ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ നേരിടാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി ലോക രാജ്യങ്ങള്‍.കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന എഐ സേഫ്റ്റി സമ്മിറ്റില്‍ ഇന്ത്യ ഉള്‍പ്പടെ 29 രാജ്യങ്ങള്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. യുകെയിലെ ബക്കിങ്ഹാംഷയറിലെ ബ്ലെച്ലി പാര്‍ക്കില്‍ നടന്ന ആദ്യ എഐ സുരക്ഷാ സമ്മിറ്റില്‍ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
എഐ സാങ്കേതിക വിദ്യകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതും അതിന്റെ ഭീഷണികളും സാധ്യതകളും സംബന്ധിച്ചുള്ള അനിശ്ചിതത്വവും നിലനില്‍ക്കെ ഈ മേഖലയില്‍ വലിയരീതിയില്‍ നിക്ഷേപങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് എഐ ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ചും അവ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
മനുഷ്യന്റെ ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും മെച്ചപ്പെടുത്താനുമുള്ള കഴിവ് എഐക്ക് ഉണ്ടന്നെും എന്നാല്‍ ആ മേഖലകളില്‍ ഉള്‍പ്പടെ ദൈനം ദിന ജീവിതത്തില്‍ ഗുരുതരവും വിനാശകരവുമായി അത് മാറാനുള്ള സാധ്യതകളും കാണാതിരിക്കാന്‍ കഴിയില്ലെന്നും ലോകരാജ്യങ്ങള്‍ ഒരു പോലെ സമ്മതിച്ചു.
എഐ സൃഷ്ടിക്കുന്ന ഭീഷണികള്‍ തിരിച്ചറിയുക, ഭീഷണികള്‍ക്കനുസരിച്ചുള്ള രാജ്യങ്ങളുടെ നയരൂപീകരണം, എഐയുടെ സുരക്ഷ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗവേഷണ ശൃംഖലയ്ക്കുള്ള പിന്തുണ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.
ആധുനിക സാങ്കേതിക വിദ്യകളുടെ വികസനത്തിലും ഉപയോഗത്തിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, വിവരങ്ങള്‍ പങ്കുവെക്കുക, ഈ മേഖലയില്‍ സുതാര്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്തുക, പൊതു നന്മയ്ക്കും ഭീഷണികള്‍ കുറയ്ക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നീ വ്യവസ്ഥകളാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിലൂടെ രാജ്യങ്ങള്‍ അംഗീകരിച്ചത്.
എഐ പൊതുനന്മയ്ക്കും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുമെന്നും സുരക്ഷിതമായി, മനുഷ്യ കേന്ദ്രീകൃതമായി ഉത്തരവാദിത്വത്തോടെ അത് ഉപയോഗിക്കുമെന്നും രാജ്യങ്ങള്‍ പരസ്പരം ഉറപ്പുനല്‍കി.
വീട്, തൊഴില്‍, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, നീതി എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ മിക്ക മേഖലകളിലും എഐയുടെ വിന്യസം വര്‍ധിക്കാനിടയുണ്ട്. അതിനാല്‍ എഐ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ എല്ലാവര്‍ക്കുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണമെന്നും സമ്മിറ്റില്‍ പറയുന്നു.
ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഐയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, കെന്യ, കിങ്ഡം ഓഫ് സൗദി അറേബ്യ, നെതര്‍ലണ്ട്, നൈജീരിയ, ഫിലിപ്പീന്‍സ്, കൊറിയ, റുവാണ്ട, സ്പെയ്ന്‍, സ്വിറ്റ്സര്‍ലണ്ട്, തുര്‍ക്കി, യുക്രൈന്‍, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.