ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം ശേഷിക്കെ വിജയം ഉറപ്പിക്കാനുള്ള അവസാന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് പ്രചാരണത്തില്‍ മുന്നേറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ മേല്‍ക്കൈ നേടാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കര്‍ഷകവിരുദ്ധനയങ്ങളും കൊണ്ട് ഭരണവിരുദ്ധവികാരം അലയടിക്കുന്ന കന്നടമണ്ണില്‍ പരമാവധി വോട്ടുകള്‍ നേടാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ദേശീയ നേതാക്കളെ കൂടുതല്‍ സമയം പ്രചാരണത്തിന് ഇറക്കി വോട്ട് ഉറപ്പിക്കാനാണ് ബി. ജെ. പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ബംഗളൂരു നഗരത്തില്‍ മരത്തോണ്‍ റോഡ് ഷോ സംഘടിപ്പിക്കും. ആദ്യ ദിവസം 10 കിലോമീറ്ററും രണ്ടാം ദിവസം 26 കിലോമീറ്ററുമാണ് മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ രാവും പകലും കളത്തിലിറക്കി ആവേശവും മതവികാരവും വോട്ടാക്കി മാറ്റാനാണ് ബി. ജെ. പി ശ്രമം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍. ഇത്തവണ പ്രിയങ്കയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ചെലുത്തിയ സ്വാധീനം കണക്കിലെടുത്താണ് കര്‍ണാടകയില്‍ പ്രിയങ്കയെ ഇറക്കുന്നത്. പ്രിയങ്കയിലേക്ക് വ്യക്തിപരമായി രോഷം തിരിച്ചുവിടാനാവില്ല എന്നത് ബി. ജെ. പി യെ വലക്കുന്നുണ്ട. പ്രിയങ്കയുടെ റാലികളില്‍ സ്ത്രീകളുടെ വന്‍ സാന്നിധ്യം പ്രകടമാണ്. കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ ശനിയാഴ്ച സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുല്‍ ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം തുടരുന്നുണ്ട്. എ. ഐ. സി. സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ സജീവമാണ്. പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം. 40% കമ്മീഷന്‍ ആരോപണം സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ബി. ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ. പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുളള നേതാക്കള്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് കര്‍ണാടകയെ മുസ്ലിം വല്‍ക്കരിക്കുമെന്ന് ഉള്‍പ്പെടെ തീവ്ര പ്രചാരണങ്ങളും ബിജെപി നടത്തുന്നുണ്ട്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനവും ബി. ജെ. പി സജീവ ചര്‍ച്ചയാക്കുന്നുണ്ട്. കര്‍ഷക വികാരത്തിലും മുസ്ലിം വോട്ടുകളിലുമാണ് ജെ. ഡി. എസ് പ്രതീക്ഷ. പ്രചാരണം സജീവമാക്കി നിര്‍ണായക ശക്തിയായി മാറാനുള്ള ശ്രമത്തിലാണ് ജെ ഡി എസ്.
