കോഴിക്കോടിന്റെ സമഗ്ര വികസനത്തിന് ജി.എം.ഐയുമായി കൈകോര്‍ക്കും
കോഴിക്കോട്: കോഴിക്കോടിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എം.എല്‍.എമാര്‍. ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് (ജി എം ഐ) സംഘടിപ്പിച്ച ”ബ്രേക്ക്ഫാസ്റ്റ് വിത്ത് ഡിസിഗ്‌നേറ്റഡ് എം.എല്‍.എമാര്‍ പരിപാടിയിലാണ് ജനപ്രതിനിധികള്‍ ഈ പ്രഖ്യാപനം നടത്തിയത്.
സ്വന്തം മണ്ഡലങ്ങളുടെ വികസനത്തില്‍ മാത്രം ഒതുങ്ങാതെ ജില്ലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമായതെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു. വിഭാഗീയ ചിന്തകള്‍ മാറ്റിവെച്ച് ഒരുമയോടെ മുന്നേറുമ്പോഴാണ് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുകയെന്നും അവര്‍ പറഞ്ഞു. ജില്ലയുടെ വികസനകാര്യങ്ങളില്‍ ജി എം ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എം.എല്‍.എമാര്‍ വ്യക്തമാക്കി.
ജി എം ഐ പ്രസിഡന്റ എഞ്ചിനിയര്‍ പി സി റഷീദ് അധ്യക്ഷത വഹിച്ചു. ജി എം ഐ അവതരിപ്പിച്ച വികസന രേഖയെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ടി സിദ്ധീഖ്, എം എ റസാഖ്, കെ ജയന്ത്, വി കെ ഫൈസല്‍ ബാബു, കെ എം അഭിജിത്ത്, ഫാത്തിമ തഹ്ലിയ, പി എം എ സമീര്‍, സി കെ കാസിം, വി.ടി അഷറഫലി, വി ടി സൂരജ്, വിദ്യാ ബാലകൃഷ്ണന്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമദ്, പാരിസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദലി, ഡോ മുസ്തഫ, ഫ്രാന്‍സിസ് ആലുകാസ്, ജോഹര്‍ ടംടണ്‍, ഡോ ഷരീഫ്, ഡോ മൊയിന്‍കുട്ടി, റോഷന്‍ കൈനടി, മുസ്തഫ കൊമ്മേരി, സന്നാഫ് പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ മോഡറേറ്ററായിരുന്നു. ജി എം ഐ ഭാരവാഹികളായ എ കെ നിഷാദ് സ്വാഗതവും ആഷിക് നന്ദിയും രേഖപ്പെടുത്തി. വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് മാസത്തിലൊരിക്കല്‍ തുടര്‍ചര്‍ച്ചകളും അവലോകന യോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജി എം ഐ അംഗവും തിരൂരങ്ങാടി എം എല്‍ എയുമായ പി എം എ സമീറിനെ ഈ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു.
