വേണം കേരളത്തില്‍ വന്‍കിട വ്യവസായ സംരംഭങ്ങള്‍

വേണം കേരളത്തില്‍ വന്‍കിട വ്യവസായ സംരംഭങ്ങള്‍

           പത്ത് വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ വി.ഡി.സതീശന്‍ സര്‍ക്കാരിനെ വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്. പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ നല്ല മുന്നേറ്റമാണ് കാഴ്ചവെച്ചത്. അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ കേന്ദ്രാവിഷ്‌കൃതമടക്കം) നന്നായി നടപ്പിലാക്കാന്‍ ഇച്ഛാശക്തിമൂലം പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അടിസ്ഥാന മേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടത് തന്നെയാണ്.
യു ഡി എഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ്. വ്യവസായ സംരംഭങ്ങള്‍ പുതുതായി ആരംഭിക്കാന്‍ സാധിച്ചാല്‍ മാത്രമേ, അഭ്യസ്തവിദ്യരായ നമ്മുടെ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കാനാവൂ. വ്യവസായ വികസനത്തില്‍ തമിഴ്‌നാട് നടത്തുന്ന മുന്നേറ്റം എല്ലാവര്‍ക്കും മാതൃകയാണ്. നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണം. പൊതുമേഖലാ സ്ഥാനപങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആവശ്യമായ പരിഷ്്ക്കാരങ്ങള്‍ ആ മേഖലയില്‍ നടത്താനാവണം.
ഐടി, വെഹിക്കിള്‍, ഉല്‍പ്പാദന മേഖല, നിര്‍മ്മാണ മേഖല എന്നീ അടിസ്ഥാന മേഖലകളിലാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ആവശ്യം. ആ ദിശയില്‍ മികച്ച കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കേന്ദ്ര സര്‍ക്കാരില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സമ്മര്‍ദ്ദം ചെലുത്തി പദ്ധതികള്‍ കൊണ്ട്‌വരാനാവണം. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട എയിംസ് നേടിയെടുക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് നിലപാടെടുക്കണം.
കാര്‍ഷിക മേഖലയില്‍ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുകയും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാര്‍ക്കറ്റ് ചെയ്യുകയും വേണം. കേരളത്തിന്റെ അടിസ്ഥാന സമ്പത്ത് കാര്‍ഷിക മേഖലയാണ്. അതിന്റെ പരിപോഷണത്തില്‍ നാം വിട്ടുവീഴ്ച ചെയ്തുകൂടാ. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഐടി മേഖലയില്‍ കേരളത്തിന് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. അത് കൂടുതല്‍ വിപുലമാക്കാന്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയമിക്കണം.
വിദേശ മലയാളികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിന്റെ അടിത്തറയാണ്. അത് കൂടുതല്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പദ്ധതികളിലെ അഴിമതികള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മോണിറ്ററിംഗ് ആവശ്യമാണ്. സര്‍ക്കാരും പൊതു സമൂഹവും ഒന്നിച്ച് കൈകോര്‍ത്ത് നല്ല വികസിത കേരളം സൃഷ്ടിക്കാന്‍ രംഗത്തിറങ്ങണം.

വേണം കേരളത്തില്‍ വന്‍കിട വ്യവസായ സംരംഭങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *