കോഴിക്കോട് :ജില്ലയിലെ ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി സുപ്രീം കോടതി നിര്‍ദ്ദേശം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട്‌വന്ന ഖര മാലിന്യ പരിപാലന ചട്ടം 2026 പ്രകാരമുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാം എന്ന് വിശദികരിക്കുന്നതിനും നിയമ പ്രകാരമുള്ള നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനും വേണ്ടി ഏകദിന ശില്പശാലകള്‍ നാളെ (സെപ്റ്റംബര്‍ 3) മുതല്‍ 16 വരെ ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്നു
മാലിന്യം ഒരു ശുചീകരണ പ്രശ്‌നം മാത്രമല്ല അത് ജനങ്ങളുടെ ആരോഗ്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും പ്രശ്‌നമാണ്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി 2026ല്‍ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം കൂടുതല്‍ നിര്‍ണായകമാകുന്ന സാഹചര്യത്തിലാണ് കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെ ഏകദിന പരിശീലനം നടത്തുന്നത്.മാലിന്യം ഉറവിടത്തില്‍ വേര്‍തിരിക്കുന്നതുമുതല്‍ ശേഖരണം, ഗതാഗതം, സംസ്‌കരണം, അന്തിമ കൈകാര്യം ചെയ്യല്‍ എന്നിവ വരെയുള്ള മുഴുവന്‍ സംവിധാനവും നിയമാനുസൃതവും ശാസ്ത്രീയവുമാക്കേണ്ട ഉത്തരവാദിത്വം 1/4/26 മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായി നിയമം പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ട്.
ഖരമാലിന്യ പരിപാലനം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തേണ്ട ഭരണപരമായ കടമയായി മാറിയിരിക്കുയാണ്. ഈ സാഹചര്യമാണ് സുപ്രീം കോടതി ഉത്തരവിന്റെയും ഖരമാലിന്യ പരിപാലന നിയമം 2026-ന്റെയും ഗൗരവം ജനപ്രതിനിധികളെ നേരിട്ട് പരിശീലനത്തിലൂടെ ബോധ്യപെടുത്തുന്നത്.
വാര്‍ഡ് തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തിപ്പെടുത്തുക, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നിരീക്ഷിക്കുക, പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുക, ഹരിതകര്‍മസേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജനപ്രതിനിധികളുടെ സജീവ ഇടപെടല്‍ പുതിയ നിയമത്തിലെ പ്രത്യേകതകളാണ്.
കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ 1560 പേരാണ് ശില്പശാലകളില്‍ പങ്കെടുക്കുക. പരിശീലനത്തിന്റെ മുന്നോടിയായി ഡി.പി സി ഹാളില്‍ ശില്പശാല ജില്ലാ തല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ മാടഞ്ചേരി സത്യനാഥന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സുപിന്‍, മനോജ്, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സരിത് , ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ ഡോ പ്രിയ ,മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു
നാളെ പരിശീലനപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം വടകര ബ്ലോക്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണനും, കോഴിക്കോട് ബ്ലോക്കില്‍ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷും നിര്‍വ്വഹിക്കും.
ഖര മാലിന്യ പരിപാലന ചട്ടം 2026
ജനപ്രതിനിധികള്‍ക്കുള്ള പരീശീലനം നാളെ മുതല്‍
