ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് നല്‍കുന്ന പഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ഐസിഎയുടെ 16-ാമത് ഏഷ്യ-പസഫിക് മേഖലാ അസംബ്ലിയില്‍ ആയിരുന്നു പ്രഖ്യാപനം.
ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് പ്രസിഡന്റ് ഡോ. ഏരിയല്‍ ഗ്വാര്‍ക്കോ അവാര്‍ഡ് സമ്മാനിച്ചു. സൊസൈറ്റി പ്രതിനിധി റ്റി. കെ. കിഷോര്‍ കുമാര്‍ അവാര്‍ഡ് റ്റുവാങ്ങി. ഐസിഎ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവ്, ഡയറക്ടര്‍ ബാലു ജി അയ്യര്‍, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീന്‍, ബീമാ സുബ്രഹ്‌മണ്യം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതികസുസ്ഥിരത എന്നിവ പരിപോഷിപ്പിച്ച് സഹകരണരംഗത്തു കാര്യമായ സ്വാധീനം ചെലുത്തിയ മുന്‍കൈകള്‍ പരിഗണിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സഹകരണമേഖലയിലെ വിദഗ്ധരും നേതാക്കളും ഉള്‍പ്പെട്ട അവലോകനസമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
