2024 പ്രതീക്ഷാ നിര്‍ഭരമോ?

2024 പ്രതീക്ഷാ നിര്‍ഭരമോ?

ലോകം ഇന്ന് 2024 എന്ന പുതുവത്സരപ്പിറവിയിലാണ്. ഓരോ പുതു വര്‍ഷത്തെയും പ്രതീക്ഷയോടെയാണ് നാം കാണുന്നത്. 2023 സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു. നമുക്കറിയാം ആഗോള – ദേശീയ, ദദ്ദേശീയ തലങ്ങളില്‍ ഒരുപാട് സുപ്രധാന സംഭവങ്ങള്‍, പലരുടെയും വീഴ്ചയും വാഴ്ചയും, യുദ്ധവും ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്നു. പല നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് കാണാനായി. രക്ത ചൊരിച്ചിലുകളും 2023 ന്റെ ഭാഗമായിരുന്നു. പുതുവര്‍ഷമായ 2024 ഉം ഏറെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്. രാജ്യത്തിന്റെ ഗതി തന്നെ മാറ്റാന്‍ ഉതകുന്ന വര്‍ഷമായി മാറും 2024 എന്നാണ് കരുതുന്നത്. എന്തൊക്കെയായിരിക്കാം ഈ വര്‍ഷം രാജ്യം കാത്തിരിക്കുന്ന സുപ്രധാന സംഭവങ്ങള്‍.

ഒരു സുപ്രധാന ആരാധനാലയത്തിന്റെ ഉദ്ഘാടനത്തോടെയാണ് 2024ന്റെ ആരംഭം എന്നു പറയാം. ഒരു ക്ഷേത്രമെന്നതിലുപരി ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് അയോധ്യയിലെ രാമക്ഷേത്രം. 2024 ജനുവരി 22 നാണ് ചടങ്ങ് നടക്കാനിരിക്കുന്നത്.
2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണവിഷയമായി ബിജെപി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയുള്ള ഒന്നാണ് രാമക്ഷേത്രം. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ജനബാഹുല്യം കണക്കിലെടുത്ത് ഭക്തരോട് വീടുകളില്‍ വിളക്ക് തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാന മന്ത്രി. ഇടത് പാര്‍ട്ടികള്‍ ക്ഷണം നിരസിക്കുകയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വലിയ രാഷ്ട്രീയ പ്രതിരോധത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നില്‍ക്കുന്നത്. പങ്കെടുത്താല്‍ മുസ്ലിംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നു തിരിച്ചടികള്‍ പ്രതീക്ഷിക്കാം. പങ്കെടുത്തില്ലെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കും. വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം എടുക്കും എന്നുള്ളത് സുപ്രധാനമാണ്. ഒപ്പം രാമക്ഷേത്രത്തെ ബിജെപി എങ്ങനെ ആയുധമാക്കുമെന്ന് കണ്ടറിയേണ്ടതാണ്.

2024ലെ സുപ്രധാനമായ സംഭവം ഏപ്രിലില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് തന്നെയാണ്. ഇന്ത്യയുടെ ഭാവി രാഷ്ട്രീയ ഗതി തീരുമാനിക്കുന്ന ഇലക്ഷന്‍. ഭരണകക്ഷിയായ എന്‍ഡിഎയും ഇന്ത്യ സംഖ്യവും ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. മൂന്നാമൂഴമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വപ്നം കാണുന്നത്. ബിജെപിയുടെ അടി തെറ്റിക്കുക എന്നതാണ് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളെ അണി നിരത്തി രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും.

കോണ്‍ഗ്രസിലെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒരു വ്യക്തതയുമില്ല.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും അത് ഉറച്ച തീരുമാനമല്ല.ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെയാണ്.എന്തായാലും അടുത്ത അഞ്ച് വര്‍ഷത്തെയും അതിന് ശേഷവുമുള്ള ഇന്ത്യയുടെയും ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ളതാവും പൊതു തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠത്തില്‍ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ളുടെ, സുപ്രധാന പദവി വഹിച്ച വ്യക്തി ആണ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അദ്ദേഹം. 2024 നവംബര്‍ 10 ന് പദവിയില്‍ നിന്ന് ഒഴിയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പല സുപ്രധാന വിധികളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നുണ്ടാവുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പല നീക്കങ്ങളെയും തടസപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിധികള്‍.സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണങ്ങള്‍, മണിപ്പൂര്‍ കലാപത്തിലെ നിലപാടുകള്‍, കലാപത്തെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിശിതമായ വിര്‍ശനങ്ങള്‍, വനിതാ കരസേനാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ കാല താമസത്തെക്കുറിച്ചുള്ള പരാമര്‍ശം തുടങ്ങിയ ഇതില്‍ സുപ്രധാനമാണ്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നയായി നടത്തിച്ച വീഡിയോ പ്രചരിപ്പിച്ചപ്പോള്‍ ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടതും സാഹചര്യം ആവശ്യപ്പെട്ടതുമായിരുന്നു. ‘വര്‍ഗീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകളെ ഉപകരണമാക്കി മാറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

370-ാം അനുച്ഛേദം പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരി വെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഉണ്ടായത് 2023 ലാണ്. എന്നാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം 2024 സെപ്തംബര്‍ 30-നകം ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി തിരെഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

ശാസ്ത്ര രംഗത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന വര്‍ഷമാണ് വരാനിരിക്കുന്നത്. പുതുവത്സരദിനമായ ഇന്ന് തന്നെ ഒരു സുപ്രധാന കുതിപ്പിന് ഒരുങ്ങുകയാണ് ഇസ്രോ. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റിന്റെ വിക്ഷേപണം നടത്തിക്കൊണ്ടാണ് ഇസ്രോ പുതുവത്സരത്തെ വരവേല്‍ക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.10 ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി58 കുതിച്ചുയരും. പി എസ് എല്‍ വി യുടെ അറുപതാം വിക്ഷേപണമാണ് ഇന്ന് നടക്കാനിരിക്കുന്നത്.ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ന്റെ വിക്ഷേപണത്തിനും 2023 സാക്ഷ്യം വഹിച്ചു. 2024ല്‍ അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഐസ്ആര്‍ഒ.ഈ ദൗത്യം, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കാണുകയാണെങ്കില്‍ അത് ഭാവി പരീക്ഷണങ്ങളില്‍ ആഗോള ശാസ്ത്ര സമൂഹത്തിന് നല്‍കുന്ന ധൈര്യവും ആത്മവിശ്വാസവും വളരെ വലുതായിരിക്കുമെന്നും ഐഎസ്ആര്‍ഒ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. 2025 ആദ്യത്തോടെ ഗഗന്‍യാന്‍ വിക്ഷേപിക്കുമെന്നാണ് കരുതുന്നതെങ്കിലും ഈ വര്‍ഷം ഇതിന്റെ പരീക്ഷണങ്ങളും തയ്യാറെടുപ്പുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്‌പേസ് (സ്‌പേഡെക്‌സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്നീ വമ്പന്‍ ദൗത്യങ്ങള്‍ കൂടി 2024 ല്‍ മുന്നോട്ട് പോകാനുണ്ട്.

കേരളത്തെ സംബന്ധിച്ചാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിനെയാണ് 2023ല്‍ വീക്ഷിച്ചത്. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പോര്, നവ കേരള സദസ്സിന്റെ ഭാഗമായുണ്ടായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍,വിമര്‍ശനങ്ങള്‍ അങ്ങനെ എന്തെല്ലാം വെടിക്കെട്ടുകള്‍ക്കാണ് 2023 സാക്ഷ്യം വഹിച്ചത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അതൃപ്തി. കേന്ദ്ര സര്‍ക്കാരിനെതിരെ നവകേരള സദസ്സില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇനി എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നത് 2024ല്‍ കാത്തിരുന്നു കാണേണ്ടതാണ്. ഏതായാലും 2024 സമാധാനത്തിന്റെയും ശുഭപ്രതിക്ഷയുടെയും വര്‍ഷമാകട്ടെ എന്നാശ്വസിക്കാം.

 

 

 

 

2024 പ്രതീക്ഷാ നിര്‍ഭരമോ?

Share

Leave a Reply

Your email address will not be published. Required fields are marked *