കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ആക്ട് പ്രകാരം ഉമീദ് പോര്‍ട്ടലില്‍ വഖഫ് രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പള്ളി, മദ്രസ്സ മറ്റ് ദീനി സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അഖില കേരള വഖഫ് സംരക്ഷണ സമിതി, സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഹെല്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം 8ന് (ശനി) കാലത്ത് 9.30ന് കുറ്റിക്കാട്ടൂര്‍ യതീംഖാന ഓഡിറ്റോറിയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ഓഫീസര്‍ റഹ്മ്മത്തുള്ളാഹ് ക്ലാസിന് നേതൃത്വം നല്‍കും. ഇന്ത്യയില്‍ 9.4 ലക്ഷം ഏക്കര്‍ ഭൂമി വഖഫിന്റേതായിട്ടുണ്ടെങ്കിലും അതില്‍ പകുതിയോളവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശത്തിലാണ്. കേരളത്തില്‍ 13000 വസ്തുവകകള്‍ വഖഫിന്റേതായിട്ടുണ്ടെങ്കിലും ഇതില്‍ നാമമാത്രമായ സ്ഥാപനങ്ങളാണ് ഉമീദ് പോര്‍ട്ടലില്‍ രജിസ്്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം നല്‍കുകയാണ് ഹെല്‍പ്പ് ഡെസ്ക്കിലൂടെ ഉദ്ദേശിക്കുന്നതെന്നവര് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, സി.മാമുക്കോയ ഹാജി, അഹമ്മദ് പോങ്ങാടന്‍, ഇസ്മയില്‍ എം.കെ, എന്‍.കെ.യൂസഫ് ഹാജി, റഷീദ്.പി എന്നിവര്‍ പങ്കെടുത്തു.
