ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുമായി കാണുന്നതിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി മുന്നോട്ട് പോകുന്നതിനിടെയുണ്ടാകുന്ന സംഭവങ്ങള്‍ ക്രമസമാധാന നില തകരാനിടയാകരുതെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി, പരിഹാര നടപടികള്‍ സ്വീകരിക്കാനും അവകാശമുണ്ട്. അതുപോലെ സര്‍ക്കാരിനെ വിമര്‍ശിക്കാനും സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളോട് വിശദീകരിക്കാനും പ്രതിപക്ഷത്തിനും അവകാശമുണ്ട്.യോജിപ്പും വിയോജിപ്പും ചേരുന്നതാണ് ജനാധിപത്യമെന്ന തത്വം മറന്നുകൊണ്ടാണ് ഇവിടെ പലരും പെരുമാറുന്നത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഭരണാധികാരികളാകുമ്പോള്‍ ഇത്തരം ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിക്കുമ്പോള്‍ അവരെ ഡി വൈ എഫ് ഐക്കാര്‍ മര്‍ദ്ദിക്കുന്നത് എന്ത് ജനാധിപത്യമാണെന്ന് മനസിലാവുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കാന്‍ സുശക്തമായ ഒരു പോലീസ് സേന നമുക്കുണ്ട്. അവരാ കൃത്യം ചെയ്യുകയാണ് നിക്ഷ്പക്ഷമായ നിയമവാഴ്ചയുടെ കരുത്ത്.
മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഡിവൈഎഫ്ഐയും പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസും ഇറങ്ങിപുറപ്പെട്ടാല്‍ അതിനെ അക്രമാധിപത്യം എന്നേ വിളിക്കാനാവൂ. അക്രമ രാഷ്ട്രീയത്തിന്റെ കാലമെല്ലാം കഴിഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ കൈകാര്യം ചെയ്തത് ജീവല്‍ രക്ഷാ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ന്യായീകരിച്ചത് ശരിയായില്ല. അധികാരത്തിലേറിയാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം എല്ലാവരുടേതുമാണ്. അങ്ങനെയൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം, അക്രമം നടത്തുന്നവര്‍ക്ക് പച്ചക്കൊടി വീശുന്നത് ഭൂഷണമല്ല.
ഗവര്‍ണര്‍ക്കെതിരായുള്ള എസ്എഫ് ഐയുടെ പ്രതിഷേധവും വലിയ കോളിളക്കമാണുണ്ടാക്കിയത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പാടില്ല എന്നൊന്നും നിയമമില്ല. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാപദവിയിലിരിക്കുന്ന ഗവര്‍ണറായാലും, മുഖ്യമന്ത്രിയായാലും നിങ്ങളുടെ ചെയ്തികള്‍ പൊതു സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി സംസ്ഥാനങ്ങളിലെത്തുന്ന ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ പരിധികടക്കുന്നുണ്ടെന്ന് സുപ്രീംകോടതി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗവര്‍ണറും, സംസ്ഥാന സര്‍ക്കാരും സ്വരച്ചേര്‍ച്ചയിലല്ല മുന്നോട്ട് പോകുന്നത്. അനാവശ്യ വിവാദങ്ങളും, അതുവഴി സംഘര്ഷങ്ങളുമുണ്ടാക്കിയിട്ട് നാടിനെന്താണ് ഗുണം? പോലീസിന്റെ ഇടപെടലുകളും കോടതികളുടെയടക്കം വലിയ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. ഭരണകൂടത്തിന്റെ മൗന സമ്മതമുണ്ടായാല്‍ പോലീസ് നിയന്ത്രണം വിട്ട് പെരുമാറുമെന്ന് ഒട്ടനവധി സംഭവങ്ങള്‍ കേരള ചരിത്രത്തിലുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായി സൂക്ഷിക്കേണ്ടത് ഭരണ-പ്രതിപക്ഷങ്ങളുടെ കൂട്ടുത്തരവാദിത്തമാണ്. അക്രമവും ഗുണ്ടായിസവും നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമല്ലെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഗാന്ധിജി മുട്ടുകുത്തിച്ചത് സഹന സമരത്തിലൂടെയാണ്. ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്.
സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളും പ്രയാസപ്പെട്ടാണ് ജീവിക്കുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കാതെ, രോഗങ്ങളോട് മല്ലിട്ടും പ്രതികൂല ജീവിതങ്ങള്‍ നയിക്കുന്നവരെ സഹായിക്കാനാണ് ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കേണ്ടത്. കേരളത്തില്‍ മുന്‍പും ഗവര്ണര്മാരുണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ ഗവര്‍ണറെ പോലെ വിവാദങ്ങള്‍ സൃഷ്ടിച്ച മറ്റൊരാളുണ്ടായിട്ടില്ല. ഭരണ പക്ഷത്തിന്റെതായാലും, പ്രതിപക്ഷത്തിന്റേതായാലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിവുള്ള ഒരു ജനതയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ന്യായീകരണ തൊഴിലാളികളുടെ രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു. യുവജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി മുന്നോട്ട് വന്നാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ഇല്ലാതാക്കാനാവൂ.
ദൃശ്യ മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നതും അഭിലഷണീയമല്ല. സംസ്ഥാനം നിരവധി പ്രശ്നങ്ങളെ നേരിടുന്ന ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം ഇവിടം വിടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. മുഖ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലിലൂടെ 1,07513 കോടി രൂപ നഷ്ടമായെന്നാണ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത് ഒന്നിച്ച് നിന്ന് വാങ്ങിയെടുക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യാനാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അതൊന്നും കൈവിട്ട് പോകരുത്.അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കും. അതിന് അവരെ നന്നായി സേവിക്കാനാണ് കേന്ദ്ര-സംസ്ഥാന-പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.
