പ്രകൃതിയുടെ വൃക്കകള്‍ തകരാറാകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണം
ഭൂമി നിരവധി പരിസ്ഥിതി വ്യൂഹങ്ങള്‍ ചേര്‍ന്നതാണ്, ഭൂമിയുടെ നിലനില്‍പ്പിന് പലതരത്തിലും, രൂപത്തിലുമുള്ള പരിസ്ഥിതി വ്യൂഹങ്ങള്‍ നിലനില്‍ക്കേണ്ടതായിട്ടുണ്ട്.ഏറ്റവും അധികം പരിസ്ഥിതി മൂല്യമുള്ള വ്യൂഹമാണ് തണ്ണീര്‍ത്തടങ്ങള്‍. ലോകമെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങള്‍ വലിയ രീതിയില്‍ നികന്നു പോയിട്ടുണ്ട്, തണ്ണീര്‍ത്തടങ്ങള്‍ നികത്തി കൃഷി ചെയ്യുവാനും അബരചുംബികളായ കെട്ടിടങ്ങള്‍ പണിയുവാനും, മനുഷ്യന് മാത്രം ഉപകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തുടങ്ങിയതോടെ തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പക്ഷിജാലങ്ങളെ ബാധിക്കുന്ന തരത്തില്‍ എത്തിയപ്പോഴാണ് പരിസ്ഥിതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഇറാനിലെ പരിസ്ഥിതി മന്ത്രി എസ്‌കാന്‍ഡര്‍ ഫിറ്വസിന്റെ നേതൃത്വത്തില്‍ ലോകത്തിലെ 171 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഉച്ചകോടി സംഘടിപ്പിച്ചത്. കാസ്പിയന്‍ കടലിന്റെ തീരത്ത് പ്രകൃതിരമണീയമായ ഇറാനിലെ റാംസറില്‍ 1971 ഫെബ്രുവരി രണ്ടിന് യുനോസ്‌ക്കോവിന്റെ നേതൃത്വത്തില്‍ നടന്ന ലോക രാജ്യങ്ങളുടെ സമാഗമത്തിന്റെ സ്മരണാര്‍ത്ഥമാണ്, 1997 മുതല്‍ ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നത്.
തണ്ണിത്തടത്തിന്റെ
പ്രാധാന്യം
തണ്ണീര്‍ത്തടങ്ങള്‍ വളരെ പ്രാധാന്യമുള്ള ഒരു ആവാസ വ്യവസ്ഥയാണ്, വൈവിധ്യമാര്‍ന്ന സസ്യ ജന്തു ജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ തഴച്ചു വളരുവാന്‍ തണ്ണീര്‍ത്തടങ്ങള്‍ സഹായിക്കുന്നു. മനുഷ്യന്റെ കടന്നുകയറ്റമാണ് തണ്ണീര്‍ത്തടങ്ങളുടെ ആവാസവ്യവസ്ഥക്ക് ഏറ്റവും കൂടുതല്‍ മങ്ങലേല്‍പ്പിച്ചത്, തണ്ണീത്തടങ്ങള്‍ പ്രകൃതിക്കും മനുഷ്യനും ചെയ്യുന്ന നന്മകള്‍ വളരെയധികമാണ്. ഭുഗര്‍ഭ ജലത്തിന്റെ അളവിനെ നിലനിര്‍ത്തുന്നതിനും, സമുദ്ര ജീവികളുടെയും വന്യജീവികളുടെയും ആവാസ വ്യവസ്ഥ നിലനിര്‍ത്തുവാന്‍ തണ്ണീത്തടങ്ങള്‍ അത്യന്താപേക്ഷിതമാണ്. മത്സ്യങ്ങള്‍, ചെറുജീവികള്‍, പക്ഷിമൃഗാദികള്‍ എന്നിവയുടെ ആവാസകേന്ദ്രമായ തണ്ണീത്തടങ്ങള്‍ പല ചെറുമീനുകളുടെയും പ്രജനന കേന്ദ്രവുമാണ്, ദേശാടനപ്പക്ഷികള്‍ സ്ഥിരമായി എത്തുന്ന പ്രദേശം കൂടിയാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടം സ്ഥിതി ചെയ്യുന്ന പരിസരത്തെ മണ്ണോലിപ്പു തടയാനും, കാര്‍ബണ്‍, ഫോസ്ഫറസ്, സള്‍ഫര്‍, നൈട്രജന്‍ എന്നിവയുടെ ചക്രമണം സുഗമമാക്കുന്നതിന് തണ്ണീര്‍ തടങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി വേര്‍പിരിയാനാകാത്ത ബന്ധം തണ്ണീര്‍ത്തടങ്ങള്‍ക്കുണ്ട്.കാലാവസ്ഥ ആഘാതം ലഘൂകരിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും തണ്ണീര്‍ തടങ്ങള്‍ നിലനില്‍ക്കേണ്ടതായിട്ടുണ്ട്.മലിനജലത്തെ ശുദ്ധീകരിച്ച് ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാല്‍ തണ്ണീര്‍ത്തടങ്ങളെ പ്രകൃതിയുടെ വൃക്കകള്‍ എന്നാണ് അറിയപ്പെടുന്നത്. നീരൊഴുക്ക് നിലനിര്‍ത്തുന്നതിനും, വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനും, പോഷകങ്ങള്‍ പുനരുപയോഗിക്കുന്നതിനും തണ്ണീത്തടങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. തണ്ണീര്‍ തടങ്ങള്‍ ഭൂമിയിലെ അനേകം പരിസ്ഥിതി വ്യൂഹങ്ങളില്‍ ഒന്നു മാത്രമാണ് എങ്കിലും ജനങ്ങള്‍ക്കും പ്രകൃതിക്കും വലിയ പ്രാധാന്യമുള്ള ജലനിമഗ് നമായ പ്രദേശമാണ് തണ്ണീത്തടങ്ങള്‍.
തണ്ണീര്‍ത്തടങ്ങളുടെ അവസ്ഥ:
ലോകത്തെ കരപ്രദേശത്തിന്റെ വെറും 6% മാത്രമാണ് തണ്ണീത്തടങ്ങള്‍ ഇന്ന് ഉള്ളത്.ഭൂമിയിലെ ജീവജാലങ്ങളുടെ 40% വും തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. കാട് അപ്രത്യക്ഷമാകുന്നതിനേക്കാള്‍ മൂന്നുമടങ്ങ് വേഗത്തിലാണ് തണ്ണീര്‍ തടങ്ങള്‍ അപ്രത്യക്ഷമാകുന്നത്. 1970 മുതല്‍ ലോകത്തെ 35 % തണ്ണീര്‍ തടങ്ങളും നികത്തപ്പെട്ടു. റാംസര്‍ സൈറ്റ് പ്രകാരം ലോകത്ത് ഇന്ന് 2.5 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള തണ്ണീത്തടങ്ങളെ നിലവിലുള്ളൂ.
കരപ്രദേശങ്ങള്‍ക്കിടയിലും തുറന്ന ജലപരപ്പിനിടയിലും കിടക്കുന്ന ജലപൂരിതമോ വെള്ളം കെട്ടി കിടക്കുന്നതോ ആയ അവസ്ഥാന്തര മേഖലകളാണ് തണ്ണീര്‍ത്തടങ്ങള്‍. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതും വേനല്‍ക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങളുടെ നിര്‍വചനത്തില്‍ വരും. സ്ഥിരമോ താല്‍ക്കാലികമായോ ഒഴുകുന്നതോ,കെട്ടികി ടക്കുന്നതോ പ്രകൃതിജന്യമോ മനുഷ്യനിര്‍മ്മിതമായ ശുദ്ധജലമോ ഉപ്പു ജലമോ ഉള്ളതും വേലിയിറങ്ങുന്ന സമയത്ത് 6 മീറ്ററില്‍ അധികം ആഴമില്ലാത്തതുമായ എല്ലാത്തരം ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളാണ്. നദികള്‍,തടാകങ്ങള്‍, കായലുകള്‍, ഓരു ജല തടാകങ്ങള്‍, പൊക്കാളി കൈപ്പാട്,കണ്ടലുകള്‍,നദി മുഖങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പ് എന്നിവ തണ്ണീര്‍ തടങ്ങള്‍ക്ക് ഉദാഹരണമാണ്. കായലുകളില്‍ ഉപ്പുരസമുള്ളതും പുഴകളില്‍ ശുദ്ധജലവും തണ്ണീത്തടങ്ങളായി കാണുന്നു,ഇതില്‍ പ്രകൃതിയാലെ ഉണ്ടായ സ്വാഭാവിക തണ്ണീര്‍ തടങ്ങളും,മനുഷ്യ മനുഷ്യര്‍ നിര്‍മ്മിച്ച കൃത്രിമ തടങ്ങളും ഉണ്ട്.
തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ ലോകത്തിന്റെ ശ്രമം
തണ്ണിത്തടങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മൂലധനവും രാഷ്ട്രീയ ഇച്ഛാ ശക്തിയും പൗര പിന്തുണയും നേടുന്നതിനാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ തട ദിനമായി ആചരിക്കുന്നത്. ഇറാനിലെ റാംസറില്‍ ഒപ്പിട്ട ആഗോള കരാര്‍ പ്രകാരം ലോകത്ത് 2471 റാംസര്‍ തണ്ണീര്‍ത്തടങ്ങള്‍ ഉണ്ട്.ലോകത്തെ വ്യത്യസ്ത ഭാഗങ്ങളില്‍ ഉള്ള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനും ഭാവി തലമുറയ്ക്ക് അനുഭവേദ്യമാക്കുന്നതിനും കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് നിയമപരമായ ഉത്തരവാദിത്വമുണ്ട്. 2023 ലെ തണ്ണീര്‍ത്തട ദിനത്തില്‍’ തണ്ണീര്‍ത്തടങ്ങള്‍ പുനസ്ഥാപനത്തിനുള്ള സമയമായി ‘എന്ന ആശയമാണ് മുന്നോട്ടുവെച്ചതെങ്കില്‍ 2024ല്‍ അത് വിശാലമായ അര്‍ത്ഥത്തിലുള്ള ആശയമായി ‘തണ്ണീര്‍ത്തടങ്ങള്‍ മനുഷ്യ ക്ഷേമത്തിന് ‘എന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.വ്യത്യസ്ത ആഗോള സംഘടനകള്‍ ചേര്‍ന്നാണ് ഇന്ന് തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുവാന്‍ പുറപ്പെട്ടിരിക്കുന്നത്
1)ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ യു സി എന്‍)
2) വെറ്റ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍
3)ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ഐ ഡബ്ല്യു എം ഐ)
4)ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍
5)വേള്‍ഡ് ഫൗള്‍ ആന്‍ഡ് വെറ്റ്‌ലാന്‍ഡ് ട്രസ്റ്റ്
6)ഡബ്ലിയു,ഡബ്ലിയു, എഫ് ഇന്റര്‍നാഷണല്‍
ലോകമാസകലമുള്ള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനാണ് റാംസര്‍ ഉടമ്പടി കൊണ്ട് ഉദ്ദേശിച്ചത്. തണ്ണീര്‍ തടങ്ങള്‍ ഇല്ലാതായാല്‍ ജലക്ഷാമം രൂക്ഷമാകും എന്നും വെള്ളപ്പൊക്കത്തിന് കാരണമാകും എന്നും വലിയ രീതിയില്‍ ഉപജീവന നഷ്ടം ഉണ്ടാകുമെന്നും പ്രതികൂല കാലാവസ്ഥ കാരണമായി ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും കണ്ടതിനാലാണ് ലോകരാജ്യങ്ങള്‍ റാംസര്‍ സൈറ്റില്‍ പുതിയ തണ്ണീര്‍ത്തടങ്ങളെ ഉള്‍ക്കൊള്ളിച്ച് സുസ്ഥിരമായ വികസനത്തിലേക്ക് കാല്‍വെപ്പുകള്‍ നടത്തുന്നത്.കൂടാതെ ജൈവസമ്പത്ത് കുറയുന്നതും,കാര്‍ബണ്‍, മീഥേയന്‍ ഉല്‍സര്‍ജജ നത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നതിനാലും,സ്വാഭാവിക ജലശുദ്ധീകരണ പ്രക്രിയ തകിടം മറിയുന്നതും ലോകത്തിലെ രാജ്യങ്ങള്‍ നേരില്‍ കണ്ടതിനാലാണ് തണ്ണീര്‍ത്തട സംരക്ഷണം മുഖ്യ അജണ്ടയായി രാജ്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്.
റാംസര്‍ സൈറ്റും ഇന്ത്യയും
1971 ല്‍ ഇറാനിലെ റാംസറില്‍ ചേര്‍ന്ന തണ്ണീര്‍ത്തടം സംബന്ധിച്ച ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുകയും ആഗോള കരാറില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിട്ടത് ഡോക്ടര്‍ എസ് എ. ഹെജ്മദി ആയിരുന്നു. ഇന്ന് ഇന്ത്യയിലെ 75 തണ്ണീര്‍ തടങ്ങള്‍ റാംസര്‍ സൈറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.ഒറീസയിലെ ചില്‍ക്ക തടാകമാണ് ആദ്യം ഇന്ത്യയില്‍ നിന്നും രാംസര്‍ സൈറ്റില്‍ ഇടം പിടിച്ചത്, തുടര്‍ന്ന് രാജസ്ഥാനിലെ ഗലീഹമറലീ പാര്‍ക്കും തുടര്‍ന്ന് ഏറ്റവും അവസാനം പശ്ചിമ ബംഗാളിലെ സുന്ദര്‍ബാന്‍സ് തണ്ണീര്‍ത്തടവും രാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും വലിയ റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട തണ്ണീര്‍ത്തടമാണ് സുന്ദര്‍ബാന്‍സ് തണ്ണീര്‍ത്തടം. ലോകത്തിലെ ഏറ്റവും വലിയ തണ്ണീത്തടം ബ്രസീലിലെ 12 മില്യന്‍ ഹെക്ടറില്‍ പരന്നുകിടക്കുന്ന R-io Iv-e-gro തണ്ണീര്‍ത്തടമാണ്. ഇന്ത്യയിലെ ഹിമാചല്‍ പ്രദേശിലെ രേണുക തണ്ണീര്‍ തടമാണ് റാംസര്‍ സൈറ്റിലെ ചെറിയ തണ്ണീര്‍ത്തടം, വെറും 0.2 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വിസ്തൃതി.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തണ്ണീര്‍ത്തടങ്ങള്‍ രാംസാര സൈറ്റില്‍ ഉള്‍പ്പെട്ടത് തമിഴ്‌നാട്ടില്‍ നിന്നാണ് പതിനാലെണ്ണം, യുപിയില്‍ നിന്നും 10 എണ്ണവും രാംസര്‍ സൈറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.1982 മുതല്‍ 2013 വരെ ഇന്ത്യയിലെ 26 തണ്ണീര്‍ത്തടങ്ങളാണ് രാംസര്‍ സൈറ്റില്‍ ഇടംപിടിച്ചതെങ്കില്‍ 2014 മുതല്‍ 2022 കാലത്ത് 49 തണ്ണീര്‍ത്തടങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെട്ടത്. കൂടാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 115 നിര്‍ത്തടങ്ങളുടെ പരിപാലനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സംരക്ഷണ ദൗത്യവുമായി മുന്നോട്ടു പോകുന്നുണ്ട്.1981ല്‍ വെറും രണ്ട് സൈറ്റ് മാത്രം രാംസറില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ഇന്ന് 75 തണ്ണീര്‍ത്തടങ്ങളായി മാറിയതില്‍ പ്രതീക്ഷ ഉണ്ടെങ്കിലും ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളില്‍ 38 % നഷ്ടപ്പെട്ടുപോയത് തിരിച്ചു പിടിക്കാന്‍ ഇത് പര്യാപ്തമാണോ എന്നത് ആശങ്കയായി നിലനില്‍ക്കുന്നു.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും വ്യത്യസ്തമായതും മറ്റൊരു സ്ഥലത്ത് ഉണ്ടാവാത്തതും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതും ജീവജാലങ്ങള്‍ക്ക് ഉപകാരപ്പെട്ടതും അന്യം നിന്നു പോകുന്ന ജീവജാലങ്ങള്‍ക്ക് സംരക്ഷണം ഉണ്ടാവുന്നതും വ്യത്യസ്തമായ സസ്യജാലങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ആവാസ കേന്ദ്രവുമായാല്‍ മാത്രമേ രാംസര്‍ സൈറ്റില്‍ തണ്ണീര്‍ത്തടങ്ങള്‍ ഇടം പിടിക്കുകയുള്ളൂ.
കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍:
കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയില്‍ 38864 ചതുരശ്ര കിലോമീറ്ററില്‍ അഞ്ചില്‍ ഒന്നും തണ്ണീര്‍ ത്തടങ്ങളാണ്. വലുതും ചെറുതുമായ 217 തണ്ണീര്‍ത്തടങ്ങള്‍ കേരളത്തിലുണ്ട്. വികസന ലക്ഷ്യത്തിനായി വലിയ രീതിയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്.2008 ല്‍ കേരള നിയമസഭാ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഏറെ പ്രതീക്ഷയോടെ കൂടിയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണുന്നത്, നിയമം പാസായിട്ടും വലിയതോതില്‍ വയലുകള്‍ തോട്ടമായി മാറുന്ന പ്രക്രിയ അഭങ്കുരം തുടരുകയാണ്. കേരളത്തിലെ അഷ്ടമുടി കായല്‍,ശാസ്ത്ര കോട്ട കായല്‍,വേമ്പനാട് കോള്‍ നിലയം എന്നിവ രാംസര്‍ സൈറ്റില്‍ ഇടംപിടിച്ച തണ്ണീര്‍ത്തടങ്ങളാണ്. തണ്ണീര്‍ത്തടങ്ങള്‍ പരിസ്ഥിതി മൂല്യമുള്ളതാണെന്നും ജൈവ വൈവിധ്യ സമ്പന്നമാണ്, ശുദ്ധജലത്തിന്റെ മുഖ്യ സ്രോതസ്സാണ് എന്നതും കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ ഉപകാരപ്പെടുന്നതാണ് എന്നും മനുഷ്യ ഉപ ജീവനത്തിന് സൗകര്യപ്രദമാകും എന്നും നാം തിരിച്ചറിയേണ്ട ദിവസമാണ് ഫെബ്രുവരി 2.
ഈ ദിനത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ ഭരണാധികാരികള്‍ മുന്നോട്ടു വരേണ്ടാതായിട്ടുണ്ട്. ‘നികത്തല്ലേ വറ്റിക്കല്ലേ’ എന്നീ മന്ത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിച്ച് നിലവിലുള്ള തണ്ണിതടങ്ങളും ശുദ്ധജലസ്രോതസ്സുകളും നികത്താതിരിക്കുവാനും വറ്റിക്കാതിരിക്കുവാനും നിതാന്തമായ ജാഗ്രത ഉണ്ടാകുവാന്‍ ഒത്തുചേരേണ്ട ദിവസമാണ് ഫെബ്രുവരി 2.
കൂടുതല്‍ തണ്ണീര്‍ത്തടങ്ങള്‍ രാംസര്‍ സൈറ്റില്‍ ഇടംപിടിച്ചാല്‍ ആഗോളതലത്തില്‍ ശ്രദ്ധ ഉണ്ടാവുകയും നിലവിലുള്ളത് നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ സാധിക്കുന്നതാണ്, കൂടാതെ ആഗോള കരാറില്‍ ഒപ്പിട്ട രാജ്യം എന്ന നിലയില്‍ അന്തര്‍ദേശീയ പരിസ്ഥിതി നിയമങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശനമായി പാലിക്കുവാന്‍ ബാധ്യസ്ഥരുമാണ്. പ്രകൃതിയുടെ കാവലാളായി തണ്ണിര്‍ ത്തടങ്ങള്‍ മനുഷ്യാ ആവാസ വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഒരു സുപ്രധാന പ്രകൃതി വിഭവമാണ് എന്ന് തിരിച്ചറിഞ്ഞ് ജെസിബിയുമായി വരുന്നവരുടെ കേവല ഇങ്കിതത്തിന് അപ്പുറം വിശാലമായ കാഴ്ചപ്പാട് ഉണ്ടെങ്കിലെ തണ്ണീത്തടങ്ങളെ നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ, അതിന് നമുക്ക് ഫെബ്രുവരി 2 ഒരു പ്രതീക്ഷ ആകട്ടെ
