കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; കെ.ചന്ദ്രന്‍ മാസ്റ്റര്‍

കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; കെ.ചന്ദ്രന്‍ മാസ്റ്റര്‍

കോഴിക്കോട്:  കേരളീയ ഗ്രാമങ്ങളെ വിജ്ഞാനത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും ചാലക ശക്തികളാക്കി മാറ്റിയത് ഗ്രന്ഥശാലകളാണെന്നും സംസ്ഥാന വിഷയത്തിലുള്‍പ്പെടുന്ന ലൈബ്രറി കൗണ്‍സിലുകളില്‍ കടന്നു കയറി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സും രാഷ്ട്രാ ഭാഷാ വേദിയും പറമ്പില്‍ ബസാര്‍ ജെ.പി.ബില്‍ഡിംഗില്‍ സംഘടിപ്പിച്ച ഏകദിന പുസ്തക മേളയും സാഹിത്യ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1901ല്‍ തലശ്ശേരിയില്‍ ആസാദ് ലൈബ്രറിസ്ഥാപിക്കപ്പെടുകയുണ്ടായി. 1937ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മലബാറിലെ ഗ്രന്ഥശാലകളുടെ ഒരു യോഗം കെ.കേളപ്പന്‍, കെ.ദാമോദരന്‍, മധുരവനം കൃഷ്ണക്കുറിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ ഇന്ന് 10,000ത്തോളം ഗ്രന്ഥശാലകളുണ്ട്. കേരളത്തിലെ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ വികേന്ദ്രീകൃതമായാണ്. എന്നാല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ഗ്രന്ഥശാല പ്രസ്ഥാനം സര്‍ക്കാര്‍ വകുപ്പായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് കോര്‍പ്പറേറ്റ് താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ മേഖല വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണ്. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ വാര്‍ത്തകളോ പ്രശ്‌നങ്ങളോ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതി വിശേഷമുണ്ട്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാന്‍പോലും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. കേരളത്തിന്റെ മുന്നേറ്റത്തിന്റെ അടിസ്ഥാനം ലൈബ്രറി പ്രസ്ഥാനമാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനാ വസന്തം, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ച് ഗ്രന്ഥശാല പ്രസ്ഥാനത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ വായനാശീലം വളര്‍ത്താനും നവാഹഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഗ്രാമങ്ങള്‍തോറും ഇത്തരം സാഹിത്യ സദസ്സുകളും പുസ്തക മേളകളും സംഘടിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025ല്‍, 25 ഗ്രാമങ്ങളില്‍ പുസ്തക മേളയും സാഹിത്യ സദസ്സുകളും സംഘടിപ്പിക്കുമെന്ന് പി.ടി.നിസാര്‍ പറഞ്ഞു.പുസ്തക വില്‍പ്പന ഉദ്ഘാടനം കെ.ചന്ദ്രന്‍ മാസ്റ്റര്‍ എഴുത്തുകാരി ഷൈനി ജയപ്രകാശിന് നല്‍കി നിര്‍വ്വഹിച്ചു. വ്യാസ വിദ്യാപീഠം സെക്രട്ടറി അഖിലേഷ്, രാഷ്ട്ര ഭാഷാ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന്‍ പറോപ്പടി, മധുരം അയല്‍പക്കവേദി എക്‌സിക്യൂട്ടീവംഗം അഷ്‌റഫ് .പി.കെ ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരായ വി.എം.ആനന്ദ കുമാര്‍, ഷൈനി ജയപ്രകാശ്, ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, പുരുഷു കക്കോടി, ഹസ്സന്‍.ടി.ടി, ഉസ്മാന്‍ ചാത്തംചിറ എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. രാഷ്ട്ര ഭാഷാ വേദി ജന.സെക്രട്ടറി ആര്‍.കെ.ഇരവില്‍ ആമുഖ ഭാഷണം നടത്തി. രാഷ്ട്രഭാഷാ വേദി താലൂക്ക് സെക്രട്ടറി പി.ടി.ജയപ്രകാശ് സ്വാഗതവും പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. അര്‍പ്പണ, അക്ഷര എന്നിവര്‍ പ്രാര്‍ത്ഥന ആലപിച്ചു.

 

 

കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു;
കെ.ചന്ദ്രന്‍ മാസ്റ്റര്‍

Share

Leave a Reply

Your email address will not be published. Required fields are marked *