കൊച്ചി: വഖഫ് ഭൂമി കൈവശം വച്ചുവെന്ന വഖഫ് ബോര്‍ഡിന്റെ പരാതിയിന്മേലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നും കോടതി നിരീക്ഷിച്ചു.വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍നിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് കാണിച്ച് കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് റദ്ദാക്കിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 1999 സെപ്റ്റംബര്‍ മുതല്‍ മേരിക്കുന്ന് പോസ്റ്റ് ഓഫിസ് വാടകയ്ക്ക് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോസ്റ്റ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്സ് നിര്‍മിക്കുകയാണെന്നും ഇതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന് പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ടു. മതിയായ സുരക്ഷ കെട്ടിടത്തിന് ഉണ്ടാകണമെന്ന നിബന്ധനയോടെ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി. 2014 വരെ വാടകയും സ്വീകരിച്ചിരുന്നു.
പിന്നീട് കെട്ടിടം ഉടമ വാടക സ്വീകരിക്കാതാവുകയും കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചുപിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി. ഇതിനിടെയാണ്, പോസ്റ്റ് ഓഫിസ് കടന്നു ഭൂമി കയ്യേറിയെന്നു കാട്ടി വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിനു നിര്‍ദേശം നല്കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്രപ്പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.
ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013ലെ നിയമഭേദഗതി അനുസരിച്ചുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോസ്റ്റ് ഓഫിസ് 1999 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നും നിയമഭേദഗതി വന്നത് 2013ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.
2013ലെ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;
വഖഫ് കേസ് റദ്ദാക്കി ഹൈക്കോടതി വിധി