സുനില്‍ഛേത്രിയുടെ അവസാന മത്സരം ഇന്ന് കുവൈത്തിനെതിരേ
അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മിശിഹായോ മൈതാനത്ത് അത്ഭുതങ്ങള്‍ കാണിക്കുന്ന മാന്ത്രികനോ സാംബാ നൃത്തച്ചുവടുകളുടെ സുല്‍ത്താനോ അല്ല. 150 കോടി ജനതയുള്ള ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന കിരീടമോ ചെങ്കോലോ മുന്നില്‍ ചുവപ്പു പരവതാനികളോ ഇല്ലാത്ത ഒരു സാധാരണ നായകന്‍. സുനില്‍ ഛേത്രി. 2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരേ തന്റെ 21ാം വയസില്‍ രാജ്യത്തിനായി ആദ്യമായി ബൂട്ടുക്കെട്ടുമ്പോള്‍ അയാള്‍ കരുതിക്കാണില്ല നടന്നു കയറുന്നത് ഇതിഹാസങ്ങളുടെ നിരയിലേക്കായിരിക്കുമെന്ന്. അതേ ഇന്ത്യന്‍ ഇതിഹാസം ഇന്ന് പടിയിറങ്ങുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടുമ്പോള്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം ഛേത്രിക്കു വേണ്ടി ആര്‍ത്തു വിളിക്കും. ഇന്ത്യന്‍ നായകന് ഉചിതമായ വിട നല്‍കാന്‍ ഇന്ത്യന്‍ ടീമും സജ്ജമാണ്. 150 മത്സരങ്ങള്‍, 94 ഗോളുകള്‍. ഒരു ഇന്ത്യന്‍ താരത്തിന് സ്വപ്‌നം കാണാന്‍ കഴിയുന്നതിനെക്കാള്‍ ഉയരത്തിലാണ് ഛേത്രി എത്തിപ്പിടിച്ച നേട്ടങ്ങള്‍. നിലവില്‍ ലോകഫുട്‌ബോളില്‍ രാജ്യത്തിന് വേണ്ടി കളിച്ചുക്കൊണ്ടിരിക്കുന്നവരില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ഗോള്‍ സ്‌കോററും എക്കാലത്തെയും ടോപ് സ്‌കോറര്‍മാരില്‍ നാലാമതുമാണ് ഛേത്രി. ഛേത്രിക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ ലോക ഫുട്‌ബോളിലെ രണ്ട് ഗോട്ടുകളാണ്. മെസിയും റൊണാള്‍ഡോയും. പോര്‍ച്ചുഗലിനായി യൂറോ കപ്പ് നേടിയ റൊണാള്‍ഡോ, അര്‍ജന്റീനക്കായി ലോകകപ്പ് നേടിയ മെസി എന്നിവര്‍ക്ക് പിന്നിലാണ് ഒരു ലോകകപ്പില്‍ പോലും യോഗ്യത നേടാനാകാത്ത ഒരു ടീമിന്റെ നായകന്‍ എന്നു പറയുമ്പോഴാണ് അതിലെ അതിശയോക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാകുന്നത്.
ഇന്ത്യയില്‍ മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പത്തിലൊന്ന് പിന്തുണ ഫുട്‌ബോളിന് ലഭിച്ചിരുന്നുവെങ്കില്‍ ലോകം ആരാധിക്കുന്ന കായികതാരങ്ങളില്‍ ഒരാളായി ഛേത്രി മാറിയേനെ. ഒരോ ഫുട്‌ബോള്‍ ലോകകപ്പ് വരുമ്പോഴും ഇന്ത്യയില്‍ ആരാധകര്‍ മറ്റു രാജ്യങ്ങളുടെ കൊടി തോരണങ്ങളും അവര്‍ക്കഭിവാദ്യം അറിയിച്ചുക്കൊണ്ടുള്ള ഫ്‌ലക്‌സ്‌ബോര്‍ഡുകളും വയ്ക്കുന്ന തിരക്കിലായിരിക്കും. എന്നെങ്കിലുംമൊരുനാള്‍ അതുപോലെ നമ്മുടെ രാജ്യത്തിനുവേണ്ടി ആര്‍ത്തുവിളിക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ആരാധകവൃന്ദം ഉണ്ടാകുമെന്ന ചെറു പ്രതീക്ഷ നല്‍കിയത് ഈ ചെറിയ വലിയ മനുഷ്യനാണ്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ നിരവധി നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. 2007, 2011, 2013, 2014, 2017, 2018-19, 2021-22 വര്‍ഷങ്ങളില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ പ്ലെയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഛേത്രി മൂന്നു രാജ്യങ്ങളിലെ ക്ലബുകള്‍ക്കായി കളിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. ഇന്ത്യക്ക് പുറമേ അമേരിക്ക പോര്‍ച്ചുഗല്‍ രാജ്യങ്ങിലെ ക്ലബുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടു കെട്ടിയത്. ഇന്ത്യക്കു വേണ്ടി കൂടുതല്‍ മത്സരം കളിച്ച വ്യക്തിയും ഛേത്രി തന്നെ. ഏറ്റവും കൂടുതല്‍ ഹാട്രിക്കുകളും ഇന്ത്യക്കുവേണ്ടി നേടിയതും മറ്റാരുംമല്ല. നാല് ഹാട്രിക്കുകളാണ് കരിയറില്‍ അദ്ദേഹം നേടിയത്. സാഫ് ചാമ്പ്യന്‍ഷിപ്പ്-ഐ ലീഗ്-ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍, ഖേല്‍ രത്‌ന അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ ഫുട്‌ബോളര്‍, അര്‍ജുന അവാര്‍ഡ്, പത്മശ്രീ തുടങ്ങി നിരവധി നേട്ടങ്ങള്‍ക്കര്‍ഹനായിട്ടാണ് അദ്ദേഹം കളിക്കളത്തില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ നിരവധി പ്രധാന കിരീട നേട്ടങ്ങളിലും ഛേത്രി പങ്കാളിയായിട്ടുണ്ട്. 2008ലെ എഎഫ്‌സി ചാലഞ്ച് കപ്പ്, 2007, 2009, 2012 വര്‍ഷങ്ങളിലെ നെഹ്രു കപ്പ്, 2011, 2015, 2021, 2023 വര്‍ഷങ്ങളിലെ സാഫ് കപ്പ്, 2018, 23 വര്‍ഷങ്ങളില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, 2023ലെ ത്രിരാഷ്ട്ര കപ്പ് ഉള്‍പ്പെടെ നിരവധി കിരീട നേട്ടങ്ങള്‍ക്കും ഛേത്രി അര്‍ഹനായി. 2012 മുതലാണ് അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റനായത്. ഇന്ത്യന്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ എത്താതിരുന്നപ്പോള്‍, കരഞ്ഞ് കൈകൂപ്പി ഗാലറികളിലേക്ക് കയറിവരാന്‍ ആരാധകരോട് അപേക്ഷിച്ച ക്യാപ്റ്റന്‍ വിടപറയുമ്പോള്‍ നിറകണ്ണുകളോടെ ഒരു സ്‌റ്റേഡിയം മുഴുവന്‍ അയാള്‍ക്കു പിന്നില്‍ അണിനിരക്കും.
