കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 29 ആവശ്യങ്ങളാണ് കേന്ദ്ര ധനമന്ത്രി മുമ്പാകെ ഉന്നയിച്ചത്. എന്നാല്‍ ഇതിലൊന്നും ഒരു പ്രഖ്യാപനവും ബജറ്റില്‍ കണ്ടില്ല. കേരളം ഏറെ കാലമായി ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന എയിംസിനെ കുറിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ല. ബജറ്റില്‍ 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചതിലും കേരളം ഉള്‍പ്പെട്ടിട്ടില്ല. കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച മൂന്ന് ആയൂര്‍വ്വേദ എയിംസിലും കേരളമില്ല. കേന്ദ്ര സര്‍ക്കാര്‍ മൂന്നരക്കോടി മലയാളികളെ തീര്‍ത്തും അവഗണിച്ചു എന്ന് തന്നെ പറയാം. രാജ്യത്തെ പല സംസ്ഥാനങ്ങളെയും പരഗണിച്ചപ്പോഴാണ് കേരളം തഴയപ്പെട്ടത്. കേരളത്തിന് നേരെയുണ്ടായ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന സമയത്തും പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വയനാട് ചൂരല്‍മല ദുരന്ത മുഖത്ത് നേരിട്ടെത്തിയ പ്രധാനമന്ത്രി, ദുരന്തം കണ്ടതിന് ശേഷവും കേരളം ആവശ്യപ്പെട്ട പുനരധിവാസ പാക്കേജിന് ആവശ്യമായ ഫണ്ട് നല്‍കിയിരുന്നില്ല. കേരളത്തിന് ആകെ ലഭിച്ചത് കടലാമ പ്രജനനത്തിലൂടെ വിനോദ സഞ്ചാര പദ്ധതിയാണ്. ഇത് അത്ര പ്രാധാന്യമുള്ളതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ധാതുപുഷ്ടി പദ്ധതിയായ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയാണ് പ്രധാനപ്പെട്ട പ്രഖ്യാപനം. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.
കേന്ദ്ര ബജറ്റ് സാധാരണപോലെ ഒരു ശരാശരി ബജറ്റ് മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യമായ നിര്‍ദ്ദേശങ്ങളില്ലെന്ന ശക്തമായ ആക്ഷേപമുണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗ്രാമീണ വികസനം, നഗര വികസനം, സാമൂഹിക ക്ഷേമം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വെട്ടിക്കുറക്കലുകളാണ് നടത്തിയിട്ടുള്ളത്.
കാര്‍ഷിക മേഖലയെ സംബന്ധിച്ച് ബജറ്റ് നിരാശാ ജനകമാണ്. കാര്‍ഷിക മേഖലക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക വലിയ രീതിയിലാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ആഗോള തലത്തില്‍ യു എസിന്റെ തീരുവ യുദ്ധത്തെ പ്രതിരോധിക്കാന്‍ ബജറ്റ് ശ്രമിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേരളത്തിന് ഇക്കുറിയും പ്രതീക്ഷിച്ചതൊന്നും ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരാണ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കേണ്ടത്. ബജറ്റിലെ ചില അപ്രധാന പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാണിക്കാതെ കേരളം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപനത്തില്‍ വരാത്തതെന്തുകൊണ്ടെന്നാണ് അവര്‍ വ്യക്തമാക്കേണ്ടത്. കേന്ദ്രത്തിന്റെ സാമ്പത്തിക ശ്വാസം മുട്ടിക്കല്‍ രൂക്ഷമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ട്. കേന്ദ്രം നല്‍കേണ്ട തുക നല്‍കുന്നില്ല എന്ന കാര്യവും പ്രസക്തമാണ്. കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കാന്‍ കേരളീയര്‍ ഒന്നാകെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നാടിന്റെ വികസന കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടായിക്കൂടാ….
