കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാന്‍ സി പി എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായിയും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെല്ലാം ബജറ്റ് പ്രഖ്യാപനത്തിനേതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി. കേരളത്തോടുള്ള ഇത്രയും വലിയ അവഗണനയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണ്ണമായും തഴയപ്പെട്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നെന്നും പിണറായി ഉന്നയിച്ചു.
കേന്ദ്ര ബജറ്റിനെതിരെ നാളെ സിപിഎം
സംസ്ഥാനത്ത് കരിദിനം ആചരിക്കും
