സി.എ.ഉമ്മര്‍കോയ വലിയങ്ങാടിയുടെ വ്യാപാര പൈതൃകത്തിന്റെ കാവലാള്‍

സി.എ.ഉമ്മര്‍കോയ വലിയങ്ങാടിയുടെ വ്യാപാര പൈതൃകത്തിന്റെ കാവലാള്‍

പി.ടി.നിസാര്‍

കോഴിക്കോട്: വലിയങ്ങാടിയുടെ കച്ചവട കളരിയില്‍ വ്യാപാരത്തിന്റെ  ബാലപാഠം പഠിക്കാന്‍ സി.എ.ഉമ്മര്‍കോയക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. അതിനൊരു കാരണവുമുണ്ട്. നമുക്ക് 20-ാം  നൂറ്റാണ്ടിന്റെ ആദ്യത്തിലേക്കൊന്ന് പോകാം. അന്ന് വലിയങ്ങാടി കച്ചവട പ്രാമാണ്യത്തിന്റെ തലസ്ഥാനം തന്നെയായിരുന്നു. അറബി നാടുകളുമായും വിദേശികളുമായും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ വാണിജ്യ നഗരങ്ങളുമായി വലിയങ്ങാടി വ്യാപാര തിരമാലകള്‍ തീര്‍ക്കുമ്പോള്‍ ഉമ്മര്‍ കോയയുടെ വല്ല്യുപ്പ എം.ഉമ്മര്‍കോയ 1905ലാണ് വലിയങ്ങാടിയില്‍ മലഞ്ചരക്ക് വ്യാപാരത്തിനായി പാണ്ടികശാല ആരംഭിക്കുന്നത്. കുരുമുളക്, കൊപ്ര, കപ്പ,ചുക്ക്,അടയ്ക്ക ഉൾപ്പെടെ എല്ലാതരം മലഞ്ചരക്ക് ഉല്‍പ്പന്നങ്ങളായിരുന്നു വിപണനം ചെയ്തിരുന്നത്. വല്ല്യുപ്പയില്‍ നിന്നാണ് ഉമ്മര്‍ കോയയുടെ ബാപ്പയായ കെ.വി.മൂസ്സക്കോയ 1957ല്‍ മൂസ്സക്കോയ ആന്റ് കമ്പനി ആരംഭിക്കുന്നത്. ഉപ്പയായ എം.ഉമ്മര്‍കോയയില്‍ നിന്ന് ബിസിനസ്സിന്റെ ബാലപാഠം കരസ്ഥമാക്കിയ കെ.വി.മൂസ്സക്കോയയും കച്ചവടത്തില്‍ വെന്നിക്കൊടി പാറിച്ചു.
ഉപ്പയുടെ ബിസിനസ്സ് നന്നായി മുന്നോട്ട് പോകുമ്പോഴാണ് സി.എ ഉമ്മര്‍ കോയയുടെ കോളേജ് പഠനം നടക്കുന്നത്. എം.എം.ഹൈസ്‌കൂളില്‍ നിന്ന് പത്താംതരം പാസായി. ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും, ഫാറൂഖ് കോളേജില്‍ നിന്ന് ബി-കോമും കഴിഞ്ഞതിന് ശേഷം ഉപ്പയുടെ കൂടെ കച്ചവടത്തില്‍ കൂടി. ഉമ്മര്‍ കോയയ്ക്ക് കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് ഉപ്പ തന്നെയായിരുന്നു. ഉപ്പ വ്യാപാരി എന്നതിലുപരി പൊതു കാര്യങ്ങളില്‍ ഇടപെടുന്ന വ്യക്തിത്വം കൂടിയായിരുന്നു. ആ മാതൃക ഉമ്മര്‍ കോയയയും പിന്‍പറ്റി. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ 1964ല്‍ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് ജില്ലയുടെ മൊത്തം റേഷന്‍ വിതരണത്തിന്റെ ഏജന്റായി കെവി മൂസക്കോയ ആന്‍ഡ് കംമ്പനിയെ നിശ്ചയിക്കുകയും സര്‍ക്കാര്‍ ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയില്‍ ഉപ്പയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാനായെന്നത് ഭാഗ്യമായി കരുതുന്നതായി സിഎ ഉമ്മര്‍കോയ പറഞ്ഞു. ഉപ്പ ഈ കാര്യത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റില്‍ അംഗമായിരുന്നു. അതുപോലെ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ കപ്പ(പൂള)യുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. കപ്പ കയറ്റുമതി ചെയ്യാനുള്ള പെര്‍മിറ്റ് കെവി മൂസക്കോയ ആന്‍ഡ് കമ്പനിക്കാണ് സര്‍ക്കാര്‍നല്‍കിയത്. ഇതോടെ നമ്മുടെ ആവശ്യത്തിനുള്ള കപ്പ കഴിഞ്ഞുള്ളവ കണ്‍ട്രോള്‍ പെര്‍മിറ്റോടുകൂടി കെവി മൂസക്കോയ ആന്‍ഡ് കമ്പനി കൈകാര്യം ചെയ്യുകയായിരുന്നു.
അന്നത്തെ കാലം കച്ചവടരംഗത്ത് ആത്മ സമര്‍പ്പണത്തിന്റെ കാലമായിരുന്നു. രാവിലെ 8 മണിയോടെ പാണ്ടികശാലയിലെത്തും. ഉച്ചയ്ക്കുള്ള ആഹാരം വീട്ടില്‍ നിന്ന് കൊണ്ട് വരികയായിരുന്നു. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രി 8,9 മണിയാവും. പിറ്റേന്നും നേരത്തെ കടയിലേക്കിറങ്ങും. അന്ന് കച്ചവടത്തിന്റെ പൂക്കാലമായിരുന്നു. മലബാറിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും സാധനങ്ങള്‍ എടുക്കാനും, വില്‍ക്കാനും ആളുകള്‍ കൊപ്ര ബസാറിലെത്തിയിരുന്നു. ഒരു ദിവസം 30 ലോഡ് കപ്പ വരെ ഇവിടെ നിന്നും കയറ്റിപ്പോകാറുണ്ടായിരുന്നു. കൊപ്ര, നാളികേരം, കുരുമുളക്, ഇഞ്ചി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ പല പ്രധാന നഗരങ്ങളിലേക്കും കൊപ്ര ബസാറില്‍ നിന്ന് കയറ്റിപ്പോകുമായിരുന്നു.
കച്ചവടം പൊടിപൊടിക്കുന്ന കാലത്താണ് സെയില്‍  ടാക്‌സ്‌ പ്രശ്നവും തൊഴിലാളി പ്രശ്നവും കാരണം വലിയങ്ങാടി സ്തംഭിച്ചത്. കേരള ചരിത്രത്തിലാദ്യമായി കച്ചവടക്കാര്‍ തെരുവിലിറങ്ങിയത് ഈ സമരത്തിലാണ്. അന്യായമായി സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നതും, തൊഴിലാളികള്‍ അനാവശ്യമായി അവകാശങ്ങള്‍ ചോദിച്ച് ദ്രോഹിക്കുന്നതിനെതിരെയായിരുന്നു സമരം. കച്ചവടക്കാരെ കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറ്റിക്കുറിക്കുന്നതായിരുന്നു ഈ സംഭവം. കച്ചവടക്കാര്‍ കച്ചവടം ചെയ്ത് ഷോപ്പില്‍ ഇരിക്കുക മാത്രമല്ല, വ്യാപാര മേഖലയുടെ സംരക്ഷണത്തിനും തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പില്‍ക്കാലത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രൂപീകരിക്കപ്പെടുന്നത്.
കെ.വി.മൂസ്സക്കോയ ഹാജിക്കും, മറിയംബിക്കും 10 മക്കളായിരുന്നു. സി.എ.കുഞ്ഞമ്മത്‌കോയ, സി.എ.ഉമ്മര്‍കോയ സി.എ.ഹാരിസ്(ജെഡിടി സെക്രട്ടറി), സി.എ.കോയസ്സന്‍കോയ, സി.എ.പാത്തുമ്മബി, സി.എ.സുബൈദ, സി.എ.ആമിനബി, സി.എ. ആയിഷബി, സി.എ.സഫിയ, സി.എ.കുഞ്ഞിബി.
മക്കളെ  മാതാപിതാക്കള്‍ ദീനി ബോധത്തോടെയാണ് വളര്‍ത്തിയത്. മദ്രസ പഠന കാലത്ത് തന്നെ സ്പോര്‍ട്സില്‍ കമ്പമുണ്ടായിരുന്നു ഉമ്മര്‍കോയക്ക്. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഇത് കൂടുതല്‍ തളിരിട്ടു. ഫുട്ബോള്‍, ഷട്ടില്‍ എന്നിവയായിരുന്നു ഇഷ്ട വിനോദങ്ങള്‍. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെയാണ് പഠിക്കുന്നത്. ബാലജന സഖ്യത്തിന്റെ ക്യാമ്പിലും പങ്കെടുത്തിരുന്നു.എം.എം.ഹൈസ്‌കൂളിലെ പ്രധാനധ്യാപകനായിരുന്ന പി.വി.മുഹമ്മദ്, ഐ.വി.ശേഷ നാരായണന്‍ സാര്‍ എന്നിരുടെ അകമഴിഞ്ഞ പ്രോത്സാഹനം ഉമ്മര്‍കോയക്ക്് വലിയ പ്രചോദനമായിരുന്നു.
1960ലാണ് പരപ്പില്‍ കേന്ദ്രമാക്കി പി.പി.മമ്മത്കോയ പരപ്പില്‍ സംഘം രൂപീകരിക്കുന്നത്. പി.പി.മമ്മത്കോയയുടെ നേതൃപാടവും, സാമൂഹിക പ്രതിബദ്ധതയും ഉമ്മര്‍ കോയയുടെ മനസ്സില്‍ മഹനീയ മാതൃക സൃഷ്ടിച്ചു.
മലഞ്ചരക്ക് വ്യാപാരമാകുമ്പോള്‍ ആ രംഗത്ത് എട്ടര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മലബാര്‍ പ്രൊഡ്യൂസേഴ്സ് മാര്‍ച്ചന്റ് അസോസിയേഷന്റെ ഭാഗമാകാതെ പറ്റില്ലല്ലോ. ഉമ്മര്‍കോയ സംഘടനയുടെ യൂത്ത് വിംഗിന്റെ പ്രഥമ പ്രസിഡന്റായി. ഈ മേഖലയിലെ കച്ചവടക്കാരുടെ അഭിവൃദ്ധിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗമായപ്പോള്‍ പ്രസിഡന്റായും രണ്ട് പ്രാവശ്യം സംഘടനയുടെ ജന.സെക്രട്ടറി പദവും അലങ്കരിച്ചു. കോഴിക്കോട്ടെ അക്കാലത്തെ ഏറ്റവും വലിയ വ്യാപാര പ്രമുഖനായിരുന്ന എം.എ.ഉണ്ണീരിക്കുട്ടിയായിരുന്നു പ്രസിഡന്റ്.തെക്കെപ്പുറത്തെ സാംസ്‌കാരിക സ്ഥാപനമായ യുവകലാ സാഹിതി, സിയസ്‌കോയുടെ പ്രസിഡന്റായി രണ്ട് തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സഫിയ പി.പിയുടെ തറവാടായ പൊന്‍മാണിച്ചന്റകം കുടുംബ കൂട്ടായ്മ പ്രസിഡന്റ്, എം.ഇ.എസ്,എം.എസ്.എസ് പേട്രണ്‍, മിഷ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, കുറ്റിച്ചിറ ചെറിയ അറക്കല്‍ തറവാട് ഭാരവാഹി, ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റിയംഗം, ഫാറൂഖ് കോളേജിന്റെ മദര്‍ ബോഡിയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ കമ്മറ്റിയംഗം, ഖാസിഫൗണ്ടേഷന്‍ ഭാരവാഹി, ചാലപ്പുറം ജുമാമസ്ജിദ് പ്രസിഡന്റ്, വലിയങ്ങാടി ഖലീഫ മസ്ജിദ് െവെസ് പ്രസിഡൻ്റ, ഇന്‍തിസാറുല്‍ ഇസ്ലാം കമ്മറ്റി പ്രസിഡന്റ്, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രസിഡന്റ്, പൊൻമാണി ചിന്റകം തറവാട് പ്രസിഡന്റ്, ചാലപ്പുറം രക്ഷാ സമിതി, ഫാറൂഖ് ട്രെയ്‌നിങ് കോളജ് ട്രഷറര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രവര്‍ത്തക സമിതി അംഗം, റൗളത്തുല്‍ ഉലൂം അസോസിയേഷന്‍, കാലിക്കറ്റ് ഗേള്‍സ് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗം, മര്‍സൂഖ്‌ കോളജ് കമ്മിറ്റിഅംഗമാണ്‌.
 കാതിരിക്കോയ ഹാജി പള്ളികമ്മറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ ഇപ്പോഴും വ്യാപാര മേഖലയില്‍ ശ്രദ്ധയൂന്നുമ്പോഴും അദ്ദേഹം സാമൂഹിക – സാംസ്‌കാരിക – മതപരമായ കാര്യങ്ങളില്‍ സജീവ സാന്നിധ്യമാണ്.
വലിയങ്ങാടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹമുള്ളയാളാണ് ഉമ്മര്‍കോയ. അമ്പത്തിരണ്ട് വര്‍ഷമായി അദ്ദേഹത്തിന് വലിയങ്ങാടിയുടെ സ്പന്ദനങ്ങളറിയാം. വലിയങ്ങാടി തിരിച്ചു പിടിക്കണമെങ്കില്‍ കൃഷിയിലുള്ള നമ്മുടെ പ്രതാപം തിരിച്ചു വരണം. കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങള്‍, വയനാട് ജില്ല, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നൊക്കെ തേങ്ങയും. കൊപ്രയും, ഇഞ്ചിയും, കുരുമുളകും, കപ്പയും വലിയങ്ങാടിയിലെത്തിയിരുന്നു. ആ സുവര്‍ണ്ണ കാലം തിരിച്ചു പിടിക്കാന്‍ സര്‍ക്കാരും, സമൂഹവും ഒന്നിച്ച് രംഗത്തിറങ്ങണം. വ്യാപാരത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ട് വരികയും, ഉന്നത വിദ്യാഭ്യാസംനേടിയ യുവജനങ്ങളെ വ്യാപാര മേഖലയിലേക്ക് ആകര്‍ഷിക്കുകയും വേണം. എല്ലാ കാലവും നമുക്ക് ഗള്‍ഫിനെയോ, വിദേശ നാടുകളെയോ ആശ്രയിക്കാനാവില്ല. നമ്മുടെ നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തിയില്ലെങ്കില്‍ പ്രവാസ ലോകത്ത് നിന്നുള്ള വരുമാനം പരിമിതപ്പെട്ടാല്‍ നമുക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഉമ്മര്‍കോയ ചൂണ്ടിക്കാട്ടുന്നു.നമ്മുടെ കുട്ടികള്‍ സ്വന്തം നാട്ടില്‍ വിജയഗാഥകള്‍ രചിക്കട്ടെ. ഒരു കാലത്ത് മര വ്യാപാരത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തായിരുന്നു കല്ലായി. ഇന്നതിന്റെ അവസ്ഥയെന്താണ്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഉണ്ടായിരുന്ന കാലവും പ്രതാപ കാലമായിരുന്നു. ഗ്വാളിയോര്‍ റയോണ്‍സില്‍ ജോലിയാണെന്ന് പറഞ്ഞാല്‍ ഒരു ഗമയായിരുന്നു. അവിടെ നിന്നും വന്നിരുന്ന വരുമാനം കോഴിക്കോടിന് വലിയ വളര്‍ച്ചയാണ് നല്‍കിയിരുന്നത്. ലോക പ്രശസ്തമായ കോംട്രസ്റ്റ് വീവിങ് ഫാക്ടറി പോലുള്ള സ്ഥാപനങ്ങളെല്ലാം ഇല്ലാതായതും, ഇല്ലാതാക്കിയതുമാണ് കോഴിക്കോടിനെ പുറകോട്ടടുപ്പിച്ചതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ മാതൃക ഉപ്പയാണെന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ നക്ഷത്ര തിളക്കം. കച്ചവടത്തില്‍ ഫോര്‍വേഡ് ബിസിനസ്സ് ചെയ്യരുതെന്നദ്ദേഹം ഉപദേശിച്ചിരുന്നു. സത്യസന്ധതയും, ധാര്‍മ്മികതയും, ദാനധര്‍മ്മാദികള്‍ ചെയ്യാനും അദ്ദേഹം ഉപദേശിച്ചിരുന്നു. ഉമ്മ സി.എം.മറിയംബി മകനെ ചിട്ടയോടെയാണ് വളര്‍ത്തിയത്. മാതാപിതാക്കളും, ഗുരുക്കന്മാരുടെയും അനുഗ്രഹം ലഭിച്ച ഉമ്മര്‍കോയ ബിസിനസ്സിലൂടെ തനിക്ക് ലഭിച്ച അഭിവൃദ്ധി സാമൂഹിക പ്രവര്‍ത്തനത്തില്‍ അശരണര്‍ക്ക് കൈതാങ്ങായും പ്രവര്‍ത്തിക്കുന്നു.റോട്ടറി ഗവര്‍ണറായിരുന്ന പിപി ഹസന്‍കോയയുടെ മൂത്ത സഹോദരിയായ പാത്തുമ്മബിയുടെയും, ഫാറൂഖ് കോളേജ് മലബാര്‍ പ്രൊഡ്യൂസേഴ്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക മെമ്പറായ എസ്. ഉമ്പിച്ചിക്കോയ ഹാജിയുടെയും മകളായ പിപി സഫിയയാണ് ഭാര്യ. ഉമ്മര്‍ കോയക്ക് നാല് മക്കളാണ്. മൂത്ത മകന്‍ മൂസ്സക്കോയ കുവൈറ്റില്‍ അല്‍ റാഷിദ് ഗ്രൂപ്പ് ഹോല്‍ഡിംഗ് കമ്പനിയില്‍ (SIGS ) ഓയില്‍ ആന്റ് ഗ്യാസ് ഡിവിഷനില്‍ അസ്സറ്റ് ആന്റ് ഇന്‍വെന്ററി മാനേജറാണ്. യാസിര്‍ ഫവാസ് ദുബായില്‍ ഫറാവേള്‍ഡ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച് ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പെണ്‍മക്കളായ മറിയ, മാജിത എന്നിവര്‍ വിവാഹിതരും കുടുംബിനികളുമാണ്. മറിയയുടെ ഭര്‍ത്താവ് അഫ്ത്താബ് ബഷീര്‍ കുവൈറ്റിൽ എൻജിനീയറാണ്. മാജിതയുടെ ഭര്‍ത്താവ് കെ.പി.ജാബിര്‍ മസ്‌ക്കറ്റിലാണ് ജോലി.നാട് മാറണമെങ്കില്‍ നമ്മുടെ സമീപനവും മാറണം. കച്ചവടത്തിലായാലും മറ്റേത് മേഖലയിലായാലും ആത്മ സമര്‍പ്പണം വേണം. ആത്മ സമര്‍പ്പണം കൈമുതലാക്കി തന്റെ കര്‍മ്മ രംഗത്ത് അര നൂറ്റാണ്ട് പിന്നിടുമ്പോഴും നാടിന്റെ സ്പന്ദനങ്ങളില്‍ ഭാഗഭാക്കായി സി.എ.ഉമ്മര്‍കോയ കോഴിക്കോടിന്റെ വിവിധ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമാണ്.

സി.എ.ഉമ്മര്‍കോയ വലിയങ്ങാടിയുടെ വ്യാപാര പൈതൃകത്തിന്റെ കാവലാള്‍

Share

Leave a Reply

Your email address will not be published. Required fields are marked *