കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിക്കാന്‍ ഹൈക്കോടതി അനുമതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി . ഈ മാസം 17ന് ഉച്ചപൂജയ്ക്കു ശേഷം സാംപിള്‍ ശേഖരിക്കാനാണ് കോടതിയുടെ നിര്‍ദേശം.
ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്പങ്ങള്, വാതില്‍പ്പാളികള്‍ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്നതിലാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി സ്വര്‍ണനഷ്ടം എത്രയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ മുമ്പ് പരിശോധന പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്കി.
1998ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞതിന്റെ സാംപിളും 2019ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പങ്ങള്, വാതില്‍പ്പാളികള്‍ തുടങ്ങിയവയുടെ സാംപിളുകള്‍ ശേഖരിക്കണം എന്നതായിരുന്നു എസ്ഐടിയുടെ ആവശ്യം. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടി.
ദേവന്റെ അനുജ്ഞ അനുസരിച്ചു വേണം സാംപിള്‍ എടുക്കാനെന്നും അതിന് നട തുറക്കണമെന്നും തന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സ്പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് നവംബര്‍ 17ന് ഉച്ചപൂജയ്ക്ക് ശേഷം സാംപിള്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയത്.
ശാസ്ത്രീയ പരിശോധന: സ്വര്‍ണപ്പാളികളുടെ സാംപിളുകള്‍
ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
