യു.കെ ഗവേഷക സംഘം യു.എല്‍. കെയര്‍ നായനാര്‍ സദനം സന്ദര്‍ശിച്ചു; ഭാവി സഹകരണത്തിന് സാധ്യത

യു.കെ ഗവേഷക സംഘം യു.എല്‍. കെയര്‍ നായനാര്‍ സദനം സന്ദര്‍ശിച്ചു; ഭാവി സഹകരണത്തിന് സാധ്യത

കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി യു.കെയില്‍ നിന്നുള്ള പ്രമുഖ ഗവേഷക സംഘം കോഴിക്കോട്ടെ യു.എല്‍. കെയര്‍ നായനാര്‍ സദനം സന്ദര്‍ശിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് ഭാവിയില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന സംയുക്ത പദ്ധതികള്‍ ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം.

യു.കെ. കെന്റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ പെര്‍ഫോമന്‍സ് പ്രൊഫസറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് അക്കാദമിക് കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ. നിക്കോള ഷോനെസ്സി, ഗില്‍ഡ്‌ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ആക്ടിങ് റിസര്‍ച്ച് ഡയറക്ടറും തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റുമായ പ്രൊഫ. റോബര്‍ട്ട് ഷോനെസ്സി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറ്റ് അനുബന്ധ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും.

നായനാര്‍ സദനത്തിലെത്തിയ സംഘം ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വിവിധ കേന്ദ്രങ്ങളും പ്രവര്‍ത്തന യൂണിറ്റുകളും വീക്ഷിച്ചത്. തുടര്‍ന്ന് പരിശീലനാര്‍ത്ഥികളോടും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരോടും സംസാരിക്കുകയും സ്ഥാപനത്തിലെ പരിശീലന രീതികള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു.

യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജയരാജ് എം.കെ. പദ്ധതിയുടെ വിശദാംശങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൊഫ. നിക്കോള തന്റെ ഗവേഷണ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓട്ടിസം ബാധിതരായ വ്യക്തികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കലയിലൂടെയും സര്‍ഗ്ഗാത്മക മാധ്യമങ്ങളിലൂടെയും എങ്ങനെ വികസിപ്പിക്കാമെന്ന വിഷയത്തിലാണ് താന്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. നായനാര്‍ സദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പ്രൊഫ. നിക്കോള അഭിപ്രായപ്പെട്ടു.

പരിശീലനാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പ്രത്യേക സംവാദത്തില്‍ രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് ഗവേഷകര്‍ മറുപടി നല്‍കി. കൂടാതെ പ്രത്യേക പരിശീലന രീതികളുടെ ഡെമോണ്‍സ്‌ട്രേഷനും യു.കെ സംഘം അവതരിപ്പിച്ചു.

 

 

യു.കെ ഗവേഷക സംഘം യു.എല്‍. കെയര്‍ നായനാര്‍ സദനം സന്ദര്‍ശിച്ചു;
ഭാവി സഹകരണത്തിന് സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *