സര്‍സയ്യിദ് അഹമ്മദ്ഖാന്‍ പുരസ്‌കാരം ഉസ്മാന്‍ ഒഞ്ചിയത്തിന് സമ്മാനിച്ചു

സര്‍സയ്യിദ് അഹമ്മദ്ഖാന്‍ പുരസ്‌കാരം ഉസ്മാന്‍ ഒഞ്ചിയത്തിന് സമ്മാനിച്ചു

കോഴിക്കോട്: സര്‍സയ്യിദ് അഹമ്മദ്ഖാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സര്‍സയ്യിദ് അഹമ്മദ്ഖാന്‍ പുരസ്‌കാരം പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയത്തിന് അബ്ദുസമദ് സമദാനി എം.പി സമ്മാനിച്ചു.സമാധാന പരവും സൗഹൃദ സമ്പൂര്‍ണ്ണവുമായ സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരത്തെ കാത്തു സംരക്ഷിക്കുകയാണ് കാലത്തിന്റെ ഏറ്റവും വലിയ അനിവാര്യതയെന്ന് അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. ബഹുസ്വരതയ്‌ക്കെതിരായി വിവിധങ്ങളായ ഭീഷണികളാണ് ഉയരുന്നത്. ചരിത്രത്തെ തമസ്‌ക്കരിക്കുകയും അതിനെ വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണതയും ബഹുസ്വരതയെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കാന്‍ ഉദ്ദേശുച്ചുകൊണ്ടുള്ളതാണ്. സംസ്‌കാരങ്ങള്‍ക്ക് സ്വന്തം തനിമ നഷ്ടപ്പെടുത്താതെ തന്നെ സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ സാധിക്കുമെന്നതാണ് ചരിത്രത്തിന്റെ പാഠം. സമുദായ മൈത്രിയും ഇന്ത്യന്‍ മതേതരത്വവും അതിന്റെ മഹത്തായ മാതൃകകളാണ് കാഴ്ചവെക്കുന്നത്. ഹിന്ദുക്കളും മുസ്ലിംങ്ങളും ഇന്ത്യയുടെ മുഖത്തെ രണ്ട് കണ്ണുകളാണെന്ന ചരിത്രപരമായ പ്രസ്താവന നടത്തിയ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഈ സഹവര്‍ത്തിത്വത്തെയാണ് ഉയര്‍ത്തിക്കാട്ടിയത്. അലിഗഡ് സര്‍വ്വകലാശാല രാജ്യത്തിന്റെ ദേശീയ നവോത്ഥാനത്തിന്റെ സന്തതിയാണ്. ഇന്ത്യാ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. വരാന്‍പോകുന്ന തലമുറയുടെ മനസ്സില്‍ അകല്‍ച്ചയും വിദ്വേഷവും പരത്താന്‍ വലിയ ശ്രമമാണ് നടക്കുന്നത്. കുഞ്ഞുമക്കളെ മാതൃഭാഷയുടെ സംസ്‌കാരത്തില്‍ വളര്‍ത്തിയാല്‍ മാത്രമേ നാളെ അവര്‍ നിങ്ങളെ തിരിച്ചറിയൂ. രാജ്യത്ത് പൗരന്മാരുടെ വോട്ട് വെട്ടിമാറ്റപ്പെടുന്ന അവസ്ഥയാണ്. ഒരാളുടെ വോട്ട് പോലും നഷ്ടപ്പെടരുത്. വോട്ടവകാശത്തിനുവേണ്ടി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം വിജയിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ.മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണം നടത്തി.സംഘാടക സമിതി ചെയര്‍മാന്‍ പി.ടി.നിസാര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രശസ്തി പത്ര സമര്‍പ്പണവും സര്‍ സയ്യിദ് അനുസ്മരണവും ഡോ.ഹുസ്സൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഹാഷിം ഷിഹാബ് തങ്ങള്‍ പൊന്നാടയണിയിച്ചു. ചെന്നൈ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കെ.പി.ഇബ്രാഹിം ഒഞ്ചിയം ഉപഹാര സമര്‍പ്പണം നടത്തി. സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ഡോ.കെ.കുഞ്ഞാലി നിര്‍വ്വഹിച്ചു. നവാസ് പൂനൂര്‍, കെ.പി.ഇമ്പിച്ചി മമ്മുഹാജി, വി.പി.സദാനന്ദന്‍, സി.പി.അലി ആശംസകള്‍ നേര്‍ന്നു. പുരസ്‌കാര ജേതാവ് ഉസ്മാന്‍ ഒഞ്ചിയം പ്രതിസ്പന്ദം നടത്തി. റഷീദ് പി.സി പാലം നന്ദി പറഞ്ഞു.

 

 

സര്‍സയ്യിദ് അഹമ്മദ്ഖാന്‍ പുരസ്‌കാരം ഉസ്മാന്‍ ഒഞ്ചിയത്തിന് സമ്മാനിച്ചു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *