടസ്സം നില്ക്കുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരം കാട്ടു നീതികള്‍ അരങ്ങേറുന്നത് എന്നറിയുമ്പോള്‍, നാമിനിയും ചില മതില്‍ക്കെട്ടുകള്‍ തകര്‍ക്കേണ്ട സമയം വൈകിക്കൂടാ എന്ന സന്ദേശമാണ് ഉണരേണ്ടത്.
