പി.ടി.നിസാര്‍
ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്ക് ആശയും ആവേശവുമായ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോക്ക് 100 വയസ്സ്. 2016ലാണ് അദ്ദേഹം വിടവാങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നിരന്തരം വെല്ലുവിളിച്ച ഫിദലിന് നേരെ 634 തവണയാണ് വധശ്രമമുണ്ടായതെന്നും അതെല്ലാം അതിജീവിച്ചെന്നും ക്യൂബ വ്യക്തമാക്കുന്നു. അമേരിക്ക പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ക്യൂബയേയോ ഫിദലിനെയോ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ലോകത്ത് പല രാജ്യങ്ങളിലും നടന്ന അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെയും, അവരുടെ ചാര സംഘടനയായ സിഐഎയുടെയും പങ്കുണ്ടെന്ന് വ്യക്തമായതാണ്്. പല രാജ്യങ്ങളിലും പ്രക്ഷോഭമഴച്ചുവിടാന്‍ ആസൂത്രണം നടത്തി ഭരണാധികാരികളെ ഇല്ലാതാക്കിയതും അമേരിക്ക നേരിടുന്ന ആരോപണങ്ങളാണ്. ക്യൂബയിലെ ഏകാധിപതിയായ ഭരണാധികാരി ബാറ്റിസ്റ്റയെ ഗറില്ലാ മാര്‍ഗ്ഗത്തില്‍ ആക്രമണം നടത്തിയാണ് ഫിദലും, സംഘവും കീഴ്‌പ്പെടുത്തിയത്. 1959ല്‍ ബാറ്റിസ്റ്റയെ പുറത്താക്കി ഫിദല്‍ ക്യൂബന്‍ പ്രസിഡണ്ടാവുമ്പോള്‍ അദ്ദേഹത്തിന് പ്രായം 32 വയസ്സായിരുന്നു. ഐതിഹാസികമായ ക്യൂബന്‍ വിപ്ലവത്തിന് അദ്ദേഹം നേതൃത്വം നല്‍കുമ്പോള്‍ കൂടെ ശക്തി കേന്ദ്രമായി വിപ്ലവ നക്ഷത്രം ചെഗുവേരയും കൂടെയുണ്ടായിരുന്നു. ക്യൂബയില്‍ വിപ്ലവ ശേഷം അധികാരത്തില്‍ വന്ന ഫിദലിന്റെ മന്ത്രി സഭയില്‍ ചെഗുവേരയും മന്ത്രിയായിരുന്നു. ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചെഗുവേരക്ക് സ്‌പെഷ്യല്‍ പരിഗണന നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രതികരണം കമ്മ്യൂണിസ്റ്റുകളും , സോഷ്യലിസ്റ്റുകളും എന്നും മാറോടണയ്‌ക്കേണ്ട വാക്കുകളാണ്. ഒരു സാധാരണ ക്യൂബന്‍ പൗരന് ലഭിക്കുന്ന ആനുകൂല്യം മാത്രം മന്ത്രിയായ തനിക്കും മതിയെന്നാണ് ചെഗുവേര പറഞ്ഞത്. ബൊളീവിയയിലെ വിപ്ലവ പ്രവര്‍ത്തനത്തിനിടയിലാണ് സിഐഎ, ചെഗുവേരയെ പിടികൂടി ക്രൂരമായി വധിച്ചത്. ആ വിപ്ലവകാരിയും, പോരാടുന്ന മനുഷ്യരുടെ മനസ്സുകളില്‍ എക്കാലവും ജ്വലിച്ച് നില്‍ക്കും.
മനുഷ്യ ബന്ധങ്ങളെ ലാഭത്തിന്റെ ഇഴകണ്ണികളിലൂടെ പിഴിയുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. അവര്‍ക്ക് എന്നും ഉത്തമ മാതൃകയാണ് ഫിദല്‍കാസ്‌ട്രോ. ലോകത്തെ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ക്കെതിരെ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എങ്ങിനെ ഉണര്‍ന്നിരിക്കണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഫിദല്‍. സാമ്രാജ്യത്വത്തിന് ഭീഷണിയായ ചേരിചേരാ പ്രസ്ഥാനത്തിന്റെ നായക സ്ഥാനവും ഫിദല്‍ വഹിക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ ഇല്ലാതായതും, പല സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍ന്നതും, ആഗോള തലത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ ദുരന്തഫലമാണ് ലോകത്ത് ഇന്ന് കാണുന്ന അശാന്തിയുടെ അടിസ്ഥാനം. അമേരിക്കയുള്‍പ്പെടുന്ന യുദ്ധവെറിയന്‍ ശക്തികള്‍ക്കെതിരെ ബദലുയര്‍ത്താന്‍ ഇന്ന് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്ല. സമ്പത്തും, അധികാരവും കയ്യടക്കാന്‍ യുദ്ധവും, അതിനകമ്പടിയായി വംശീയതയും കൂട്ടിയോജിപ്പിച്ചാണ് സാമ്രാജ്യത്വം മുന്നോട്ട് പോകുന്നത്. ഭൂമിയും, ആകാശവും കോര്‍പ്പറേറ്റ്കളുടെ അധീനതയിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാമെതിരെ ലോകത്ത് പലയിടത്തും ചെറുത്ത് നില്‍പ്പുകള്‍ ഉയരുന്നുണ്ട്. അത്തരം ചെറുത്ത് നില്‍പ്പുകള്‍ക്ക് പ്രചോദനമാകുന്ന വിപ്ലവ സൂര്യനാണ് ഫിദല്‍ കാസ്‌ട്രോ.
ഫിദല്‍ കാസ്‌ട്രോക്ക് 100;
വിപ്ലവ സൂര്യന് മരണമില്ല
