കോഴിക്കോട്: എന്‍.സി.പി. അജിത് പവാര്‍ വിഭാഗം കേരളത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ലയിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എന്‍.സി.പി. കേരള സംസ്ഥാന ഘടകം. ഇത്തരമൊരു ലയനം സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന ഘടകമോ ദേശീയ നേതൃത്വമോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. എ. ജബ്ബാറും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. എം. ഷാജിയും അറിയിച്ചു.
എന്‍.സി.പി.യില്‍നിന്ന് രാജിവെച്ച എന്‍. എ. മുഹമ്മദ് കുട്ടി പാര്‍ട്ടിയുടെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗിച്ച് നടത്തിയ പത്രസമ്മേളനവും ലയനവുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്ന പ്രഖ്യാപനവും അംഗീകരിക്കാനാകില്ലെന്നും നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍ എന്‍.സി.പി.യുടെ പേരില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ദേശീയ നേതൃത്വം അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.
