കോഴിക്കോട്: കുല്‍സിത മാര്‍ഗത്തിലൂടെ സംസ്ഥാന വഖഫ് ബോര്‍ഡ് പിടിച്ചെടുക്കാനും അതുവഴി ഈ ദിശയിലുള്ള ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പാക്കുന്നതിന് വഴിയൊരുക്കാനുമുള്ള കോണ്‍ഗ്രസ് -മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ഥിച്ചു. അധികാരത്തിലേറിയത് മുതല്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ സംസ്ഥാന വഖഫ് ബോര്‍ഡും മുനമ്പം പോലുള്ള വഖഫ് സ്വത്തുക്കളും പിടിച്ചെടുക്കാന്‍ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നമ്മുടെ നാടിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളെ പ്രക്ഷുബ്ധമാക്കുകയാണ്. മതേതര സമൂഹം ഇവരുടെ കള്ളപ്രചാരണങ്ങളെയും അപകടകരമായ നീക്കങ്ങളെയും വേണ്ടവിധം തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പത്രസമ്മേളനത്തില്‍പറഞ്ഞു.
എല്ലാ ജനവിഭാഗത്തിനും അവരുടെ വിശ്വാസപരവും സ്വത്വപരവുമായ സ്വാതന്ത്ര്യം പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഭരണഘടനയുടെ 14, 25, 26 ഖണ്ഡികകള്‍ അവകാശം നല്‍കുന്നുണ്ട്. അതനുസരിച്ച്, ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ച് ധര്‍മമാര്‍ഗത്തില്‍ സ്വത്തുക്കള്‍ ശാശ്വതമായി ദാനം ചെയ്യുന്ന സംവിധാനമായ വഖഫുകളുടെ പൂര്‍ണസംരക്ഷണവും കാര്യക്ഷമമായ പരിപാലനവും ഉദ്ദേശിച്ച് രൂപീകരിക്കപ്പെട്ട വഖഫ് ബോര്‍ഡുകളെ ക്ഷണികമായ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നതിന്റെ പരിണതിയാണ് വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍. 2025 ഫെബ്രുവരിയില്‍ രൂപീകരിക്കപ്പെട്ട കെ.എസ് ഹംസ ചെയര്‍മാനായ നിലവിലെ വഖഫ് ബോര്‍ഡ് തങ്ങളുടെ കുല്‍സിത അജണ്ട നടപ്പാക്കാന്‍ കൂട്ടുനില്‍ക്കില്ല എന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി വി.ഡി സതീശനും വകുപ്പ് മന്ത്രി എന്‍. ശംസുദ്ദീനും ബോര്‍ഡ് പിരിച്ചുവിടാനുള്ള തീവ്ര ശ്രമത്തിലാണ്.
പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അനുശാസിക്കും വിധം രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷിയ- ബോറ വിഭാഗത്തിന്റെ പ്രാതിനിധ്യം ഇല്ലെന്നും പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നത് വളരെ ആസൂത്രിതമായാണ്. നിലവിലെ ബോര്‍ഡ് നിയമവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനും മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത 2025ലെ വഖഫ് നിയമ ഭേദഗതി കോടതിവഴി കേരളത്തില്‍ നടപ്പാക്കാനുമാണ് ഇവരുടെ പദ്ധതി. ഇടതുസര്‍ക്കാരിന്റെ കാലത്ത് നിലവിലെ വഖഫ്‌ബോര്‍ഡ് ഉണ്ടാക്കിയപ്പോള്‍ സമിതിയില്‍ രണ്ട് മുസ്‌ലിമിതര അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ഏറ്റവും വിവാദമായ വ്യവസ്ഥ നടപ്പാക്കാതെ ഒമ്പതംഗ ബോര്‍ഡാണ് രൂപീകരിച്ചത്. ആ നടപടി വലിയ പാതകമാണെന്ന് ചിത്രീകരിച്ച് അമുസ്ലിംകളെ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
വിഷയം കോടതി മുമ്പാകെ എത്തിക്കാന്‍ നാല് ഹര്‍ജികള്‍ ഒരേ മേശക്ക് ചുറ്റുമിരുന്ന് തട്ടിക്കൂട്ടിയാണ് ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് നേതൃത്വം നാടകം കളിച്ചിരിക്കുന്നത്. അഡീഷണല്‍ അറ്റോണി ജനറലിന്റെറയും അഡ്വക്കറ്റ് ജനറലിന്റെയും ഒത്താശയോടെ തയാറാക്കിയ ഹര്‍ജികളില്‍ യുദ്ധകാലാടിസ്ഥനത്തില്‍ ഉത്തരവ് വന്നത് തന്നെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് ധാരണയുള്ളവരെ അമ്പരപ്പിക്കുന്നുണ്ട്. രണ്ട് അമുസ്‌ലിംകളെ ഉള്‍പ്പെടുത്തി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന സര്‍ക്കാര്‍ ഭാഷ്യം കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രഖ്യാപിത നയനിലപാടില്‍നിന്നുള്ള മലക്കം മറിച്ചിലാണ്. വിവാദ നിയമവ്യവസ്ഥക്കെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത കോണ്‍ഗ്രസും ലീഗും ആഗസ്റ്റ് 25ന് കേസ് പരിഗണനക്ക് വരുമ്പോള്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുക സംസ്ഥാന നിയമസഭ ഏക കണ്ഠമായി പാസ്സാക്കിയ നിലപാടില്‍നിന്നാണ് ഇക്കൂട്ടര്‍ മലക്കം മറിഞ്ഞ് സംഘ്പരിവാര്‍ പക്ഷത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പച്ചക്കള്ളം വിളമ്പുന്നതും വകുപ്പ് മന്ത്രിയടക്കം മുസ്‌ലിം
ലീഗ് നേതൃത്വം പല വിധ കാരണങ്ങളാല്‍ ആര്‍.എസ്.എസിനോട് കാണിക്കുന്ന അന്ധമായ വിധേയത്വവുമാണ്. തങ്ങളുടെ ആള്‍ക്കാരെ തലപ്പത്ത് പ്രതിഷ്ഠിച്ച് വഖഫ് ബോര്‍ഡ് പിടിച്ചെടക്കാനും അതുവഴി മുനമ്പം വഖഫ് കേസ് അട്ടിമറിക്കാനുമാണ് ഉദ്ദേശ്യമെങ്കില്‍ അത് നടപ്പാകാന്‍ പോകുന്നില്ലെന്നും അതിന്റെ ദൂരവ്യാപക പ്രത്യാഘാതം വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെ അനുഭവിക്കേണ്ടിവരുമെന്നും ഐ.എന്‍.എല്‍ മുന്നറിയിപ്പ് നല്‍കി.
‘പൗരത്വം ഔദാര്യമല്ല, അവകാശമാണ്’ എന്ന പ്രമേയത്തിന്മേല്‍ ആഗസറ്റ് ഒന്നുമുതല്‍ 15വരെ കാമ്പയിന്‍ സംഘടിപ്പിക്കാനും സ്വാതന്ത്ര്യ ദിനം ‘പൗരത്വ സംരക്ഷണ ദിനമായി ‘കൊണ്ടാടാനും തീരുമാനിച്ചു.
ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ബാനറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാര്‍ഥികളും-യുവജനങ്ങളും നടത്തിയ ധീരമായ പ്രക്ഷോഭം ജനാധിപത്യ പോരാട്ടത്തിലെ തിളക്കമാര്‍ന്ന ഒരധ്യായം തുന്നിച്ചേര്‍ത്തതായി പാര്‍ട്ടി വിലയിരുത്തി. ഉരുക്ക് മുഷ്ടി കൊണ്ട് പൊരുതുന്ന യുവതയെ അടിച്ചമര്‍ത്താനും അവരുടെ ശബ്ദം തല്ലിക്കെടുത്താനും ഭരണകൂട ഭീകരത പുറത്തെടുത്ത മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു മന്ത്രിയുടെ രാജി.’പാറ്റ’കളുടെ അചഞ്ചലമായ സമരവീര്യവും അതിന്റെ ഫലപ്രാപ്തിയും ഫാഷിസം കൂരിരുള്‍ പരത്തിയ ഈ ദശാസന്ധിയില്‍ കൂടുതല്‍ പ്രതീക്ഷകള്‍ കൈമാറുന്നതായി പാര്‍ട്ടി വിലയിരുത്തി. വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലാം നരിക്കുനി, ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ , കെ.പി.അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു.
വഖഫ്: കാവി അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ
മതേതര സമൂഹം ചെറുക്കണം;ഐ.എന്‍.എല്‍
