കോഴിക്കോട്: കേരളത്തില്‍ ഭരണം നടത്തിയ ഇടതു-വലതു മുന്നണി സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം നിരവധി വികസന പദ്ധതികള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും, ഇടത്-വലത്-ബിജെപിക്കെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കി ബദലൊരുക്കുമെന്ന് ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട്ടേക്ക് അനുവദിച്ച കോച്ച് ഫാക്ടറി, കുട്ടനാട് പാക്കേജ് എന്നിവയെല്ലാം നമുക്ക് നഷ്ടപ്പെട്ട പദ്ധതികളാണ്. ലണ്ടനില്‍ നിന്നും 10 ലക്ഷം പേര്‍ മടങ്ങിവരുമെന്നാണ് മാധ്യമ വാര്‍ത്തകള്‍. അവിടെ ചെറിയ ജോലിക്ക് പോലും മലയാളികള്‍ ക്യൂ നില്‍ക്കുകയാണ്. വീടും പറമ്പും ബാങ്കുകള്‍ക്ക് പണയം വെച്ചാണ് മക്കളെ ഉപരിപഠനത്തിന് വിദേശങ്ങിലേക്കയക്കുന്നത്. അവിടെ സ്ഥിതി മോശമായാല്‍ കൂട്ട തിരിച്ചുവരവുണ്ടാവും. ഇത് കേരളത്തിന് താങ്ങാനാവില്ല. കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. പതിനായിരക്കണക്കിന് കോടി നിക്ഷേപം വരുമെന്ന് പ്രഖ്യാപനം ഉണ്ടാവുമ്പോഴും ഒരു വ്യവസായം പോലും വരുന്നില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ മത രാഷ്ട്രീയം ശക്തിപ്പെടുകയാണ്. മതം രാഷ്ട്രീയമാകുന്ന കാഴ്ചയാണ് കാണുന്നത്.
മത രാഷ്ട്രീയം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി 100 പേജുള്ള പ്രകടന പത്രിക പുറത്തിറക്കും. കേരളത്തിന്റെ സമഗ്ര വികസനമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 67 ഇടങ്ങളില്‍ പാര്‍ട്ടി മല്‍സരിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും മല്‍സരിക്കും. സമത്വം, സാഹോദര്യം, സഹവര്‍ത്തിത്വം എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുഖ്മാന്‍.സി.എന്‍ഉം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ
