കോഴിക്കോട്: പ്രവാസി പെന്ഷന് വിതരണം ചെയ്യാത്ത യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം സംഘടിപ്പിക്കുന്ന പ്രവാസി ക്ഷേമ നിധി ഓഫീസ് മാര്‍ച്ച് 21ന് (ചൊവ്വ) കാലത്ത് 10.30ന് നടക്കുമെന്ന് ജില്ലാ ഭാരവാഹികളായ സി.വി.ഇഖ്ബാലും, കെ.സജീവ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്കാണ് പെന്ഷന് ലഭിക്കാത്തത്. യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വിഹിതം അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.പ്രവാസികളെ പരിപൂര്‍ണ്ണമായും അവഗണിച്ച ഒരു ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശന് അവതരിപ്പിച്ചത്. 10 ലക്ഷത്തോളം പ്രവാസികളാണ് പ്രവാസി ക്ഷേമ നിധിയില്‍ അംഗങ്ങളായിട്ടുള്ളത്. ബജറ്റിലെ അവഗണനക്കെതിരെ, കേരള പ്രവാസി സംഘം സെക്രട്ടറിയേറ്റിനു മുന്പില് സമരം നടത്തിയിരുന്നു. പ്രവാസി വിഷയങ്ങള്‍ കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാകുന്നില്ലെന്നവര് കുറ്റപ്പെടുത്തി. 2009ലെ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് പ്രവാസി പെന്ഷന് 500 രൂപയാക്കിയത്. 2016ലും, 2021ലും, അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരാണ് 3000 – 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. അംശാദായമടക്കം 7000 രൂപവരെ പെന്ഷന് ലഭിക്കുന്നവരുണ്ട്. നോര്‍ക്കയുടെയും, പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്. കോഴിക്കോട് നടക്കുന്ന സമരം സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ഗഫൂര്‍.പി.ലില്ലീസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുക. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ സലീം മണാട്ട്, വൈസ് പ്രസിഡണ്ട് കെ.കെ.ശങ്കരന് എന്നിവര്‍ സംബന്ധിച്ചു.
