ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോള്‍ ഇതിഹാസം ലയണല്‍ ആന്ദ്രേസ് മെസ്സി അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്ത ലോകത്തെയാണ് ഞെട്ടിച്ചത്. ഭൂഖണ്ഡങ്ങളും, ഗ്രാമങ്ങളും ഒന്നിച്ചൊന്നായി ആനന്ദിച്ച് കയ്യടിച്ച ആ ഫുട്ബോള്‍ പ്രകടനം വഴിമാറുകയാണ്. കാല്പന്തുകളിയുടെ മാഹാമാന്ത്രിക ചലനങ്ങള്‍ക്കായി മിഴിനട്ട്, അതില്‍ ആവേശവും ആനന്ദവും സമ്മേളിച്ച് ആര്‍ത്തുല്ലസിച്ചിരുന്ന ഫുട്ബോള്‍ പ്രേമികളുടെ മനതാരില്‍ മെസ്സിയുടെ വിടവാങ്ങല്‍ തീകനലാണ് കോരിയിട്ടത്. ഏറെ ദുഃഖത്തോടെയാണ് മഹാതാരത്തിന്റെ വിടവാങ്ങല്‍ വാര്‍ത്ത ആരാധക ഹൃദയമേറ്റുവാങ്ങിയത്. ലോക ഫുട്ബോളില്‍ പല ഇതിഹാസ താരങ്ങളും പിറവിയെടുത്തിട്ടുണ്ടെങ്കിലും, മെസ്സിയെപോലെ രണ്ട് പതിറ്റാണ്ടു കാലം ഫുട്ബോളില്‍ നിറഞ്ഞാടിയ ഇതിഹാസ താരം, മെസ്സി മാത്രമാണ്. ലോക ഫുട്ബോളില്‍ ആവേശ കടലൊരുക്കിയ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ഡിഗോ മറഡോണയ്ക്ക് ശേഷമാണ് മെസ്സിയുടെ കടന്നുവരവ്. ലോക ഫുട്ബോളില്‍ അര്‍ജന്റീനയുടെ വെന്നിക്കൊടി പാറിച്ച ഇതിഹാസമാണ് മറരഡോണയെങ്കില്, ലോക ഫുട്ബോള്‍ പ്രേമികളില്‍ ഫുട്ബോളിന്റെ വശ്യസൗന്ദര്യം ആവാഹിച്ച അപൂര്‍വ്വ പ്രതിഭകൂടിയാണ് മെസ്സി.
ബാല്യത്തിലെ ക്ലേശകരമായ ചുറ്റുപാടുകളെ അതിജീവിച്ചാണ് മെസ്സിയുടെ മുന്നേറ്റം. ആ അനുഭവ പാഠങ്ങള്‍, അദ്ദേഹത്തെ ഏത് പ്രതിസന്ധിയിലും മുന്നേറാന്‍ പ്രാപ്തനാക്കി. മറഡോണയ്ക്ക് ശേഷം അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ലോക കിരീടം അണിയിച്ച ഇതിഹാസമാണ് മെസ്സി. ഇരുപതാണ്ടിന്റെ കരിയറില്‍ അദ്ദേഹം നേടിയ നേട്ടങ്ങള്‍ക്ക് ബദല്‍ വരാന്‍ കാലമെത്ര കാത്തിരിക്കേണ്ടി വരും?
പിതാവിന്റെ മരണശേഷമാണ് മെസ്സി നിര്‍ണ്ണായകമായ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. തന്റെ നിഴലായി നിന്നിരുന്ന പിതാവിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയിരിക്കാം. എങ്കിലും ക്ലബ്ബ് ഫുട്ബോളില്‍ അദ്ദേഹമുണ്ടാവുമെന്ന വാക്കുകള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരാശ്വാസമാണ്. ലോക ഫുട്ബോളില്‍ മെസ്സിയും, ക്രിസറ്റിയാനോ റൊണാള്‍ഡോയും രണ്ട് വിഭാഗം ആരാധകരെ സൃഷ്ടിച്ചു എന്നതും കൗതുകകരമാണ്. കൃസ്റ്റിയാനോയെയും, മെസ്സിയെയും താരതമ്യം ചെയ്തും ആരാധകര്‍ ആവേശഭരിതരായി. ഖത്തര്‍ ലോക കപ്പില്‍ മെസ്സി മുത്തമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ജ്വലിക്കുന്ന നക്ഷത്രമായി. ലോക ഫുട്ബോളിന് മെസ്സിയുടെ വിടവാങ്ങല്‍ തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഫുട്ബോള്‍ രംഗത്ത് ഇനിയുമുണ്ടാവട്ടെ. പുതുതലമുറയില്‍ നിന്ന് പ്രഗല്ഭരായ കളിക്കാര്‍ ഉയര്‍ന്ന് വരട്ടെ. അത്തരം യുവതാരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് ലയണല്‍ മെസ്സി.
പ്രിയ മെസ്സി, ലോക ഫുട്ബോളിന് അങ്ങയുടെ മാന്ത്രികത മറക്കാനാവില്ല. ആ ചുവട് വെയ്പുകള്‍ ഫുട്ബോള്‍ പ്രേമികള്‍ എന്നും താലോലിക്കും. അര്‍ജന്റീനയ്ക്ക് മാത്രമല്ല, ലോക ഫുട്ബോളിന്റെ പകരം വെക്കാനില്ലാത്ത രാജാവായി അങ്ങ് തുടരും. ഓരായിരം നന്ദി, അങ്ങ് നല്കിയ ആവേശത്തിന്. അലകടലുകളായി ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു, സലാം മെസ്സി.
