ഒരു മണിക്കൂറിനിടെ പെയ്ത പെരുമഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി
തിരുവനന്തപുരം: പെരുമഴയില്‍ വെള്ളത്തിനടിയിലായി തിരുവനന്തപുരം നഗരം. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒന്‍പത് സെന്റീമീറ്റര്‍ (91 മില്ലിമീറ്റര്‍) മഴയാണ് നഗരത്തില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തമ്പാനൂരിലും കിഴക്കേക്കോട്ടയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തുലാവര്‍ഷ സമയത്ത് സാധാരണ ലഭിക്കുന്ന ശക്തമായ മഴയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ചില ഇരുചക്രവാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍ മറിഞ്ഞുവീണു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡിനും മുന്നിലെ റോഡ് പൂര്‍ണ്ണമായി വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു. ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു. റോഡില്‍ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് നൂറുകണക്കിന് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്തിയത്.
പ്രദേശത്തെ കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം ഇരച്ചുകയറിയത് വലിയ നാശനഷ്ടമുണ്ടാക്കി. എസ്.എസ്. കോവില്‍ റോഡിലെ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറിലും ഡ്രെയിനേജ് വെള്ളം കയറിയതോടെ ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കവിഞ്ഞൊഴുകി റോഡുകളിലേക്ക് എത്തിയത് ദുരിതം ഇരട്ടിയാക്കി.
ഓടകള്‍ വൃത്തിയാക്കുകയും റെയില്‍വേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒറ്റ മണിക്കൂറിലെ മഴയില്‍ നഗരം വെള്ളക്കെട്ടിലായത് ജനങ്ങളെ കടുത്ത പ്രതിഷേധത്തിലാക്കിയിട്ടുണ്ട്.
