21-ാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴും പൊതു സമൂഹത്തെ കാലത്തിനിണങ്ങാത്ത നിയമങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന മത-സാമുദായിക നേതൃത്വങ്ങള്‍ സജീവമായികൊണ്ടിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ സംവാദം നടക്കുന്നുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. മുസ്ലിം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകുമെന്ന പ്രഖ്യാപനം ഈയടുത്ത ദിവസങ്ങളിലാണ് കേരളത്തില്‍ മുഴങ്ങിക്കേട്ടത്. ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങളിലെ സ്ത്രീകള്‍ പൊതു രംഗത്തിറങ്ങുമ്പോള്‍ ഒരു നാശവും ഉണ്ടായിട്ടില്ലെന്ന് സമൂഹം തിരിച്ചറിയുമ്പോള്‍, മുസ്ലിം സ്ത്രീകളെ അപഹസിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മത പണ്ഡിതന്മാര്‍ തന്നെയാണ് മുസ്ലിം സ്ത്രീകളെ ഇകഴ്ത്തുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.
ഒരു പരിഷ്‌കൃത ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഭരണഘടന ഉറപ്പാക്കുമ്പോള്‍, ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മതപണ്ഡിതന്മാര്‍ ഭരണഘടനയെ അനാദരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത്, പെണ്‍കുട്ടി ജനിച്ചാല്‍ ജീവനോടെ കുഴിച്ചുമൂടിയിരുന്നതിനെതിരെ അദ്ദേഹം പട നയിച്ചതും, അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീ സുരക്ഷിതയായി നടക്കുന്നതാണ് തന്റെ സ്വപ്‌നമെന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ മതത്തിന്റെ പേരിലാണ് ഇത്തരം പ്രസ്താവനകള്‍ മത പണ്ഡിതന്മാര്‍ നടത്തുന്നത് എന്നത് ഖേദകരമാണ്.
ഹിന്ദു വര്‍ഗ്ഗീയ വാദികളും, മുസ്ലിം സാമുദായിക സംഘടനകളും ഭിന്നിപ്പിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ അതിന് കഴിയൂ. നാല് വോട്ടിന് വേണ്ടി മതാചാര്യന്മാരുടെയും സാമുദായിക നേതാക്കളെയും പോയി കാണുന്ന ഏര്‍പ്പാട് ആര്‍ക്കും ഭൂഷണമല്ല. രാഷ്ട്രീയ പാര്‍ട്ടികളെയടക്കം തങ്ങള്‍ക്ക് നിയന്ത്രിക്കാനാവുന്ന ഹുങ്കില്‍ നിന്നാണ് ബഹുസ്വര മതങ്ങളുള്ള, പുരോഗമനപരമായി മുന്നേറുന്ന ഒരു സമൂഹത്തില്‍ പിന്തിരിപ്പന്‍ ആശയഗതികള്‍ പരസ്യമായി ഉന്നയിക്കാന്‍ ഇത്തരം ആളുകള്‍ക്ക് ധൈര്യമുണ്ടാവുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലകളിലൂടെ നാം മുന്നേറുമ്പോള്‍ ഓരോ വ്യക്തിക്കും അവരുടെ വിശ്വാസ പ്രമാണമനുസരിച്ച് ജീവിക്കാന്‍ സുരക്ഷയൊരുക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യത്ത് ഏതെങ്കിലും പണ്ഡിതന്മാരുടെ കല്‍പ്പനകള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല.
കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിടത്തുനിന്ന് സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും, ദേശീയ നേതാക്കളും, കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ് കേരളത്തില്‍ നവോത്ഥാനത്തിന്റെ വിത്ത് പാകിയത്. അത് മുളച്ച്, മതേതരത്വത്തിന്റെ പൂങ്കാവനമായി നില്‍ക്കുന്ന സമൂഹമാണ് കേരളം. അതില്‍ വിള്ളലുണ്ടാക്കാന്‍ ആരെയും അനുവദിക്കരുത്. മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കാതെ, ഇത്തരം പ്രതിലോമ ശക്തികള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. ആ ധര്‍മ്മമാണ് കാലം ആവശ്യപ്പെടുന്നത്.
