കുഞ്ഞന്‍ രാജ്യങ്ങള്‍ പന്ത് തട്ടുമ്പോള്‍ ഇന്ത്യ എവിടെ?

കുഞ്ഞന്‍ രാജ്യങ്ങള്‍ പന്ത് തട്ടുമ്പോള്‍ ഇന്ത്യ എവിടെ?

                   ലോകകപ്പ് പൊടി പൊടിക്കുകയും ലോകമെല്ലാം പന്തിന് പിന്നാലെ ഓടുകയും ചെയ്യുമ്പോള്‍ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ലോക കപ്പ് ആരംഭിച്ചതിന് ശേഷം ഒരിക്കല്‍പോലും ഇന്ത്യന്‍ ജേഴ്‌സി കളത്തിലിറങ്ങിയിട്ടില്ല എന്നതോര്‍ക്കുമ്പോള്‍, സ്വാതന്ത്ര്യാനന്തര ഭാരതം ഭരിച്ച എല്ലാ സര്‍ക്കാരുകളും ചോദ്യം നേരിടുകയാണ്.  അന്താരാഷ്ട്ര തലത്തില്‍ നാമെന്തൊക്കെ വീമ്പു പറഞ്ഞാലും, ലോകമൊന്നാകെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ നമ്മളില്ലെന്ന് വ്യക്തമാവുമ്പോള്‍ ഇതിനുത്തരവാദിയാര് എന്ന ചോദ്യമുയരുകയാണ്. നമ്മുടെ രാജ്യം എന്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്ന ചോദ്യം ഏറെ പ്രസക്തമാവുകയാണ്. ഇന്ത്യന്‍ കായിക മന്ത്രാലയം, വകുപ്പ് മന്ത്രി, കേന്ദ്ര സര്‍ക്കാരുമെല്ലാം ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. നമ്മുടെ രാജ്യത്ത് എന്തിനാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്ന് ചോദിച്ചാല്‍ വര്‍ത്തമാന കാലത്ത് അത് ജാതി-മത-വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ക്കാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മത താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ പ്രബലമാണ്. ഇത് തന്നെയാണ് നമ്മുടെ ഫോക്കസ് തകര്‍ക്കുന്നത്. ലോകത്ത് ഏറ്റവുമധികം സമാധാനമുള്ള രാജ്യമേതെന്ന് ചോദിച്ചാല്‍ ഇന്ത്യ എവിടെ എന്നതും പ്രസക്തമാണ്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ എവിടെ എന്ന് ചോദിച്ചാല്‍ നാം തലയില്‍ മുണ്ടിട്ടോടേണ്ട അവസ്ഥയിലാണ്. രാജ്യം പല മേഖലയിലും മുന്നേറിയെങ്കിലും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ ഇന്നും ബഹുദൂരം പുറകിലാണ്. ഒളിമ്പിക്‌സില്‍ നമ്മുടെ അവസ്ഥ വിവരിക്കാതിരിക്കുകയാണ് ഭേദം. കായിക മേഖലയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ അസ്വസ്ഥത അന്താരാഷ്ട്ര തലത്തില്‍ തന്നെ നമ്മുടെ തല കുനിപ്പിച്ചു. രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങളും, വ്യക്തിയാധിപത്യങ്ങളും അരങ്ങ് വാഴുമ്പോള്‍ നമ്മുടെ സ്‌പോര്‍ട്‌സ് മേഖലയും ശുഭ പ്രതീക്ഷ നല്‍കില്ലെന്നത് പച്ച പരമാര്‍ത്ഥമാണ്.
ഒന്നര ലക്ഷവും, ആറര ലക്ഷവും ജനസംഖ്യയുള്ള കുഞ്ഞന്‍ രാജ്യങ്ങള്‍ ലോക കപ്പില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളുടെ ലോകോത്തര കളിക്കാരുടെ ആരാധകരായി മാറേണ്ട അവസ്ഥയാണുള്ളത്. നമ്മുടെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ലോക കപ്പിനോടനുബന്ധിച്ച് ഉയരുന്നത് ആഹ്ലാദത്തിന്റെ പൂത്തിരികളാണ്. ആ ആഹ്ലാദം സ്വന്തം രാജ്യത്തിനായി പ്രകടിപ്പിക്കാന്‍ ഇന്ത്യക്കാര്‍ക്ക് എന്നാണ് അവസരമുണ്ടാകുക.അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനടക്കമുള്ള മുഴുവന്‍ സ്‌പോര്‍ട്‌സ് വേദികളിലും രാഷ്ട്രീയ നിയമനം ഒഴിവാക്കുകയും, ആ രംഗത്തുള്ള പരിണിത പ്രഞ്ജരായവര്‍ക്ക് നേതൃത്വം വിട്ടുനല്‍കുകയുമാണ് അടിയന്തിരമായി ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ വിദൂര ഭാവിയിലെങ്കിലും ഇന്ത്യന്‍ ജേഴ്‌സി ലോകകപ്പ് മൈതാനത്ത് മിന്നി തിളങ്ങുമ്പോള്‍, ഓരോ ഇന്ത്യക്കാരനും ആനന്ദ ചുവടുകള്‍വെക്കാനാവുക.

കുഞ്ഞന്‍ രാജ്യങ്ങള്‍ പന്ത് തട്ടുമ്പോള്‍ ഇന്ത്യ എവിടെ?

Share

Leave a Reply

Your email address will not be published. Required fields are marked *