മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവ എത്തിക്കുന്നതിനായി സൈബര്‍പാര്‍ക്കില്‍ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
കോഴിക്കോട്: കേരളത്തിന്റെ ഐടി വിപ്ലവത്തിന് തിരിതെളിയിച്ചുകൊണ്ട്, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബായ ഹൈലൈറ്റ് സൈബര്‍ ടവറിന്റെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വഹിച്ചു. മലബാറിന്റെ സാങ്കേതിക മേഖലയ്ക്ക് പുതിയ മുഖച്ഛായ നല്‍കുന്ന ഐടി പദ്ധതിയുടെ തുടക്കമാണ് ഈ സൈബര്‍ ടവര്‍. 2.5 ഏക്കറില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ഗ്രേഡ് എ വാണിജ്യ സമുച്ചയം, വരും വര്‍ഷങ്ങളില്‍ 12 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ്.
നൂതന സാങ്കേതികവിദ്യകള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കി കേരളത്തെ പുനര്‍വിഭാവനം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഈ ദിശയിലുള്ള പ്രചോദനാത്മകമായ മുന്നേറ്റമാണ് ഹൈലൈറ്റ് ഗ്രൂപ്പും പി. സുലൈമാനും കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ഹൈലൈറ്റ് നിര്‍മിക്കുന്ന ഐടി സമുച്ചയം ഉള്‍പ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ വികസന പദ്ധതികള്‍ 2030ല്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തോടും കൊച്ചിയോടുമൊപ്പം ഐടി-സാങ്കേതിക രംഗത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രധാന ‘ഐടി ഡെസ്റ്റിനേഷന്‍’ ആയി കോഴിക്കോടിനെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കേരളത്തിന് അനുയോജ്യമായ ഏറ്റവും കുറഞ്ഞ ചെലവിലുള്ളതും പ്രഗത്ഭവുമായ ‘ടാലന്റ് പൂള്‍’ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈലൈറ്റ് സൈബര്‍ ടവര്‍ പോലുള്ള ‘എ-ക്ലാസ്’ ഐടി സംരംഭങ്ങള്‍ക്ക് സാധിക്കും. നവീകരണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി മുന്നോട്ടുവരുന്ന നിക്ഷേപകരെയും സംരംഭകരെയും ചേര്‍ത്തുനിര്‍ത്തുന്ന സമീപനമായിരിക്കും സര്‍ക്കാരിന്റേത്.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കും കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കും യാഥാര്‍ത്ഥ്യമായതുപോലെ കേരളത്തിന്റെ അടുത്ത പ്രമുഖ ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറും എന്നതില്‍ യാതൊരു സംശയവുമില്ല എന്ന് വ്യവസായ, ഐടി, എഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളര്‍ച്ചയും പ്രവര്‍ത്തനശേഷിയും തുടക്കം മുതലേ തനിക്ക് നേരിട്ടറിയാവുന്നതാണ്. ഇവര്‍ക്കിത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടേക്ക് വലിയ നിക്ഷേപങ്ങളുമായി വരാന്‍ പ്രോജക്റ്റുകാരും ഡെവലപ്പര്‍മാരും ക്യൂ നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. വ്യവസായങ്ങള്‍ വളരുമ്പോള്‍ മാത്രമേ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പഴയ വ്യാപാര പാരമ്പര്യമുള്ള കോഴിക്കോടിനെ ആഗോളതലത്തില്‍ ശ്രദ്ധേയമായ ഐടി-വ്യവസായ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കി.
600 കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മ്മിക്കുന്ന ഹൈലൈറ്റ് സൈബര്‍ ടവര്‍, ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത അത്യാധുനിക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഹബ്ബാണ്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിനൊപ്പം, 10,000-ത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കും. 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പൂര്‍ണ്ണമായും പ്രീ ലീസ് നല്‍കാനാകും.
‘മികച്ച അവസരങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് ആളുകള്‍ വലിയ നഗരങ്ങളോ രാജ്യങ്ങളോ തിരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതും, ഒപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും ആകര്‍ഷിക്കുന്നതുമായ ഒരു കേരളം പടുത്തുയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കേരളം നിലവില്‍ ഏതെല്ലാം കാര്യങ്ങളാല്‍ അറിയപ്പെടുന്നു എന്നതിലുപരി, ലോകത്തിന് ഇനിയും എന്തെല്ലാം നല്‍കാന്‍ കഴിയുമെന്നതിലൂടെ കൂടി അടയാളപ്പെടുത്തപ്പെടുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം.’ ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ പറഞ്ഞു.
‘സാങ്കേതികവിദ്യ നമ്മള്‍ ജോലി ചെയ്യുന്ന രീതിയെയും ബിസിനസ് കെട്ടിപ്പടുക്കുന്നതിനെയും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും മാറ്റിമറിക്കുകയാണ്. ആഗോളതലത്തില്‍ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. അതിനൊപ്പം ബിസിനസുകള്‍ക്ക് വളരാനുള്ള അന്തരീക്ഷം കൂടി നാം ഒരുക്കേണ്ടതുണ്ട്. ഹൈലൈറ്റ് സൈബര്‍ ടവര്‍ ആ ശ്രമത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ഐടി വികസനങ്ങളിലൂടെ ബിസിനസുകള്‍ക്ക് വളരാനും വികസിക്കാനും കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.’ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു.
കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊര്‍ജ്ജക്ഷമതയുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന ഹൈലൈറ്റ് സൈബര്‍ ടവര്‍, ആഗോള സഹകരണം, നവ ആശയങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് വ്യാപിപ്പിച്ചു വരുന്ന ഐടി സാന്നിധ്യത്തിന്റെ തുടര്‍ച്ചയാണിത്. ഹൈലൈറ്റ് സൈബര്‍ ഹബ്ബിന്റെ നിര്‍മ്മാണം കോഴിക്കോട്ട് പുരോഗമിക്കുമ്പോള്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് IIIലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കായ ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രത്തിന്റെ’ തറക്കല്ലിടലും അടുത്തിടെ നടന്നിരുന്നു.
ചടങ്ങില്‍ വ്യവസായ, ഐടി, എഐ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി എ. പി. അനില്‍ കുമാര്‍, എംപി എം. കെ. രാഘവന്‍, എംഎല്‍എമാരായ ഫൈസല്‍ ബാബു, എം. എ. റസാഖ് മാസ്റ്റര്‍, എംഎല്‍എയും ഡി.സി.സി പ്രസിഡന്റുമായ കെ. പ്രവീണ്‍ കുമാര്‍, എംഎല്‍എമാരായ കെ. ജയന്ത്, പി. എം. എ. സമീര്‍, ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ഐഎഎസ്, ഇന്‍ഫോപാര്‍കിന്റെയും സൈബര്‍പാര്‍ക്ക് കോഴിക്കോടിന്റെയും സിഇഒ സുശാന്ത് കുറുന്തില്‍, ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ്, സ്ഥപതി ആര്‍ക്കിടെക്ട്‌സ് പ്രിന്‍സിപ്പല്‍ & പാര്‍ട്ണര്‍ ടോണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക പ്രമുഖരും ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.
ഹൈലൈറ്റ് സൈബര്‍ ടവര്‍ നിര്‍മ്മാണോത്ഘാടനം
മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു
