വയനാട് തുരങ്കപാത: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പന്‍
മേപ്പാടി : കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ടത്തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലുമായ ഈ തുരങ്ക പാതയുടെ വികസനം സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള സമ്പര്‍ക്കം ഗണ്യമായി മെച്ചപ്പെടും. പതിറ്റാണ്ടുകളായി യാത്രക്കാര്‍ അനുഭവിക്കുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാടിന്റെയും കോഴിക്കോടിന്റെയും വിനോദസഞ്ചാരമേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുവാനും വ്യാപാരം, സാമൂഹിക വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നതിലൂടെ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും തുരങ്കപാത വേഗത പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കപാത എന്നത് ദീര്‍ഘകാലത്തെ വലിയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ്. ഇത്തരമൊരു വന്‍കിട പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും കാണിച്ച ദീര്‍ഘവീക്ഷണത്തെയും നിശ്ചയദാര്‍ഢ്യത്തെയും താന്‍ ഏറെ വിലമതിക്കുന്നു. കേരളത്തിന്റെ ഭാവി വികസനത്തെ രൂപപ്പെടുത്തുന്ന ഈ പദ്ധതി ഓരോ മലയാളിക്കും അഭിമാനമാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
