അരീക്കോട് ആസ്റ്റര്‍ മിംസില്‍ യുവതിക്ക് ഇരട്ട ശസ്ത്രക്രിയ; സിസേറിയനൊപ്പം ഗര്‍ഭാശയത്തിലെ വലിയ മുഴകളും നീക്കം ചെയ്തു

അരീക്കോട് ആസ്റ്റര്‍ മിംസില്‍ യുവതിക്ക് ഇരട്ട ശസ്ത്രക്രിയ; സിസേറിയനൊപ്പം ഗര്‍ഭാശയത്തിലെ വലിയ മുഴകളും നീക്കം ചെയ്തു

അരീക്കോട്: അമിതരക്തസ്രാവത്തിന് കാരണമാകുന്ന അപൂര്‍വ രോഗാവസ്ഥയുള്ള യുവതിക്ക് സിസേറിയനൊപ്പം ഗര്‍ഭാശയത്തിലെ വലിയ മുഴയും വിജയകരമായി നീക്കം ചെയ്ത് അരീക്കോട് ആസ്റ്റര്‍ മിംസിലെ ഗൈനക്കോളജി വിഭാഗം. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷമാണ് മെഡിക്കല്‍ സംഘം അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ഗര്‍ഭാശയത്തിന് താഴെ കണ്ടെത്തിയ അഞ്ഞൂറ് ഗ്രാം ഭാരം വരുന്ന മുഴയോടൊപ്പം മറ്റു മുഴകള്‍ കാരണം യുവതിക്ക് സ്വാഭാവിക പ്രസവം അസാധ്യമായതിനാലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇതിനുപുറമെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ ഗണ്യമായി കുറയുന്ന ക്രോണിക് ത്രോംബോസൈറ്റോപീനിയ കഠിനമായ വിളര്‍ച്ചയ്ക്ക് കാരണമാകുന്ന മെഗലോബ്ലാസ്റ്റിക് അനീമിയ എന്നീ ഗുരുതരമായ രോഗാവസ്ഥകളും ഇവരെ അലട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക ചികിത്സയിലൂടെ പ്ലേറ്റ്ലെറ്റുകളുടെ അളവും ഹീമോഗ്ലോബിനും വര്‍ധിപ്പിച്ച ശേഷമാണ് യുവതിയെ സിസേറിയന് വിധേയമാക്കിയത്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അതിവിദഗ്ധമായി ഗര്‍ഭാശയത്തിലെ മുഴയും നീക്കം ചെയ്ത ശേഷം ഭാവിയില്‍ വീണ്ടും അമ്മയാകാനുള്ള യുവതിയുടെ ശേഷിയെ ബാധിക്കാത്ത വിധം ഗര്‍ഭാശയത്തിന് യാതൊരു കേടുപാടുകളും വരുത്താതെയാണ് ഈ സങ്കീര്‍ണ ശസ്ത്രക്രിയ മെഡിക്കല്‍ സംഘം പൂര്‍ത്തിയാക്കിയത്.

സാധാരണയായി സിസേറിയന്‍ വേളയില്‍ ഫൈബ്രോയിഡ് മുഴകള്‍ നീക്കം ചെയ്യുന്നത് വളരെ അപൂര്‍വമാണ്. ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കൂടുതലായതിനാല്‍ അമിത രക്തസ്രാവമുണ്ടാകാനും തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭാശയം തന്നെ നീക്കം ചെയ്യേണ്ടി വരാനുമുള്ള വലിയ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത്തരം രീതികള്‍ വൈദ്യശാസ്ത്രത്തില്‍ സാധാരണയായി ഒഴിവാക്കുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. റഹ്ലാന വ്യക്തമാക്കി. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജലജ രാധാകൃഷ്ണന്‍, അനസ്തേഷ്യ വിഭാഗം ഡോ. ഷഹീന്‍, ഡോ. റനീന എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.

സങ്കീര്‍ണമായ പ്രസവചികിത്സാ രംഗത്ത് ലോകോത്തര നിലവാരമുള്ള പരിചരണം പ്രാദേശികമായി തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റോബിന്‍ സി.വി പറഞ്ഞു. പ്രദേശവാസികള്‍ക്ക് ആവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ സ്വന്തം നാട്ടില്‍ ഉറപ്പാക്കാന്‍ ആശുപത്രി മാനേജ്മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി ഏറ്റവും മികച്ച പരിചരണവും സമഗ്ര ചികിത്സയും ജനങ്ങളിലേക്ക് എത്തിക്കാനാണ് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അരീക്കോട് ആസ്റ്റര്‍ മിംസില്‍ യുവതിക്ക് ഇരട്ട ശസ്ത്രക്രിയ;
സിസേറിയനൊപ്പം ഗര്‍ഭാശയത്തിലെ വലിയ മുഴകളും നീക്കം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *