സംസ്ഥാനത്ത് കാലവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ്തന്നെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് മുന്‍പ് ഭരണം നടത്തിയവരും, ഇപ്പോള്‍ ഭരണം നടത്തുന്നവരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഓരോ സര്‍ക്കാരുകളും ജനങ്ങളുടെ സൗകര്യം നന്നായി പരിപാലിക്കുന്നിടത്താണ് വിജയിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടില്ലാതെ കടന്നുപോയി എന്നത് പ്രസ്താവ്യയോഗ്യമാണ്. ഭരണ പക്ഷവും, പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത്കൊണ്ട് പൊതു ജനത്തിന് യാതൊരു ഗുണവുമില്ല. വൈദ്യുതി കമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ വൈദ്യുതിയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് നമുക്കുള്ളത്. ആഗോള തലത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനം വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തുണ്ടാക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി. നാല്പ്പത്തിനാല് നദികളും കായലുകളും, വിശാലമായ കടലിന്റെ പശ്ചാത്തലവുമുള്ള ഒരു സംസ്ഥാനം കൂടിയാണ് കേരളം. വൈദ്യുതി ഉല്‍പ്പാദനത്തിന് ആഭ്യന്തര തലത്തില്‍ തന്നെ പദ്ധതികളാവിഷ്ക്കരിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഭാവി കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. വന്‍കിട പദ്ധതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സമരങ്ങളുണ്ടാക്കുന്നത് ആവര്‍ത്തിക്കുകയാണ്. സാധ്യതകള്‍ക്കനുസരിച്ച് ചെറുകിട ജലസേചന പദ്ധതികളിലൂടെ വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണം. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാരും, പ്രതിപക്ഷവും യോജിച്ച് പോയില്ലെങ്കില്‍ ഇരുട്ടിലാവുന്നത് എല്ലാവരുമായിരിക്കും.
